|    Jun 20 Wed, 2018 3:20 am
Home   >  Todays Paper  >  page 12  >  

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി; സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കും: ഇ ശ്രീധരന്‍

Published : 25th February 2016 | Posted By: SMR

കൊച്ചി: തിരുവനന്തപുരത്തെയും മംഗലാപുരത്തെയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ തയ്യാറാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍. പ്രഫ. കെ വി തോമസ് എംപി നേതൃത്വം നല്‍കുന്ന വിദ്യാധനം ട്രസ്റ്റ് ആവിഷ്‌കരിച്ച മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വാഹന ബാഹുല്യവും ജനസാന്ദ്രതയുമേറിയ കേരളത്തിന് ഭാവിയിലേക്ക് കുതിക്കണമെങ്കില്‍ ഇത്തരമൊരു പദ്ധതി കൂടാതെകഴിയില്ല. കൊല്‍ക്കത്ത യിലാണ് രാജ്യത്തെ ആദ്യത്തെ മെട്രോ റെയില്‍ പദ്ധതി നടപ്പായതെങ്കിലും ഈ രംഗത്ത് വിപ്ലവത്തിന് തുടക്കമിടുന്നത് ഡല്‍ഹി മെട്രോയാണ്. സര്‍ക്കാരുകളുടെ സബ്‌സിഡിയില്ലാതെയും അതേസമയം സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കിലും മെട്രോ പദ്ധതികള്‍ നടപ്പാക്കാനാവണം. മൊത്തം പദ്ധതിത്തുകയില്‍ 60 ശതമാനവും ബഹുരാഷ്ട്ര കമ്പനികളില്‍നിന്നു കടമെടുത്താണ് മെട്രോ നടപ്പാക്കുന്നത്. ഈ തുക തിരിച്ചടക്കാന്‍ സ്വന്തം നിലയില്‍ മെട്രോ കമ്പനികള്‍ക്ക് കഴിയണം. വിവിധ ഗതാഗത മാര്‍ഗങ്ങളെ സമന്വയിപ്പിച്ച് കൊച്ചിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഏകീകൃത ഗതാഗത പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചി മെട്രോ നാല് വര്‍ഷംകൊണ്ട് നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടത്. സ്ഥലം പൂര്‍ണമായി ഏറ്റെടുത്ത് കൈമാറിയ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ഭാഗത്ത് നിശ്ചിത സമയത്തിനുള്ളില്‍ മെട്രോ പൂര്‍ത്തിയാവും. കേരളത്തെപ്പോലൊരു സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ ഭഗീരഥ പ്രയത്‌നം തന്നെയാണ്. ഭൂമി ലഭിച്ചു കഴിഞ്ഞാല്‍ മെട്രോ നിര്‍മാണം വെല്ലുവിളിയല്ല. കൊച്ചിക്ക് മുമ്പേ ആരംഭിച്ച ബംഗളൂരു മെട്രോ ഇനിയും പൂര്‍ത്തിയായിട്ടില്ല. നിശ്ചിത കാലാവധിയിലും മൂന്നു വര്‍ഷം ഇതിനകം വൈകി. ബംഗളൂരു മെട്രോ ഇക്കാര്യത്തില്‍ നല്ല മാതൃകയല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. വിവിധ പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ക്ഷണമുണ്ട്. മുംബൈ, പൂനെ, നാഗ്പൂര്‍ മെട്രോകളുടെ മേല്‍നോട്ടം വഹിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ജീവിതത്തിന്റെ വൈകിയ വേളയില്‍ കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും കേരളത്തില്‍ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ നടപ്പാക്കണമെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കലാലയങ്ങളില്‍ നിന്നെത്തിയ ഇരുനൂറോളം വിദ്യാര്‍ഥികളാണ് ഇ ശ്രീധരനുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തത്. മാതൃകാവ്യക്തികളുടെ കഠിനാധ്വാനവും ജീവിതവിജയവും സാമൂഹിക പ്രതിബദ്ധതയും പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുകയാണ് മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്‌സ് എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രഫ. കെ വി തോമസ് എം പി പറഞ്ഞു.
ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാബുജോസഫ് മോഡറേറ്ററായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss