|    Sep 26 Tue, 2017 3:57 am
FLASH NEWS

ഹോളോഗ്രാം പൂഴ്ത്തിവയ്ക്കുന്നതായി ആക്ഷേപം; പ്ലാസ്റ്റിക് നിരോധനം അട്ടിമറിക്കാന്‍ ശ്രമം

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തെ അട്ടിമറിക്കാന്‍ പ്ലാസ്റ്റിക് കാരിബാഗുകളില്‍ പതിക്കേണ്ട ഹോളോഗ്രാം വിതരണക്കാര്‍ പൂഴ്ത്തിവെക്കുന്നതായി ആക്ഷേപമുയരുന്നു. പ്ലാസ്റ്റിക് നിരോധത്തിന്റെ ഭാഗമായാണ് നഗരസഭ 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കാരിബാഗുകളില്‍ ഹോളോഗ്രാം ഒട്ടിച്ച് വിതരണം ചെയ്യണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. അതനുസരിച്ച് ഹോളോഗ്രാം മുദ്രകള്‍ നഗരസഭ വ്യാപാരികള്‍ക്ക് വിതരണം ചെയ്തിരുന്നു.  ഇതുവരെ 6,86,600 ചെറിയ ഹോളോഗ്രാമും 30,000 വലിയ ഹോളോഗ്രാമുകളും വിതരണം ചെയ്തു. എന്നാല്‍ അതിന്റെ പകുതി പോലും പ്ലാസ്റ്റിക് കവറുകളില്‍ പതിച്ച് ഉപഭോക്താക്കളുടെ പക്കല്‍ എത്തിയില്ലെന്നാണ് നഗരസഭ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കര്‍ശന പരിശോധന നടത്താന്‍ നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം തീരുമാനിച്ചു. നിരോധിത പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സ്‌ക്വാഡിന് തന്നെയാണ് ഇതിന്റെ പരിശോധനാ ചുമതലയും. പ്ലാസ്റ്റിക് കാരിബാഗുകളില്‍ പതിക്കാതെ പൂഴ്ത്തിവെച്ചിരിക്കുന്ന ഹോളോഗ്രാമുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്കും നഗരസഭ ആലോചിക്കുന്നുണ്ട്. മൂന്നുമാസം മുമ്പാണ് ഹോളോഗ്രാം കര്‍ശനമാക്കി നഗരസഭ ഉത്തരവിറക്കിയത്. അന്നുതന്നെ ഒരു വിഭാഗം വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നിട്ടും വ്യവസ്ഥ കര്‍ശനമാക്കിയെങ്കിലും പ്ലാസ്റ്റിക് നിരോധനം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന നീക്കമാണ് ഇതെന്നാണ് സംശയം. നഗരസഭയിലെ തന്നെ ചിലരുടെ ഒത്താശ ഇതിനുണ്ടെന്നും ആക്ഷേപമുണ്ട്. അതേസമയം നിരോധിച്ച 50 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ നഗരത്തില്‍ പലയിടത്തും ലഭിക്കും. വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കനംകുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നഗരസഭ ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക