|    Nov 13 Tue, 2018 10:07 pm
FLASH NEWS

ഹോട്ടലുടമയുടെ പണവുമായി മുങ്ങിയയാള്‍ പിടിയില്‍

Published : 11th August 2018 | Posted By: kasim kzm

കൊരട്ടി: മുരിങ്ങൂരിലും കറുകുറ്റിയിലും ഹോട്ടല്‍ ബിസിനസ് നടത്തുന്ന കൂടപ്പുഴ സ്വദേശി ശരവണകുമാറിന്റെ ഒരുലക്ഷത്തോളം രൂപയുമായി മുങ്ങിയ കൊടുങ്ങല്ലൂര്‍ ഏറിയാട് കൊട്ടിക്കല്‍ സ്വദേശി പുത്തന്‍മാളിയേക്കല്‍ വീട്ടില്‍ ഷിജുവിനെ (46) കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുബീഷ്‌മോനും സംഘവും തൃശൂരിലെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടി.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടല്‍ ജോലിക്കായി ശരവണകുമാറിനെ സമീപിച്ച് ജോലി നേടിയ ഷിജു ചുരുങ്ങിയ സമയം കൊണ്ട് ഹോട്ടലുടമയുടെ വിശ്വസ്തനായി മാറുകയായിരുന്നു. ക്രമേണ ഹോട്ടലുകളിലേക്ക് പലചരക്കുകളും പച്ചക്കറികളും വാങ്ങുന്നതിന് ഉടമയെ സഹായിക്കാനും ഷിജു നിയോഗിക്കപ്പെട്ടു.
വളരെ വിനീതനും വാചാലനുമായി അഭിനയിച്ച ഷിജു, പച്ചക്കറികളും പലചരക്കുകളും വളരെകുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചു തരുന്ന ചേലക്കര സ്വദേശിയായ ഒരാളെ തനിക്കറിയാമെന്നും അയ്യാളുടെ പക്കല്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ വാങ്ങാമെന്നും അതിന് രണ്ടുലക്ഷത്തോളം രൂപയാണ് വിപണി വിലയെന്നും മറ്റും ഹോട്ടലുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷിജു ഉടമയോടൊത്ത് ചേലക്കരക്ക് പണവുമായി കറുകുറ്റിയില്‍ നിന്ന് പുറപ്പെട്ടത്. ഇടക്ക് മുരിങ്ങൂരിലെ ഹോട്ടലില്‍ കയറിയ സമയത്താണ് ഷിജു പണവുമായി മുങ്ങിയത്. തുടര്‍ന്ന് ശരവണകുമാര്‍ കൊരട്ടി പോലിസ് സ്‌റ്റേഷനിലെത്തി സബ് ഇന്‍സ്‌പെക്ടര്‍ സുബീഷ്‌മോന്റ്റെയടുത്ത് പരാതിപ്പെടുകയായിരുന്നു. ഉടന്‍ ഷിജുവിന്റെ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണമാരംഭിച്ചു. ഷിജുവിന്റെ സ്വദേശത്ത് അന്വേഷിച്ച് ഭാര്യയെ കണ്ടെത്തി അവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവില്‍ തൃശൂരിലാണ് ഷിജുവുള്ളതെന്നു കണ്ടെത്തിയതും ലോഡ്ജുകളില്‍ നടത്തിയ പരിശോധന വിജയം കണ്ടതും. പണം മുഴുവനും ആര്‍ഭാടജീവിതത്തിനായി ചിലവാക്കിയെന്ന് പോലിസ് സംഘം കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തില്‍ അഡീഷനല്‍ എസ്‌ഐ വര്‍ഗീസ്, എഎസ്‌ഐ ഷാജു എടത്താടന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പിഎം മൂസ, ഷിജോതോമസ്, സീനീയര്‍ സിപിഒ ബിജു എംബി, സിപിഒമാരായ റെജി എയു, ജിബി ടിസി, സലേഷ് പിഎ, ഹോംഗാര്‍ഡ് ജയന്‍ എന്നിവരുമുണ്ടായിരുന്നു. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss