|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈവേ കേന്ദ്രീകരിച്ച് പിടിച്ചുപറി;രണ്ടുപേര്‍ അറസ്റ്റില്‍

Published : 19th September 2017 | Posted By: fsq

 

മഞ്ചേരി: ഹൈവേ കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന മൂന്നംഗ സംഘത്തിലെ രണ്ടുപേരെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം മൈസൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി സ്വദേശികളായ തുറക്കല്‍ പൊറ്റമ്മല്‍ വീട്ടില്‍ ഷഹബാസ് എന്ന ഫാന്റം ഷഹബാസ്(22), കാരാപറമ്പ് മൂലക്കുളവന്‍ വീട്ടില്‍ റഷീദലി എന്ന ബുള്‍ഗാന്‍ അലി(28) എന്നിവരാണ് പിടിയിലായത്.  കഴിഞ്ഞമാസം എട്ടിന് മഞ്ചേരി മുട്ടിപ്പാലത്തു വച്ച് വേങ്ങര സ്വദേശിയായ കല്ലമ്പലവന്‍ ഫാസില്‍ മോനും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി  മര്‍ദിച്ച് 22,000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണിവരെന്ന് പോലിസ് പറഞ്ഞു.മൂന്നംഗ സംഘത്തില്‍ ഉണ്ടായിരുന്ന മുട്ടിപ്പാലം സ്വദേശി അത്തിമണ്ണില്‍ അബ്ദുള്‍ റഷീദ് എന്ന കൊച്ചുവിനെ സംഭവം നടന്ന് അടുത്തദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു. ഇയാളെ പിടികൂടിയതറിഞ്ഞ് മറ്റു രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു. പിടിയിലായ സംഘത്തലവന്‍ ഫാന്റം ഷഹബാസ് മഞ്ചേരി സ്റ്റേഷനിലെ കേഡിയാണ്. ഇയാളുടെ പേരില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ 6ഓളം അടിപിടി കേസുകളും നിലവിലുണ്ട്. കാരക്കുന്ന് സ്വദേശി ബുള്‍ഗാന്‍ അലിയുടെ പേരില്‍ അരീക്കോട് സ്‌റ്റേഷനില്‍ ഒരു ബലാല്‍സംഗ കേസും മഞ്ചേരി സ്‌റ്റേഷനില്‍ ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശം വച്ചതിനും കൊലപാതകശ്രമത്തിനും കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ റിമാന്‍ഡ്് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും. മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നിര്‍ദേശ പ്രകാരം മഞ്ചേരി എസ്‌ഐ  റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, സലിം എന്നിവരാണ് കേസന്വേഷിച്ചതും മൈസൂരുവില്‍ നിന്നു പ്രതികളെ പിടികൂടിയതും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss