|    Jun 19 Tue, 2018 1:12 am
Home   >  Editpage  >  Lead Article  >  

ഹൗളുകളില്‍ താമര വിരിയുകയോ?

Published : 7th June 2016 | Posted By: SMR

ഒ അബ്ദുല്ല

ചളിക്കുളത്തിനു പകരം തലസ്ഥാന നഗരിയായ അനന്തപുരിക്കടുത്ത നേമത്ത് നടുറോട്ടില്‍ ഇത്തവണ താമര വിരിഞ്ഞു. തീരെ പരിമളമില്ലാത്ത, തണ്ടുണങ്ങിയ ഒരു വൃദ്ധതാമര. അറുപതും അറുപത്തഞ്ചും വയസ്സായ സ്ത്രീകള്‍ ടെസ്റ്റ്ട്യൂബിലൂടെ ഗര്‍ഭം ധരിച്ച് പ്രസവിച്ചാലുള്ളതുപോലത്തെ ഒരു ഇളിഭ്യത അവിടെ ജയിച്ച സംഘപരിവാര സ്ഥാനാര്‍ഥിയുടെ മുഖത്ത് പ്രകടം.
ദലിത് കീരന്‍ പറഞ്ഞതുപോലെ നേമത്ത് താമര വിരിയാന്‍ അല്‍പം കൈപ്പണി കൂടി വേണ്ടിവന്നതുകൂടിയാവാം മുഖത്തെ ഈ ജാള്യത. ദീര്‍ഘകാലമായി രോഗശയ്യയില്‍ കിടക്കുകയായിരുന്ന കെട്ടിയവള്‍ കൊറ്റിയുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന് ഒടുക്കം ഒരല്‍പം കൈപ്പണി വേണ്ടിവന്നുവെന്നായിരുന്നുവല്ലോ കീരന്റെ ഉത്തരം. അതായത്, കൊറ്റിയെ കക്ഷി കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന്. യുഡിഎഫിലെ ഘടകകക്ഷിയായ വീരേന്ദ്രകുമാറിന്റെ ജെഡിയു ചൂണ്ടിക്കാണിച്ചപോലെ കോണ്‍ഗ്രസ്സുകാര്‍ വോട്ട് മറിച്ച് ചെയ്തതുകൊണ്ടുമാത്രമാണ് നേമത്ത് സംസ്ഥാനത്തിന് എന്നന്നേക്കുമായി അപമാനം വരുത്തിവച്ച് താമര വിരിയല്‍ സംഭവിച്ചത്. ഇത്തവണത്തെ പാമ്പുകോണി മല്‍സരത്തില്‍, അഥവാ 2011ല്‍ യുഡിഎഫിനു ലഭിച്ച 20,000ല്‍പരം വോട്ട് ഇക്കുറി എങ്ങനെ 13,000ത്തിലേക്കു വീണു എന്നതിന്റെ വിശദീകരണം നമ്മെ കൊണ്ടെത്തിക്കുക കോണ്‍ഗ്രസ്സിന്റെ ഈ ചെകിടത്തടികിട്ടേണ്ട തോന്നിവാസത്തിലേക്കാണ്. വോട്ട് മറിക്കുകയും മകനെ കഴുത്തുഞെരിച്ചു കൊന്നിട്ടാണെങ്കിലും മരുമകളുടെ കണ്ണീരുകാണാന്‍ കൊതിക്കുകയും ചെയ്തതായ സംഭവം ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഒതുങ്ങുന്നതല്ല. എന്നാല്‍, അതിലേറ്റവും നഗ്നമായതും ഗൗരവമായതും കെ സുരേന്ദ്രന്‍ എന്ന ബിജെപിയുടെ തീനാവ് മല്‍സരിച്ച മഞ്ചേശ്വരത്തും രാജേട്ടന്‍ എന്നു ബിജെപിക്കാര്‍ വിളിക്കുന്ന ഒ രാജഗോപാല്‍ മല്‍സരിച്ച നേമത്തുമാണെന്നു മാത്രം.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ വിജയിപ്പിക്കാന്‍, അഥവാ മുസ്‌ലിം ലീഗിനെ തോല്‍പിക്കാന്‍ സുന്നികളിലെ എപി വിഭാഗം ഉസ്താദിന്റെ ഉപദേശമനുസരിച്ച് ഉല്‍സാഹിച്ചു പ്രവര്‍ത്തിച്ചുവെന്ന് വസ്തുനിഷ്ഠമായ കണക്കുകള്‍ ഉദ്ധരിച്ച് മറുഭാഗം സമര്‍ഥിക്കുന്നു. ഇതുകേട്ടപ്പോള്‍ പെട്ടെന്നു പറയാന്‍ തോന്നിയത് ‘ലാ ഹൗല വലാ ഖുവത്ത ഇല്ലാബില്ലാ’ എന്നാണ്. അപ്പോള്‍ എപിയും ഇകെയുമായി കളിച്ചുകളിച്ച് കേരളീയ മുസ്‌ലിം സമൂഹം തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ തുടങ്ങിക്കഴിഞ്ഞു. ഒ രാജഗോപാലും കെ സുരേന്ദ്രനും ഏതുതരം രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നറിയാന്‍ അറബി മലയാളത്തിലെഴുതിയ പത്തു കിത്താബുകള്‍ ഇല്ലാതെ പോയതാണോ കാരണം? വരക്കല്‍ മുല്ലക്കോയ തങ്ങളോ മൂത്തത്, മുല്ലക്കോയ തങ്ങള്‍ വരക്കലോ മൂത്തത് എന്ന തര്‍ക്കത്തില്‍ വിധിപറയാന്‍ രാജഗോപാലിന്റെയും സുരേന്ദ്രന്റെയും കൈയില്‍ സമുദായം അതിന്റെ ഭാവിഭാഗധേയമാവുന്ന അപ്പം ഏല്‍പിച്ചുകഴിഞ്ഞു എന്നു ചുരുക്കം. മാലപോയ അമ്മായി മാല ആര്‍ക്കു കളഞ്ഞുകിട്ടിയാലും മുസ്‌ല്യാന്‍മാര്‍ക്കു കിട്ടരുതേ തമ്പുരാനേ എന്നു പ്രാര്‍ഥിച്ചത് ഓര്‍മ വരുന്നു. അമ്മായി തന്നെ അതിന്റെ വിശദീകരണവും പറഞ്ഞു. എന്തിനും മുസ്‌ല്യാന്‍മാര്‍ക്ക് അവരുടേതായ വിശദീകരണമുണ്ടാവും. അങ്ങനെ കളഞ്ഞുകിട്ടിയ മാല അവര്‍ സ്വന്തമാക്കും. ഗുജറാത്തില്‍ ഗര്‍ഭിണികളുടെ വയറുചൂഴ്ന്ന് തൃശൂലത്തില്‍ ഗര്‍ഭസ്ഥശിശുവിനെ കുത്തിനിര്‍ത്തി അവസാനമത് തീക്കുണ്ഠത്തിലേക്കെറിഞ്ഞ സംഭവത്തെക്കുറിച്ച് രാജഗോപാല്‍ എന്ന രാജേട്ടന്‍ പ്രതികരിച്ചത്, ”ഹിന്ദു അവന്റെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു” എന്നാണല്ലോ. ഈ തിരിച്ചറിവ് കേരളത്തിലുള്ളവരുമായി ഷെയര്‍ ചെയ്യാനും ലൈക്ക് ചെയ്യാനും രാജഗോപാല്‍ജിയും കൂട്ടുകാരും ആഗ്രഹിക്കുന്നു. മുസ്‌ലിംകളില്‍ ഒരുവിഭാഗം അത്യാഹ്ലാദപൂര്‍വം അവരോടു സഹകരിക്കുന്നു. അതും എത്തരം ഒരു സന്ദര്‍ഭത്തില്‍? ഇസ്‌ലാമുമായി അന്തിമയുദ്ധത്തിന് സമയമായി എന്നു മോദി സര്‍ക്കാരിലെ ഒരംഗം പ്രഖ്യാപിക്കുന്ന, 2025 ഡിസംബര്‍ 31ാം തിയ്യതിയോടുകൂടി ഇന്ത്യയില്‍ ഇസ്‌ലാമിനെ തുടച്ചുനീക്കുമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് മറ്റൊരംഗം രംഗത്തുവരുന്ന സന്ദര്‍ഭത്തില്‍, അരക്കിലോ ആട്ടിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ച ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെടുന്നു. ഫോറന്‍സിക് ഡിപാര്‍ട്ട്‌മെന്റിന്റെ പരിശോധനയില്‍ അസന്ദിഗ്ധമായി തെളിഞ്ഞത് അഖ്‌ലാഖിന്റെ ഫ്രിഡ്ജിലെ മാംസം ആട്ടിന്റേതാണെന്നാണ്. എന്നാല്‍, എവിടെ നിന്നോ മറ്റൊരു കിലോ മാംസം വാങ്ങി ആനമയിലൊട്ടകം കളിച്ച് ശ്രീകൃഷ്ണന്റെ ജന്മനാടായ മഥുരയിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോള്‍ ആട് പശുവായി മാറുന്നു. നാല്‍ക്കാലികളെ അറുക്കാന്‍ മാത്രമല്ല, കൃഷിയാവശ്യാര്‍ഥം തെളിച്ചുകൊണ്ടുപോവുന്നതും തെറ്റ്. അത്തരക്കാര്‍ക്കുള്ള ശിക്ഷ തല്ലിക്കൊന്ന് വഴിയോരത്തെ മരക്കൊമ്പില്‍ മറ്റുള്ളവര്‍ക്കു പാഠമാവുമാറ് കെട്ടിത്തൂക്കലാണ്. മാംസാഹാരം കഴിക്കുന്നവരെ അതിര്‍ത്തിക്കപ്പുറത്ത് ഹോട്ടല്‍ ഡി കറാച്ചി കാണിച്ചുകൊണ്ടാണ് വിരട്ടല്‍.
ഏറ്റവുമൊടുവിലായി ഏകദൈവ വിശ്വാസത്തിന്റെ കഴുത്തിലാണ് സംഘപരിവാരം തടഞ്ഞുപിടിച്ചിരിക്കുന്നത്. നടന്‍ മമ്മൂട്ടി മൗലാനയെപോലെയുള്ളവരുടെ ദൃഷ്ടിയില്‍ കാര്യം നിസ്സാരമാവുമെങ്കിലും മുസ്‌ലിംകളെ അവരുടെ വിശ്വാസത്തിന്റെ കാതലായ തൗഹീദില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ പരിവാരം പതിനെട്ടടവും പ്രയോഗിക്കുന്നു. ദുര്‍ഗാദേവിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഭാരത് മാതാ കി ജയ് എന്ന് കലിമത്തുശിര്‍ക്ക് തൊപ്പിയിട്ട ഡല്‍ഹി പരിസരത്തെ മദ്‌റസയിലെ മുസ്‌ല്യാരുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ചു ചൊല്ലിച്ചുവിട്ടതിന്റെ പിന്നില്‍ കുടികൊള്ളുന്നത് മുസ്‌ലിംകളെ അവരുടെ വിശ്വാസത്തിന്റെ അകക്കാമ്പില്‍നിന്ന് അടര്‍ത്തിമാറ്റുകയെന്നതുതന്നെയാണ്. ഈ ജൂണ്‍ 21ന് രാജ്യവ്യാപകമായി ഒരു വിശ്വാസവിരുദ്ധ വിളംബരം നടക്കാന്‍ പോവുന്നു. യോഗ എന്ന വശ്യമായ ആരോഗ്യവര്‍ധക പരിപാടിയുടെ മറവില്‍ വിദ്യാര്‍ഥികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം സ്‌തോത്രം ചൊല്ലിക്കുന്നത് കൃത്യമായും മേല്‍പ്പറഞ്ഞ അജണ്ട മുന്‍നിര്‍ത്തിയാണ്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പ്രിയതമയുടെ ഫത്‌വ അനുസരിച്ച് ഈവക കൊടിയ ശിര്‍ക്കന്‍ നടപടിയില്‍ ഇസ്‌ലാം വിരുദ്ധമായ യാതൊന്നും ഇല്ലാതിരിക്കാം. കാരണം, ദീപസ്തംഭം അന്നും ഇന്നും എന്നും മഹാദ്ഭുതം തന്നെയാണ്. തന്റെ കെട്ടിയവന് സംഘപരിവാരം കനിഞ്ഞ് ലഭിച്ചേക്കാവുന്ന അടുത്ത ഊഴത്തെക്കുറിച്ച് ചിന്തിച്ച് വായില്‍ കപ്പലോടിക്കാന്‍ അത്തരം സാഷ്ടാംഗ അഭ്യാസങ്ങള്‍ ആവശ്യമായിരിക്കാം. പക്ഷേ, മരുഭൂമിയില്‍ ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ മലര്‍ത്തിക്കിടത്തി യജമാനന്റെ തീയില്‍ ചുട്ടെടുത്ത ഇരുമ്പുദണ്ഡുകൊണ്ടുള്ള പീഡനത്തെ വകവയ്ക്കാതെ, പതറാതെ ചെറുത്തുതോല്‍പിച്ച് നൂറ്റാണ്ടുകളിലൂടെ കൈമാറപ്പെട്ട തൗഹീദിന്റെ ദീപശിഖയെ തച്ചുകെടുത്താനുള്ള ശ്രമത്തെ എങ്ങനെ നമ്മുടെ പണ്ഡിതകേസരികള്‍ക്ക് കണ്ടുസഹിക്കാനാവുന്നു?
മഞ്ചേശ്വരത്ത് സുരേന്ദ്രനെ സഹായിക്കുമ്പോള്‍, നേമത്ത് രാജേട്ടനിലൂടെ താമര വിരിയിക്കുമ്പോള്‍ ശംസുല്‍ ഉലമയ്ക്കു പകരം ഖമറുല്‍ ഉലമയെ വാഴിക്കുകയല്ല മറിച്ച്, പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിക്കു പകരം അബൂജഹലിനെ പ്രതിഷ്ഠിക്കുകയാണ്. തല്‍ക്കാലം കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ കടന്നുകൂടാന്‍, വഖ്ഫ് ബോര്‍ഡില്‍ അംഗത്വം ലഭിക്കാന്‍, കസ്റ്റംസിലൂടെ കടന്നുപോരുമ്പോള്‍ പെട്ടി കെട്ടഴിക്കാതെ കടത്തിവിടാന്‍ ഇത്തരം പലതിനും രാജ-സുരേന്ദ്രപിള്ളമാരുടെ സഹകരണം സഹായിച്ചേക്കും. എന്നാല്‍, ഇന്ത്യയിലെ പരകോടി മുസ്‌ലിംകളുടെ ഏകദൈവവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ ഭീകര നടപടിയെക്കുറിച്ച് നാളെ ശംസിനെയും ഖമറിനെയും പടച്ച റബ്ബുല്‍ ആലമീന്‍ വിചാരണ ചെയ്യുമ്പോള്‍ എന്തായിരിക്കും നല്‍കാനുള്ള മറുപടി? മഞ്ചേശ്വരത്തും മണ്ണാര്‍ക്കാടും മറ്റും എപി വിഭാഗം സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ പേരില്‍ ആ വിഭാഗത്തിന്റെ നേരെയുള്ള സമീപനം കൂറേക്കൂടി കനപ്പിക്കേണ്ടിവരുമെന്ന സൂചന മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പനന്തര അവലോകനത്തില്‍ അടങ്ങിയതായി തോന്നി. കഴിഞ്ഞ ദിവസം ഇറങ്ങിയ ലീഗ് സെക്രട്ടറിയുടെ ലേഖനം ആ ധാരണ ശരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. അരുത് എന്ന് ഈയുള്ളവന്‍ ഇതിലൂടെ ഉറക്കെ വിളിച്ചുപറയട്ടെ. അടിസ്ഥാന ആദര്‍ശങ്ങളിലോ വിശദാംശങ്ങളിലോ ഒരുതരിമ്പും വ്യത്യാസമില്ലാത്ത രണ്ടു സുന്നി സംഘടനകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ചികഞ്ഞു പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം വരക്കല്‍ മുല്ലക്കോയ തങ്ങളോ മുല്ലക്കോയ തങ്ങള്‍ വരക്കലോ ഏറ്റവും വലിയ പണ്ഡിതന്‍ എന്ന ഒറ്റക്കാര്യത്തിലാണ്. അതിനാല്‍ തന്നെ അതിസൂക്ഷ്മമായ ആ വിടവുകളില്‍ വിരലിട്ടു വലുതാക്കുന്നതിനു പകരം ഭീതിജനകമായ ഉപയുക്ത സാഹചര്യത്തില്‍ സമുദായം കൂടുതല്‍ ചേര്‍ന്നും സഹകരിച്ചും ഇരിക്കുക മാത്രമാണു രക്ഷ.
ഇക്കാര്യത്തില്‍ മുസ്‌ലിം രാഷ്ട്രീയനേതൃത്വത്തെ കുറ്റപ്പെടുത്താന്‍ നിര്‍വാഹമില്ല. സംഭവത്തിലെ യഥാര്‍ഥ പ്രതി കാന്തപുരമല്ല. മറിച്ച്, ഔദ്യോഗികവിഭാഗം സമസ്തയിലെ രണ്ടാംനിരയാണ്. ഇക്കാര്യം ഖണ്ഠനഭയമില്ലാതെ തറപ്പിച്ചുപറയാന്‍ ഒരു പ്രയാസവുമില്ല. സമസ്ത രണ്ടായി പിളര്‍ന്നു. സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തം. ഔദ്യോഗിക വിഭാഗത്തോടു ചേര്‍ന്നുനില്‍ക്കുകയല്ലാതെ പിളര്‍പ്പിന്റെ തുടക്കത്തില്‍ അനിവാര്യമായ സാഹചര്യങ്ങളാല്‍ സമുദായത്തിന്റെ രാഷ്ട്രീയനേതൃത്വത്തിനു നിര്‍വാഹമുണ്ടായിരുന്നില്ല. എന്നാല്‍, ഒരു നിശ്ചിതഘട്ടത്തിനുശേഷം രണ്ടു വിഭാഗങ്ങളോടും പരമാവധി നീതിപുലര്‍ത്താനും നിഷ്പക്ഷത പാലിക്കാനും രാഷ്ട്രീയനേതൃത്വം വിവേകപൂര്‍വം ശ്രമിച്ചു. അതിന് ഫലവുമുണ്ടായി. 2011ലെ തിരഞ്ഞെടുപ്പില്‍ കാന്തപുരം ഗ്രൂപ്പിന്റെ പരസ്യമായ പിന്തുണയാല്‍ 2006ല്‍ വീണു നിലംപരിശായ ലീഗിന് ഉശിരോടെ ഉയര്‍ന്നെഴുന്നേല്‍ക്കാനും ഉമ്മന്‍ചാണ്ടിയുടെ മുമ്പാകെ ഒരുവര വരച്ച് ഒരു അഞ്ചാംമന്ത്രിയെ കൂടി അനുവദിച്ചാലല്ലാതെ തങ്ങള്‍ക്ക് ഒരടി മുമ്പോട്ടുവയ്ക്കാനാവില്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കായി. എന്നാല്‍, അനുകൂല രാഷ്ട്രീയ സാഹചര്യത്തില്‍ കാന്തപുരം ഗ്രൂപ്പിനെ ഒതുക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു ഔദ്യോഗിക സമസ്തയിലെ ഈ രണ്ടാംനിര. മുസ്‌ലിം ലീഗ് നേതൃത്വത്തെ കാന്തപുരത്തില്‍നിന്ന് കഴിയുന്നത്ര അകറ്റാന്‍ ആവുന്നതു യത്‌നിച്ചു.
അത്യപൂര്‍വം സന്ദര്‍ഭങ്ങളിലല്ലാതെ മുസ്‌ലിംലീഗ് മന്ത്രിമാരും ലീഗ് നിയമസഭാംഗങ്ങളും കാന്തപുരം ഗ്രൂപ്പിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുകയുണ്ടായില്ല. മുസ്‌ലിം ലീഗ് നേതൃത്വത്തിന് മനസ്സില്ലാഞ്ഞിട്ടല്ല. മറിച്ച്, സമസ്തയിലെ ഫൈസിമാരെ ഭയന്നിട്ടായിരുന്നു ഈ മാറിനടക്കല്‍. അധികാരം കൈയിലുണ്ടായിട്ടും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല എന്ന പരാതിയുമായി ലീഗ് നേതൃത്വത്തിനെതിരേ രംഗത്തുവന്ന രണ്ടാംനിര അതുകൊണ്ട് ഉദ്ദേശിച്ചത് അതിലൂടെ കാന്തപുരം ഗ്രൂപ്പിനെ ഒതുക്കലായിരുന്നു. മുസ്‌ലിം ലീഗ് നേതൃത്വം ഈ കെണിയില്‍ വീഴാതിരിക്കാന്‍ വലിയൊരളവോളം ശ്രമിച്ചുനോക്കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അവസാനം ഇകെ വിഭാഗത്തിലെ ഫൈസിത്രയങ്ങള്‍ വിരിച്ച വലയില്‍ അവര്‍ വീഴുകതന്നെ ചെയ്തു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പരസ്പരം തകര്‍ക്കുകയെന്ന ഇകെ, എപി വിഭാഗങ്ങളുടെ മതപരമായ ചേരിതിരിവുകളുടെ ലക്ഷ്യത്തിന്റെ പരിസമാപ്തിയാണ്. എന്താണ് ഭാവം എന്നാണ് ഈ രണ്ടുകൂട്ടരോടും സമുദായത്തിനു ചോദിക്കാനുള്ളത്. മുസ്‌ലിം ലോകം ഇന്നനുഭവിക്കുന്ന സകലമാന ദുരന്തങ്ങള്‍ക്കും കാരണം സുന്നി, ശിയാ വിഭാഗീയതയാണ്. പരിശുദ്ധ ഹറമൈനി ശരീഫൈനിയുടെ അടിക്കല്ല് മാന്തുന്നേടത്തേക്കുവരെ ഈ ഭിന്നത വളര്‍ന്ന് ഉഗ്രരൂപം പ്രാപിച്ചിരിക്കുന്നു. സൗദി അറേബ്യയെ വിട്ട് ഇറാനെ വരിക്കുന്ന അമേരിക്കന്‍ നയം ചെന്നവസാനിക്കുക മദീനക്കടുത്ത ഖൈബറിന്റെ കടം വീട്ടാന്‍ ഇസ്രായേല്‍ രാഷ്ട്രത്തിന് അവസരം നല്‍കിക്കൊണ്ട് വീണ്ടും ഒരു മിഡില്‍ ഈസ്റ്റ് യുദ്ധമാണ്. അതിലൂടെ തകരുന്നത് ലോക മുസ്‌ലിംകളുടെ പുണ്യസ്ഥലങ്ങളത്രെ. ചോദിക്കട്ടെ, ഈ ശിയാ-സുന്നി സംഘട്ടനംപോലെ ഇകെ-എപി പിളര്‍പ്പിനെയും വളര്‍ത്തിക്കൊണ്ടുവരാനാണോ നമ്മുടെ പണ്ഡിതകേസരികളുടെ ഭാവം? അതിനുവേണ്ടിയാണോ കുറേ ആളുകള്‍ താടി നീട്ടിവളര്‍ത്തി തലേക്കെട്ട് നന്നായി കെട്ടി ചെലവുകുടിയില്‍ നിന്ന് കോഴിയിറച്ചിയും പത്തിരിയുമടിച്ച് തടികൊഴുപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്? നിങ്ങളുടെ ഈ പോക്ക് എവിടെയാണ് ചെന്നവസാനിക്കുക? കോഴിക്കോട് ജില്ലയിലെ കക്കോവിനുശേഷം മലബാറിലെ ഏതെല്ലാം പള്ളികളിലെ വെള്ളിയാഴ്ച ദിവസത്തെ ജുമുഅ ആണ് നിങ്ങള്‍ മുടക്കാന്‍ ഉദ്ദേശിക്കുന്നത്? ഒരുകാര്യം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാവും. കാന്തപുരം ഇതിനകം ഒരു കള്‍ട്ട്ഫിഗറായി മാറിയിട്ടുണ്ടെങ്കിലും അദ്ദേഹം തീര്‍ത്തും അണ്‍ അഡ്ജസ്റ്റബിള്‍ ആെണന്നു പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ കടുത്ത ബെറ്റനുവ ആയ എന്നെപ്പോലുള്ളവരെപ്പോലും ആവശ്യം വരുമ്പോള്‍ അദ്ദേഹം സഹകരിപ്പിക്കാറുണ്ട്. ഇരുവിഭാഗം സുന്നികളോടും സമുദായത്തിലെ ഇതരവിഭാഗങ്ങളോടും ഒരേപോലെ വര്‍ത്തിക്കുന്ന രാഷ്ട്രീയനേതൃത്വത്തിനേ ഇന്നത്തെ പരിതസ്ഥിതിയില്‍ സമുദായത്തെ ഒന്നിപ്പിച്ചു കൊണ്ടുപോവാനാവൂ. പ്രാദേശിക ഘടകങ്ങളുടെ സമ്മര്‍ദ്ദഫലമായി നിലവിലെ രാഷ്ട്രീയനേതൃത്വത്തിന് പലപ്പോഴും വ്യത്യസ്ത വിഭാഗങ്ങളോട് തുല്യനീതി പാലിക്കാന്‍ കഴിയാറില്ല. ഈ അവസ്ഥ തിരുത്തണം. നിലനില്‍പിന്റെ ഭാഗമായി കാന്തപുരം നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ കണക്കിലെടുക്കേണ്ട. സമസ്തയിലെ രണ്ടാം (കുറുമ്പന്‍) നിര ഒരല്‍പം വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ രണ്ടുകൂട്ടരെയും ഒരു തീന്‍മേശയ്ക്കു ചുറ്റും ഇരുത്തുക, ഭായീന്‍ ഹാത്ത് കാ കാം ഹൈ.
ഒരു കാര്യം എടുത്തുപറയട്ടെ. മുസ്‌ലിംകള്‍ പൊതുവായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമിനെ അംഗീകരിക്കുകയും ആ നേതൃത്വം ഇരുകൂട്ടരോടും തുല്യ ദൂരത്തില്‍ പെരുമാറുകയും ചെയ്തുകൊണ്ട് ഒരു സമന്വയ നിലപാടിലേക്ക് മാറാത്തപക്ഷം അടുത്ത തവണ താമര വിരിയുന്നത് മുസ്‌ലിം പള്ളികളിലെ ഹൗളുകളിലായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss