|    Jan 17 Tue, 2017 12:38 pm
FLASH NEWS

ഹൈ എന്‍ഡ് ടൂറിസം പദ്ധതി ആവിഷ്‌കരിച്ചു: ലക്ഷദ്വീപ് എം പി

Published : 30th June 2016 | Posted By: SMR

കൊച്ചി: ലക്ഷദ്വീപില്‍ ഹൈ എന്‍ഡ് ടൂറിസം വികസിപ്പിക്കുന്നതിനു വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷദ്വീപിന് സ്വന്തമായ ഒരു ടൂറിസം നയത്തിന് രൂപം നല്‍കിയതായും മൂന്നു മാസത്തിനകം ടൂറിസം വികസനത്തിനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അഗത്തിയില്‍ ബീച്ച് റിസോര്‍ട്ട് പദ്ധതിയാണ് ആദ്യം നടപ്പാക്കുക. ഇതിനുള്ള വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. സി ആര്‍ ഇസെഡ് പരിധി 50 മീറ്റര്‍ എന്നത് 20 മീറ്ററായി കുറച്ചുകൊണ്ട് ലക്ഷദ്വീപിന് തീരസംരക്ഷണ നിയമത്തില്‍ ഇളവ് അനുവദിക്കപ്പെട്ടതിനാല്‍ കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് ക്രൂയിസ് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം ഹെറിറ്റേജ് ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ വികസനപദ്ധതികള്‍ നടപ്പാക്കും. ലക്ഷദ്വീപിന്റെ പരിസ്ഥിതിയും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ട് നിയന്ത്രിത രീതിയിലുള്ള ആഡംബര ടൂറിസം വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
ലക്ഷദ്വീപ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വിഷമിക്കുന്ന ദ്വീപ് വാസികള്‍ക്കായി ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ രണ്ടു വര്‍ഷത്തിനകം നടപ്പാക്കാന്‍ സാധിച്ചു. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും സൗജന്യ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചു. സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്ത പദ്ധതിയായി മിനിക്കോയ്, കവരത്തി, അമിനി, ആന്ത്രോത്ത് ദ്വീപുകളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്. തുറമുഖങ്ങളില്‍ ലക്ഷദ്വീപുകാര്‍ക്കായി പ്രത്യേകം വാര്‍ഫ് നിര്‍മിക്കാനും കൊല്ലത്തുനിന്നു മിനിക്കോയ് ദ്വീപിലേക്ക് നേരിട്ട് കപ്പല്‍ സര്‍വീസ് നടത്താനുമുള്ള പ്രാഥമിക ചര്‍ച്ച കേരളത്തിലെ തുറമുഖ മന്ത്രിയുമായി നടത്തി. കരയില്‍ മരണപ്പെട്ടവരെ മറവു ചെയ്യാനുള്ള സൗകര്യം എറണാകുളത്തോ പരിസരപ്രദേശത്തോ ഉണ്ടാക്കുവാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ലക്ഷദ്വീപില്‍നിന്നു രോഗികളുമായി വരുന്ന ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കുന്നതിനുപകരം വില്ലിങ്ടണ്‍ ഐലന്റില്‍ ഇറക്കാനാവശ്യമായ നടപടികളും കൈക്കൊണ്ടുവരുന്നു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ലഭിക്കുന്ന സൗജന്യസേവനങ്ങള്‍ ദ്വീപുകാര്‍ക്കും ലഭ്യമാക്കാന്‍ ചര്‍ച്ച നടത്തുകയും നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നതായും എംപി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക