|    Jan 18 Wed, 2017 9:41 pm
FLASH NEWS

ഹോര്‍ട്ടികോര്‍പ്പിന്റെ തട്ടിപ്പ് പിടികൂടി; കൃഷിമന്ത്രിയുടെ മിന്നല്‍പരിശോധന

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടികോര്‍പ് സംഭരണ വിതരണശാലയില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ മിന്നല്‍ പരിശോധന. മാര്‍ക്കറ്റില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ പച്ചക്കറികളാണ് വില്‍ക്കുന്നതെന്ന പരാതിയെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ പരിശോധന. രാവിലെ ആറരയോടെ മാര്‍ക്കറ്റിലെത്തിയ മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിക്കൊള്ള നേരിട്ടുകണ്ടു. വന്‍ തട്ടിപ്പാണ് ഇവിടെ നടന്നുവരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ പച്ചക്കറിയുമായെത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷ മന്ത്രി കൈയോടെ പിടികൂടുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ നിന്ന് വലിയ ലോറികളിലെത്തുന്ന പച്ചക്കറികള്‍ റോഡരികില്‍ നിറുത്തി ചെറിയ വണ്ടികളിലേക്ക് മാറ്റി വേള്‍ഡ് മാര്‍ക്കറ്റിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചതെന്ന രീതിയിലാണ് ഇവിടെ ഇത് ഇറക്കിവില്‍ക്കുന്നത്. ഇത്തരമൊരു വാഹനത്തെയാണ് മന്ത്രി നേരിട്ടു പിടികൂടിയത്. അവരെ ചോദ്യം ചെയ്തപ്പോള്‍ അത് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയാണെന്ന് വ്യക്തമായി. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല.
ഹോര്‍ട്ടികോര്‍പ് നേരിട്ട് നടത്തുന്ന ആനയറ മാര്‍ക്കറ്റില്‍ ഉദ്ദേശിച്ച കാര്യമല്ല നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്നാംകിട നിലവാരമുള്ള പച്ചക്കറി ഉല്‍പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. കര്‍ഷകരില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നതിന്റെ രേഖകളൊന്നും ഇവിടെ കാണാന്‍ സാധിച്ചില്ല. ജൈവ പച്ചക്കറികള്‍ എന്ന ലേബലിലാണ് ചാലയില്‍ നിന്നും മറ്റും കുറഞ്ഞവിലയ്ക്ക് എത്തിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്നത്. ഇത് ഗൗരവകരമായ വിഷയമാണ്. ഇടനിലക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്നു നേരിട്ടു വാങ്ങുന്ന വിഷവിമുക്തമായ പച്ചക്കറികള്‍ വിറ്റഴിക്കുന്നതിനാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ആരംഭിച്ചത്. എന്നാല്‍, ഇടനിലക്കാര്‍ വഴി തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറികളാണ് ഇവിടെ വിറ്റഴിക്കുന്നത്. വേള്‍ഡ് മാര്‍ക്കറ്റില്‍ സ്ഥിരമായി പച്ചക്കറി വിതരണം ചെയ്യുന്ന രണ്ടുപേരുടെ നമ്പറില്‍ മന്ത്രി നേരിട്ട് വിളിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ കള്ളത്തരം പുറത്തുവന്നത്.
പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടത്തെ ഒരു ആവശ്യക്കാരനെന്ന രീതിയില്‍ മന്ത്രി ഇവരോട് സംസാരിച്ചത്. പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എത്ര വേണമെങ്കിലും തരാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. വേള്‍ഡ് മാര്‍ക്കറ്റിലേക്ക് പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞ ഇയാളോട് കര്‍ഷകനാണോ എന്ന് മന്ത്രി ചോദിച്ചപ്പോള്‍ മൊത്തക്കച്ചവടക്കാരനാണെന്നായിരുന്നു മറുപടി. നാഗര്‍കോവിലിലെ മൊത്തക്കച്ചവടക്കാരനായ മറ്റൊരാളേയും മന്ത്രി വിളിച്ചു. 32 ഇനം പച്ചക്കറികളാണ് ഇയാള്‍ വേള്‍ഡ് മാര്‍ക്കറ്റിലേക്ക് വിതരണം ചെയ്യുന്നത്. തട്ടിപ്പും അഴിമതിയും നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും രജിസ്റ്ററുകളും മന്ത്രിയും സംഘവും പിടിച്ചെടുത്തു. ഇത് പരിശോധിക്കുന്നതോടെ വന്‍ അഴിമതിയാവും പുറത്തുവരിക. കര്‍ഷകരില്‍ നിന്ന് കിട്ടാത്ത പച്ചക്കറികളാണ് പുറത്തുനിന്ന് വാങ്ങുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന കര്‍ഷകരുടെ പരാതിയെത്തുടര്‍ന്നാണ് കൃഷി മന്ത്രി നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. കൃഷിക്കാരില്‍ നിന്ന് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്കു വില വര്‍ധിക്കുന്നതു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 493 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക