|    Jul 24 Mon, 2017 4:23 pm
Home   >  Todays Paper  >  Page 4  >  

ഹോമിയോപ്പതി വകുപ്പ്: ലാസ്റ്റ് ഗ്രേഡ് അറ്റന്‍ഡര്‍ തസ്തികയില്‍ സ്വന്തക്കാരെ നിയമിക്കാന്‍ നീക്കം

Published : 15th August 2016 | Posted By: SMR

കൊച്ചി: ഹോമിയോപ്പതി വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് അറ്റന്‍ഡര്‍ തസ്തികയില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുന്നു. പിഎസ്‌സി മുഖേന നേരിട്ടുള്ള സ്ഥിരം നിയമനത്തിലാണ് ഇത്തരത്തില്‍ നീക്കം നടക്കുന്നത്. വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കി, ഹോമിയോപ്പതി തിരുവനന്തപുരം ഡയറക്ടറേറ്റിലും ജില്ലാ ഓഫിസുകളിലുമുള്ള ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും മറ്റും നിയമിക്കാനുള്ള കരുനീക്കമാണ് നടക്കുന്നത്.
ഹോമിയോപ്പതി വകുപ്പില്‍ 8730 – 13540 ശമ്പള സ്‌കെയിലില്‍ കാറ്റഗറി നമ്പര്‍ 92/2016 അറ്റന്‍ഡര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് 2016 മെയ് 12ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2016 ജൂണ്‍ 15 ആയിരുന്നു അപേക്ഷ സ്വീകരിച്ച അവസാന തിയ്യതി. ഗ്രേഡ് 2 തസ്തികയ്ക്ക് എസ്എസ്എല്‍സിയാണ് സാധാരണയായി ആവശ്യപ്പെടാറുള്ള യോഗ്യത. എന്നാല്‍, ഇത്തവണ  ഹോമിയോപ്പതിയില്‍ ഫാര്‍മസിസ്റ്റായുള്ള പരിചയ സര്‍ട്ടിഫിക്കറ്റ് കൂടി നിശ്ചയിച്ചിരിക്കയാണ്.
സര്‍ക്കാര്‍ ആശുപത്രി, ഡിസ്‌പെന്‍സറി അല്ലെങ്കില്‍ സ്വകാര്യ ആശുപത്രി/ഡിസ്‌പെന്‍സറി ഇവയിലേതെങ്കിലും ഒരു സ്ഥാപനത്തിലുള്ള എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയമാണ് വേണ്ടത്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ കുറയാത്ത യോഗ്യതയുള്ള മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഫാര്‍മസിസ്റ്റ് തസ്തികയേക്കാള്‍ താഴെയുള്ള ജോലിക്കാണ് ഫാര്‍മസിയില്‍ പരിചയ സര്‍ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജോലിക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികളില്‍ ഏറെയും നല്‍കിയ ജോലി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ ലേബര്‍ വകുപ്പില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുകയും വര്‍ഷം തോറും ഫീസടച്ച് രജിസ്‌ട്രേഷന്‍ പുതുക്കുകയും വേണമെന്നാണ് ചട്ടം.
ഇത്തരത്തില്‍ നിയമം കര്‍ശനമായി പാലിക്കുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയുള്ളത്. എന്നാല്‍, സംസ്ഥാനത്തെ അധികം ഡിസ്‌പെന്‍സറികളിലും ഇത് പാലിക്കാറില്ല. അതുകൊണ്ട്തന്നെ ഹോമിയോ ഡോക്ടര്‍മാര്‍ പണം വാങ്ങി വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായാണ് ആക്ഷേപം.
കാറ്റഗറി നമ്പര്‍ 92/2016ല്‍ പിഎസ്‌സി അപേക്ഷ സ്വീകരിച്ചവയില്‍ ഏറെയും വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റുകളാണെന്നും, അതേക്കുറിച്ച് അന്വേഷണം വേണമെന്നും നിയമനം തടയുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിയമ വിരുദ്ധമായുള്ള നിയമനങ്ങള്‍ ഹോമിയോപ്പതി വകുപ്പില്‍ പതിവാണെന്ന ആക്ഷേപം മുമ്പ് തന്നെയുണ്ട്. കൊല്ലം ജില്ലയിലെ ഒരു ഹോമിയോപ്പതി ഡയറക്ടര്‍ 10,000 രൂപ വീതം വാങ്ങി 10 ഫാര്‍മസിസ്റ്റുകള്‍ക്ക് വ്യാജ സര്‍ടിഫിക്കറ്റിന്മേല്‍ നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഭവം. എങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് കൗതുകകരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക