|    Jul 22 Sun, 2018 6:28 pm
FLASH NEWS

ഹോട്ടല്‍ തൊഴിലാളിയുടെ കൊലപാതകം: മോഷണക്കേസ് പ്രതി പിടിയില്‍

Published : 13th September 2017 | Posted By: fsq

 

പയ്യന്നൂര്‍: ഹോട്ടല്‍ തൊഴിലാൡയായ മാതമംഗലം കോയിപ്രയിലെ കെ സി ശ്രീധര(35)നെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസില്‍ പ്രതി പിടിയില്‍. പയ്യന്നൂരിലെ നിരവധി മോഷണക്കേസിലെ പ്രതിയായ പത്തനംതിട്ട സ്വദേശി നടവളപ്പില്‍ ചന്ദ്രന്‍(40) ആണ് പിടിയിലായത്. സംഭവ ദിവസം പുലര്‍ച്ചെ മോഷ്ടാവ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നു ചെയ്ത ഫോണ്‍ കോളുകളാണ് കേസില്‍ വഴിത്തിരിവായത്. പയ്യന്നൂര്‍ സിഐ എം പി ആസാദ്, എഎസ്‌ഐ എന്‍ കെ ഗിരീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ് അരവഞ്ചാല്‍, കെ രാഘവന്‍, സിവില്‍ പോലിസ് ഓഫിസര്‍ രതീഷ് എന്നിവരടങ്ങിയ സംഘം നടത്തിയ തന്ത്രപരമായ നീക്കമാണ് കൊലപാതകം നടന്ന് 18 ദിവസത്തിനകം പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.കൊലപാതകത്തിനു ശേഷം രാവിലെ പ്രതി തീവണ്ടിമാര്‍ഗം എറണാകുളത്തേക്ക് കടക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ തിരിച്ചറിഞ്ഞ കേസന്വേഷണ സംഘം ഇയാളെ പിന്തുടര്‍ന്നുപിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 25നു രാവിലെയാണ് ഹോട്ടല്‍ തൊഴിലാളിയായ ശ്രീധരന്റെ മൃതദേഹം റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാം നമ്പര്‍ ട്രാക്കില്‍ നാട്ടുകാര്‍ കണ്ടത്. തുടക്കം മുതല്‍ തന്നെ മരണം കൊലപാതകമാണെന്ന സുചനയുണ്ടായിരുന്നു. സംഭവ ദിവസം പാലക്കാട്ടെ ജോലി സ്ഥലത്തുനിന്ന് പയ്യന്നൂരിലെത്തിയ കൊടക്കാട് സ്വദേശി കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ രാധയുടെ ബാഗും പണവും റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ച് മോഷണം പോയിരുന്നു. രാധ ബാത്ത്്‌റുമില്‍ പോയ സമയത്ത് വിശ്രമ മുറിയില്‍ ഉണ്ടായിരുന്ന രണ്ട് പുരുഷന്‍മാരില്‍ ഒരാള്‍ അപ്രത്യക്ഷനായിരുന്നു. മറ്റേത് യാത്രക്കാരനായ മലപ്പുറത്തെ ഉസ്താദിനെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചക്കാരന്റെ വ്യക്തമായ രൂപം പോലിസിന് ലഭിച്ചത്. ബാഗ് നഷ്ടപ്പെട്ട വീട്ടമ്മയും ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് കേസന്വേഷണം സുഗമമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss