|    Feb 24 Fri, 2017 12:37 am

ഹോട്ടലുകളില്‍ തോന്നിയ വില; ഉപഭോക്താക്കള്‍ക്ക് ദുരിതം

Published : 24th October 2016 | Posted By: SMR

കാസര്‍കോട്: ഹോട്ടലുകളില്‍ ഭക്ഷണത്തിന് തോന്നിയ വില ഈടാക്കുന്നു. ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ക്ക് ഇത് കനത്ത ദുരിതമായി. നഗരത്തിലെ മിക്ക ഹോട്ടലുകളിലെയും ഭക്ഷണത്തിന്റെ വിലയില്‍ ഏകീകരണമില്ല. ചായക്ക് പത്ത് രൂപ മുതല്‍ 12 രൂപ വരെയാണ് ഓരോ ഹോട്ടലുകളിലും ഈടാക്കുന്നത്. സ്‌പെഷ്യല്‍ ചായക്ക് 15 രൂപ ഈടാക്കുന്ന ഹോട്ടലുകളുമുണ്ട്. നേരത്തെ ആറ് രൂപയുണ്ടായിരുന്ന കട്ടന്‍ചായയുടെ വില ചില ഹോട്ടലുകളില്‍ 10 രൂപ വരെ ഈടാക്കുന്നുണ്ട്. ഊണിന്റെ വിലയും തോന്നിയത് പോലെയാണ്. നേരത്തേ 30 രൂപയുണ്ടായിരുന്ന ഊണിന്റെ വില 40 ഉം 50ഉം 60ഉം രൂപയില്‍ എത്തിയിരിക്കുകയാണ്.  പൊരിച്ച മല്‍സ്യത്തിനും വിലയ്ക്ക് ഏകീകരണമില്ല. മല്‍സ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളില്‍ വില പ്രദര്‍ശിപ്പിച്ചിട്ടില്ല. നേരത്തെ ഊണിന്റെ കൂടെ നാല് കൂട്ടം കറികള്‍ ഉണ്ടായിരുന്നെങ്കിലും അത് രണ്ടായി കുറച്ചിരിക്കുന്നു. പൊറോട്ടയ്ക്കും ഓരോ ഹോട്ടലുകളില്‍ ഓരോ വിലയാണ്. നേരത്തെയുണ്ടായിരുന്ന പൊറോട്ടയുടെ വലിപ്പം കുറഞ്ഞെങ്കിലും വില കൂടിയിട്ടുണ്ട്. ദോശ, ഇഡലി, വട തുടങ്ങിയ പലഹാരങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കോഴിക്കറി, മീന്‍കറി, മാട്ടിറച്ചി എന്നിവയ്ക്കും വില തോന്നിയതുപോലെയാണ്. കൂണ്‍പോലെ ഹോട്ടലുകള്‍ മുളച്ചുപൊന്തുമ്പോഴും സാധാരണക്കാര്‍ക്ക് ആശ്വാസമായിട്ടുള്ള തട്ടുകടകളില്‍പോലും കൊള്ളവിലയാണ് ഈടാക്കുന്നത്. ചില ഹോട്ടലുകളില്‍ വൃത്തിഹീനമായ അന്തരീക്ഷമാണുള്ളതെന്ന് നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അടുക്കള ഭാഗം വൃത്തിഹീനവും ബാക്കിവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിറ്റേദിവസം ചൂടാക്കി നല്‍കുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഹോട്ടലുകളില്‍ വിലവര്‍ദ്ധിപ്പിക്കേണ്ടിവരുന്നതെന്നാണ് ഉടമകളുടെപക്ഷം. കടല, പരപ്പ്, പയര്‍ വര്‍ഗങ്ങള്‍ മല്‍സ്യ, മാംസങ്ങള്‍, പഞ്ചസാര എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. പഞ്ചസാരത്ത് ഇപ്പോള്‍ 42 രൂപയോളം എത്തിയിരിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ഇതുകൊണ്ടാണ് ചായക്ക് വില കൂട്ടിയത്. എന്നാല്‍ കട്ടന്‍ചായക്ക് ആറ് രൂപ ഈടാക്കണമെന്ന് ജില്ലാ ഭരണകൂടം നിരവധി തവണ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പല ഹോട്ടലുകളിലും ഭക്ഷണങ്ങളുടേയും ചായയുടേയും വില ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതെ തോന്നുന്ന പോലെ ഈടാക്കുന്നതായാണ് പരാതി. പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഒരു ഹോട്ടലില്‍ ഓരോ ആഴ്ചയിലുമാണ് വില വര്‍ദ്ധിപ്പിക്കുന്നത്. പച്ചക്കറി വിഭവങ്ങള്‍ നല്‍കുന്ന ഇവിടെ ചായക്കും ലഘുപലഹാരത്തിനും 30ഓളം രൂപയാണ് ഈടാക്കുന്നത്. ഊണിനും തോന്നിയ പോലെയാണ് ഇവിടെ വില. സ്റ്റാര്‍ ഹോട്ടലുകള്‍ നഗരത്തില്‍ കുറവാണെങ്കിലും ഇതിന്റെ മറപിടിച്ചാണ് പല ഹോട്ടലുകളിലും വില ഈടാക്കുന്നത്. അമിത വില വര്‍ദ്ധനവിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക