|    Oct 19 Thu, 2017 9:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈവേ കവര്‍ച്ചാസംഘം പിടിയില്‍; സംഘത്തില്‍ കൊലപാതകക്കേസിലെ പ്രതികളും 

Published : 13th July 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ഹൈവേകള്‍ കേന്ദ്രീകരിച്ച് പണം കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മൂന്നു പേര്‍ പെരിന്തല്‍മണ്ണ ഷാഡോ പോലിസിന്റെ പിടിയിലായി. കുറുവ പഴമള്ളൂര്‍ മേക്കറ കുന്നന്‍ മൊയ്തീന്‍ കുട്ടി (38), ഇരിട്ടി കീഴൂര്‍കുന്ന് ചോരന്‍ വീട്ടില്‍ സുരേഷ് ബാബു(31), ഇരിട്ടി കണോത്ത് സജിത്ത്(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ എ എം സിദ്ദീക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട്-തൃശൂര്‍, പാലക്കാട്-മലപ്പുറം ഹൈവേകളില്‍ യാത്രക്കാരെ ഭയപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ പെരിന്തല്‍മണ്ണ ഷാഡോ പോലിസ് നടത്തിയ രഹസ്യനിരീക്ഷണത്തിലൂടെയാണ് പ്രതികളെ കുടുക്കിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയിലാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. മൊയ്തീന്‍ കുട്ടിയാണ് റൂട്ട് മാപ്പ് തയ്യാറാക്കി ക്വട്ടേഷന്‍ ടീമുകള്‍ക്ക് നല്‍കിയിരുന്നത്. പണവും സ്വര്‍ണവും കൊണ്ടുപോവുന്ന യാത്രാസംഘങ്ങളെ പിന്തുടര്‍ന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ച് കത്തിയും ഇരുമ്പുവടിയും കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച.
പ്രതികളില്‍ സുരേഷ് ബാബു, സജിത്ത് എന്നിവരുടെ പേരില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്. സംഘത്തില്‍ എട്ടോളം പേരുണ്ടെന്നും ഇവരില്‍ കൊലപാതകക്കേസിലെ പ്രതികള്‍ വരെയുള്ളതായും അന്വേഷണ സംഘം പറഞ്ഞു. ഷാഡോ പോലിസ് സംഘത്തിലെ മോഹന്‍ദാസ് കരുളായി, പി എന്‍ മോഹനകൃഷ്ണന്‍, സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, ബിബിന്‍, ദിനേശ് കിഴക്കേക്കര, ഷെബീര്‍ അഷറഫ് കൂട്ടില്‍, അഭിലാഷ് കൈപ്പിനി, ടി രത്‌നാകരന്‍, സുകുമാരന്‍, എസ്‌ഐ നരേന്ദ്രന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക