|    Apr 24 Tue, 2018 2:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹൊറിസോന്റെയില്‍ ക്ലാസിക് ബ്രസീല്‍

Published : 12th November 2016 | Posted By: SMR

ബെലോ ഹൊറിസോന്റെ: രണ്ടു വര്‍ഷം മുമ്പ് തങ്ങളെ കരയിച്ച അതേ വേദിയില്‍ ബ്രസീലിന്റെ വിജയനൃത്തം. 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടിലെ ക്ലാസിക് പോരില്‍ ചിരവൈരികളായ അര്‍ജന്റീനയെ മുക്കിയാണ് ബ്രസീല്‍ ദുരന്തത്തിന്റെ മുറിവുണക്കിയത്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ ആധികാരിക ജയമാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മഞ്ഞപ്പട ആഘോഷിച്ചത്. ഇതേ ഗ്രൗണ്ടില്‍ വച്ച് 2014ലെ ലോകപ്പിന്റെ സെമി ഫൈനലില്‍ ബ്രസീല്‍ 1-7നു ജര്‍മനിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞിരുന്നു.
ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ അര്‍ജന്റീനയുടെ വലയ്ക്കുള്ളിലാക്കി ബ്രസീല്‍ വിജയമുറപ്പിച്ചിരുന്നു. ഫിലിപ്പെ കോട്ടീഞ്ഞോ (25ാം മിനിറ്റ്), സൂപ്പര്‍ താരം നെയ്മര്‍ (45), പൗലിഞ്ഞോ (58) എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാ ര്‍. ഈ മല്‍സരത്തിലെ ഗോളോടെ നെയ്മര്‍ പുതിയൊരു നാഴികക്ക ല്ല് പിന്നിടുകയും ചെയ്തു. ദേശീയ ജഴ്‌സിയില്‍ താരത്തിന്റെ 50ാം ഗോളായിരുന്നു ഇത്.
ഈ ജയത്തോടെ ലാറ്റിനമേരിക്ക ന്‍ യോഗ്യതാറൗണ്ട് പോയിന്റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോ ള്‍ അര്‍ജന്റീനയുടെ യോഗ്യതാ പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടി നേരിട്ടു. 11 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം 24 പോയി ന്റുമായാണ് ബ്രസീല്‍ തലപ്പത്തുനില്‍ക്കുന്നത്. ഇത്രയും കളികളില്‍ നിന്നു നാലു വീതം ജയവും സമനിലയും മൂന്നു തോല്‍വിയുമള്‍പ്പെടെ 16 പോയിന്റുള്ള അര്‍ജന്റീന ആറാംസ്ഥാനത്താണ്. ഉറുഗ്വേ (23 പോയിന്റ്), കൊളംബിയ (18), ഇക്വഡോര്‍ (17), ചിലി (17) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.
തുടര്‍ച്ചയായ അഞ്ചാം ജയം കൊയ്ത് മഞ്ഞപ്പട
പുതിയ കോച്ച് ടിറ്റെയ്ക്കു കീഴില്‍ പ്രതാപം വീണ്ടൈടുത്ത ബ്രസീല്‍ ജയങ്ങള്‍ ശീലമാക്കിക്കഴിഞ്ഞു. യോഗ്യതാറൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം ജയമാണ് മഞ്ഞപ്പട ആഘോഷിച്ചത്. ടിറ്റെ പരിശീലകനായ ശേഷം ബ്രസീല്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. അര്‍ജന്റീനയ്‌ക്കെതിരേ തുടക്കം മുതല്‍ മികച്ചുനിന്ന ബ്രസീല്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. പരിക്കു ഭേദമായി ക്യാപ്റ്റ നും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. ബ്രസീലിനെതിരായ തോല്‍വി അര്‍ജന്റീന കോച്ച് എഡ്ഗാര്‍ഡോ ബൗസയുടെ സ്ഥാനത്തിനു തന്നെ ഭീഷണിയാവാനാടിയുണ്ട്. യോഗ്യതാറൗണ്ടില്‍ തുടര്‍ച്ചയായി നാലാം മല്‍സരത്തിലാണ് അര്‍ജന്റീനയ്ക്കു ജയിക്കാനാവാതെ പോവുന്നത്.
നെയ്മര്‍-കോട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് എന്നിവരടങ്ങുന്ന ആക്രമണമത്തിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ കളത്തിലിറക്കയത്. മറുഭാഗത്ത് മെസ്സി മടങ്ങിയെത്തിയപ്പോള്‍ മറ്റൊരു സൂപ്പര്‍ താരമായ സെര്‍ജിയോ അഗ്വേറോയെ കോച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. മെസ്സിക്കൊപ്പം ഗോണ്‍സാലോ ഹിഗ്വയ്‌നിനായിരുന്നു ആക്രമണങ്ങളുടെ ചുമതല.
ഇരുടീമും വളരെ ശ്രദ്ധയോടെയാണ് മല്‍സരമാരംഭിച്ചത്. 22ാം മിനിറ്റില്‍ ബ്രസീലിന്റെ ഭാഗത്തു നിന്നായിരുന്നു ആദ്യ ഗോള്‍ നീക്കം. റെനറ്റോ അഗസ്‌റ്റോ 25 വാര അകലെ നിന്നു തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പോവുകയായിരുന്നു. മൂന്നു മിനിറ്റിനകം കോട്ടീഞ്ഞോയിലൂടെ ബ്രസീ ല്‍ മുന്നിലെത്തി. ഇടതുവിങിലൂടെ പറന്നെത്തിയ കോട്ടീഞ്ഞോ 20 വാര അകലെ നിന്നു പറത്തിയ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു. ഒന്നാംപകുതി അവസാനിക്കുന്നതിനു മുമ്പ് നെയ്മര്‍ ബ്രസീലിന്റെ ലീഡുയര്‍ത്തി. ജീസസായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ജീസസ് നല്‍കിയ മനോഹരമായ ത്രൂബോള്‍ സ്വീകരിക്കുമ്പോള്‍ ഗോളി റൊമേ റോ മാത്രമാണ് നെയ്മര്‍ക്കു മുന്നിലുണ്ടായിരുന്നത്. ഗോളിയെ നിസ്സഹായനാക്കി നെയ്മര്‍ വലകുലുക്കി.
58ാം മിനിറ്റില്‍ ബ്രസീലിന്റെ ആധിപത്യം പൂര്‍ത്തിയാക്കി പൗലി ഞ്ഞോ ഗോള്‍പട്ടിക തികച്ചു. മാര്‍ സെലോയുടെ ക്രോസ് സ്വീകരിച്ച് അഗസ്‌റ്റോ കൈമാറിയ പാസ് പൗലിഞ്ഞോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പരാഗ്വേയെ മുക്കി പെറു
സ്വന്തം തട്ടകത്തില്‍ ഒരു ഗോളിനു  ലീഡ് ചെയ്ത ശേഷമാണ് പെറുവിനെതിരേ പരാഗ്വേ 1-4ന്റെ കനത്ത പരാജയത്തിലേക്ക് വീണത്. 10ാം മിനിറ്റില്‍ റിവേറോസാണ് പരാഗ്വേയുടെ അക്കൗണ്ട് തുറന്നത്.
ഒന്നാംപകുതിയില്‍ 0-1ന്റെ ലീഡുമായി കളംവിട്ട പരാഗ്വേ രണ്ടാംപകുതിയില്‍ തരിപ്പണമായി. 49ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റാമോസിലൂടെ ഒപ്പമെത്തിയ പെറു 71ാം മിനിറ്റില്‍ എഡിസന്‍ ഫ്‌ളോറസിലൂടെ ലീഡ് കരസ്ഥമാക്കി. 79ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ക്യുവേയിലൂടെ പെറു സ്‌കോര്‍ 3-0 ആക്കി. ഫൈനല്‍ വിസിലിന് ആറു മിനിറ്റുള്ളപ്പോള്‍ ബെനിറ്റസിന്റെ സെല്‍ഫ് ഗോളും പെറു ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു.
ഇക്വഡോറും കടന്ന് ഉറുഗ്വേയുടെ കുതിപ്പ്
മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വേ ജയത്തോടെ ലോകകപ്പ് യോഗ്യതയ്ക്ക് ഒരുപടി കൂടി അടുത്തു. ഹോംഗ്രൗണ്ടില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഇക്വഡോറിനെതിരേ 2-1ന്റെ ജയമാണ് ഉറുഗ്വേ ആഘോഷിച്ചത്.
12ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ കോട്ടസിലൂടെ ഉറുഗ്വേയാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്. ഒന്നാംപകുതി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഫെലിപ്പെ കെയ്‌സെഡോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ഡിയേഗോ റോളന്റെ ഗോളില്‍ ഉറുഗ്വേ ജയവും മൂന്നു പോയിന്റും കൈക്കലാക്കുകയായിരുന്നു.
മാര്‍ട്ടിനസ് ഹാട്രിക്കില്‍ വെനിസ്വേല മിന്നി
ബൊളിവിയയെ സ്വന്തം കാണികള്‍ക്കു മുന്നില്‍ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് വെനിസ്വേല കാഴ്ചവച്ചത്. ജോസഫ് മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് വെനിസ്വേലയെ വമ്പന്‍ ജയത്തിലെത്തിച്ചത്. 11, 67, 70 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് പ്രകടനം.
കൗഫറ്റി (മൂന്നാം മിനിറ്റ്), റൊമ്യുലോ ഒറ്റേറോ (74) എന്നിവര്‍ ഓരോ തവണ ടീമിന്റെ ആഘോഷത്തില്‍ പങ്കാളികളായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss