|    Oct 17 Wed, 2018 7:12 pm
FLASH NEWS

ഹോട്ടലുകള്‍ ഇന്ന് അടച്ചിടും; കോര്‍പറേഷനില്‍ രാഷ്ട്രീയ പോര്

Published : 13th September 2017 | Posted By: fsq

 

കണ്ണൂര്‍:  നഗരത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ശുചിത്വ നിലവാരം  ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധന ഊര്‍ജിതമായി നടക്കുമ്പോഴും നടപടിക്കെതിരേ കോര്‍പറേഷനില്‍ രാഷ്ട്രീയപോര്. ഭരണസമിതിയിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഹോട്ടലുകള്‍ക്ക് അനുകൂലമായി നിലപാടെടുക്കുമ്പോള്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടിയുമായി മുന്നോട്ടുപോവുകയാണ്. അതേസമയം, നഗരത്തിലെ റീമ, റോയല്‍, ഗീത, സുപ്രഭാതം റസ്റ്റോറന്റുകളുടെ ലൈസന്‍സ് റദ്ദാക്കിയതിന്റെ പേരിലും അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചും ഇന്നു കോര്‍പറേഷന്‍ പരിധിയിലെ 200ഓളം ഹോട്ടലുകളും റസ്‌റ്റോറന്റുകളും 24 മണിക്കൂര്‍ അടച്ചിട്ട് സമരം നടത്തുമെന്നു ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണു കോര്‍പറേഷന്‍ പരിശോധന നടത്തുന്നത്. എന്നാല്‍ പരമ്പരാഗതമായുള്ള ഹോട്ടലുകള്‍ക്കു നേരെ പെട്ടെന്നു നടപടിയെടുത്തതിനെതിരേ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി ഇന്ദിര തന്നെ രംഗത്തെത്തിയതോടെ വിവാദം പുതിയ വഴിത്തിരിവില്‍.ഓണത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധനയ്ക്കു നേതൃത്വം കൊടുത്ത അധ്യക്ഷ തന്നെയാണ് ഇപ്പോള്‍ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ക്ക് അനുകൂലമായി രംഗത്തെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ശുചിത്വക്കുറവ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 15 ദിവസം കൊണ്ട് ഇത്തരം ഹോട്ടലുകള്‍ക്ക് എതിരേ നടപടിയെടുക്കാനാവില്ലെന്നും കോര്‍പറേഷനാണ് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടതെന്നുമാണ് അഡ്വ. പി ഇന്ദിരയുടെ വാദം. ഈ ഹോട്ടലുകളിലെ കക്കൂസ് മാലിന്യം റോഡില്‍ തള്ളുന്നുവെന്നാണ് റിപോര്‍ട്ട്. പ്രസ്തുത ഹോട്ടലുകളില്‍ കക്കൂസ് പോലുമില്ലെന്നും ഇവര്‍ പറഞ്ഞു.എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മേയര്‍ ഇ പി ലത പറഞ്ഞു. ആവശ്യമാണെങ്കില്‍ ഹോട്ടലുടമകളെ വിളിപ്പിച്ച് ചര്‍ച്ചചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ഓവുചാലിലേക്കും റോഡുകളിലേക്കും മലിനജലം ഒഴുക്കിവിടുന്ന നഗരത്തിലെ അഞ്ചു ഹോട്ടലുകളുടെ ലൈസന്‍സാണ്് കഴിഞ്ഞദിവസം റദ്ദാക്കിയത്. അതില്‍ ഒരു ഹോട്ടല്‍ പ്രശ്‌നം പരിഹരിച്ചു തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു നാലു ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. മലിനജലം ഓവുചാലുകളിലേക്ക് കടത്തിവിടലല്ലാതെ ചെറുകിട ഹോട്ടലുകള്‍ക്ക് ബദല്‍സംവിധാനമുണ്ടാക്കാന്‍ പ്രയാസമാണെന്നാണ് നടപടിക്ക് വിധേയമായ ഹോട്ടല്‍ അധികൃതരുടെ വാദം. ഇതുതന്നെയാണ് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയും ആവര്‍ത്തിക്കുന്നത്. ഓരോ സ്ഥാപനവും അവയില്‍നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പദ്ധതിയുണ്ടാക്കണമെന്ന നിബന്ധന അവയുടെ രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍തന്നെ ഉള്ളപ്പോഴാണ് മിക്ക സ്ഥാപനങ്ങളും ഇതു പാലിക്കാതെ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും മോട്ടോര്‍ വച്ചും അല്ലാതെയും മലിനജലം ഓവുചാലിലേക്കും റോഡിലേക്കും തുറന്നുവിടുകയും ചെയ്യുന്നത്്. എന്നാല്‍ ഉപയോഗ ശൂന്യമായ വെള്ളം മാത്രമാണ് ഓടയിലേക്കു ഒഴുക്കിവിടുന്നതെന്നും അതില്‍ ഖരമാലിന്യങ്ങള്‍ ഉണ്ടാവാറില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു. കുഴിയെടുത്ത് ഭൂമിയിലേക്ക് മലിനജലം ഒഴുക്കിവിട്ടാല്‍ അവ സമീപപ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളുമായി കലര്‍ന്നു പാരിസ്ഥിതിക പ്രശ്‌നമുണ്ടാവുന്നു. അതിനാല്‍ ഓടയിലേക്ക് മലിനജലം കടത്തിവിടാതെ നിര്‍വാഹമില്ല. പകരം സീവേജ് സംവിധാനം ഉണ്ടാക്കണമെന്നു വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയെടുക്കാതെ സ്ഥാപനങ്ങള്‍ അടച്ചിടുകയെന്ന ധിക്കാര സമീപനമാണ് കോര്‍പറേഷന്‍ സ്വീകരിക്കുന്നതെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss