|    Nov 16 Fri, 2018 1:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈവേയിലെ സ്വര്‍ണക്കവര്‍ച്ച: കുപ്രസിദ്ധ കവര്‍ച്ചാ സംഘം പിടിയില്‍

Published : 5th November 2018 | Posted By: kasim kzm

ചാലക്കുടി: വിദേശത്തു നിന്നു നെടുമ്പാശ്ശേരി വഴി കൊണ്ടു വന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപം വച്ച് മറ്റു കാറിലെത്തിയ സംഘം കൊള്ളയടിച്ച സംഭവത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലായി.
കണ്ണൂര്‍ തയ്യില്‍ സ്വദേശി ബൈദുള്‍ ഹിലാല്‍ വീട്ടില്‍ ഷുഹൈല്‍ (35), തയ്യില്‍ സ്വദേശി അമീന്‍ വീട്ടില്‍ ഷാനവാസ് (25), വയനാട് പെരിക്കല്ലൂര്‍ പുല്‍പ്പള്ളി സ്വദേശി ചക്കാലക്കല്‍ സുജിത് (24), കണ്ണൂര്‍ തയ്യില്‍ സ്വദേശി മല്ലാട്ടി വീട്ടില്‍ മനാഫ് (22) എന്നിവരെയാണു ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ ഷുഹൈല്‍ തടിയന്റവിട നസീറിന്റെ സഹോദരനാണ്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ ശേഷം സംഘാംഗങ്ങളൊത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കൊണ്ടുവരുന്ന ആളുകളെ നിരീക്ഷിച്ച്, വിവരങ്ങള്‍ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയായിരുന്നു. കൊള്ളയടിച്ചു ലഭിക്കുന്ന കവര്‍ച്ച മുതല്‍ പിന്നീട് പങ്കിട്ടെടുക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൊടുവള്ളി സ്വദേശികള്‍ സ്വര്‍ണവുമായി വരുന്ന വിവരം കിട്ടിയ ഷുഹൈല്‍ സംഘാംഗങ്ങളുമൊത്ത് അവിടെ എത്തുകയും ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര സ്വദേശിയായ ഷഫീക്ക് എന്ന വാവയെ കവര്‍ച്ച നടത്താന്‍ ഏര്‍പ്പെടുത്തി. ഷെഫീക്കിന്റെ നേതൃത്വത്തില്‍ രണ്ടു കാറുകളിലായി ദേശീയപാതയില്‍ കാത്തു നിന്ന ഗുണ്ടാസംഘത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സ്വര്‍ണം കയറ്റിവന്ന വാഹനം ആദ്യം ആലുവയിലേക്ക് പോയതിനാല്‍ രാത്രി തന്നെ കവര്‍ച്ച ചെയ്യാനുള്ള ശ്രമം പാളി. തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ച വാഹനത്തെ ഗുണ്ടാസംഘങ്ങള്‍ പിന്‍തുടരുകയും ചാലക്കുടി പോട്ട ഫ്‌ളൈ ഓവറിനു സമീപം വച്ച് കാറടക്കം എടുത്ത് കടക്കുകയും ചെയ്തു. കാറില്‍വച്ച് സ്വര്‍ണം വച്ചിരിക്കുന്ന സ്ഥലംചോദിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് കൊടകരയ്ക്ക് സമീപം യുവാവിനെയും കാറും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലേക്ക് കടന്നു.
തമിഴ്‌നാട്ടില്‍ വച്ച് പല വഴിക്കായി പിരിഞ്ഞ സംഘത്തിലെ ഏഴു പേര്‍ മുമ്പ് പോലിസ് പിടിയിലായിരുന്നു. തട്ടിയെടുത്ത സ്വര്‍ണം ഷെഫീക്കും ഷുഹൈലും മനാഫും കൂടി കണ്ണൂരില്‍ വില്‍പന നടത്തി. സംഘാംഗങ്ങള്‍ തമ്മില്‍ പരിചയമില്ലാത്തതിനാല്‍ മുഖ്യ സൂത്രധാരന്‍മാരെ പിടികൂടാന്‍ പോലിസിന് ഏറെ പണിപ്പെടേണ്ടി വന്നു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു മറ്റൊരു കവര്‍ച്ച ലക്ഷ്യമിട്ട് വിമാനത്താവളത്തിലെത്തിയ ഇവരെ പിടികൂടാനായത്. ചാലക്കുടിയില്‍ എത്തിച്ച് ചോദ്യം ചെയ്തതില്‍ പോട്ടയിലെ സ്വര്‍ണ ക്കവര്‍ച്ചയുടെ ചുരുളഴിയുകയായിരുന്നു.
കണ്ണൂരില്‍ വില്‍പന നടത്തിയ സ്വര്‍ണവും പോലിസ് കണ്ടെടുത്തു. സുജിത്തിന് കണ്ണൂര്‍ വളപട്ടണത്ത് വധശ്രമക്കേസും അടിപിടി കേസുകളുമുണ്ട്. മനാഫ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കൊലപാതക ശ്രമക്കേസില്‍ പ്രതിയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss