|    Nov 24 Fri, 2017 8:01 pm
FLASH NEWS

ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ് നിര്‍മാണ പദ്ധതി കടലാസിലൊതുങ്ങി

Published : 5th June 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ് നിര്‍മാണ പദ്ധതി വീണ്ടും കടലാസിലൊതുങ്ങി.നാലുവര്‍ഷം മുമ്പാണ് സ്ഥലസൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന ഹൊസ്ദുര്‍ഗിലെ കോടതികള്‍ക്ക് സൗകര്യപ്രദമായ കെട്ടിടമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ പദ്ധതി തയ്യാറാക്കിയത്. ഇതിന് വേണ്ടി ആദ്യം അമ്പലത്തുകരയിലും അരയി ഗുരുവനത്തും സ്ഥലം പരിശോധന നടത്തിയെങ്കിലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് നിലവിലുള്ള ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്‌സിലെ തന്നെ പഴയ ഓടിട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി മൂന്നുനിലകളിലായി പുതിയ കെട്ടിടസമുച്ഛയം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് വിവരമൊന്നുമില്ല. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്), (രണ്ട്) കോടതികള്‍, സബ് കോടതി, മുന്‍സിഫ് കോടതി എന്നിവയും ഇപ്പോള്‍ ബ്ലോക്കാഫിസ് കെട്ടിടത്തിനകത്ത് താല്‍ക്കാലികമായി ആഴ്ചയില്‍ ഒരുദിവസം പ്രവര്‍ത്തിക്കുന്ന കുടുംബകോടതി, നിര്‍ദ്ദിഷ്ട എംഎസിടി കോടതി എന്നിവയാണ് പുതിയകോടതി കോംപ്ലക്‌സില്‍ വിഭാവനം ചെയ്തിരുന്നത്. മൂന്നുനിലകളിലായി കെട്ടിടം പണിപൂര്‍ത്തിയാക്കിയാല്‍ ഇത് യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. ഇതിന് തൊട്ടടുത്ത് തന്നെയാണ് ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ക്വാര്‍ട്ടേഴ്‌സുകളെന്നതും കോടതി കെട്ടിടം ഇവിടെ തന്നെ നിര്‍ദ്ദേശിക്കാന്‍ കാരണമായിരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് നിലവിലുള്ള പഴയകോടതി കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കും ചോര്‍ന്നൊലിക്കുന്നത് തടയുന്നതിനും ചെലവഴിക്കുന്നത്. എന്നിട്ടും ബന്ധപ്പെട്ടവര്‍ പുതിയ കെട്ടിടപദ്ധതി ഫയലുകള്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക