|    Apr 26 Thu, 2018 10:57 pm
FLASH NEWS

ഹൈറേഞ്ച് സംരക്ഷണസമിതിയും ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരക്കലും സമാന്തര രൂപതയുണ്ടാക്കിയെന്ന്

Published : 16th November 2015 | Posted By: SMR

ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിയും ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരക്കലും ചേര്‍ന്ന് സമാന്തര രൂപതയുണ്ടാക്കി അതിന്റെ തീരുമാനങ്ങള്‍ ഇടുക്കി രൂപതയുടെ മേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണെന്ന് ഇടുക്കി രൂപതയിലെ വൈദികനും നെടുങ്കണ്ടം കരുണാ ആശുപത്രി ഡയറക്ടറുമായ ഫാ. ഫിലിപ്പ് പെരുനാട്ട്. ഹൈറേഞ്ച് സംരക്ഷണ സമിതി പുറത്തിറക്കിയ കര്‍ഷകഭൂമി എന്ന പത്രത്തില്‍ നമുക്ക് നേട്ടം ഉണ്ടാകണമെങ്കില്‍ ഇനിയും സമരം നടത്തേണ്ടി വരുമെന്ന ലേഖനത്തോട് പ്രതികരിച്ചിറക്കിയ നോട്ടീസിലാണ് സമിതിക്കെതിരെ പെരുനാട്ടിന്റെ രൂക്ഷ വിമര്‍ശം. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അന്ത്യ കൂദാശ എന്ന തലക്കെട്ടിലാണ് നോട്ടീസ്. രൂപതയറിയാതെ രൂപതയെ ഒറ്റു കൊടുത്തിരിക്കുകയാണ് സമിതി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ പോയി ഇ.എസ്.എ പ്രശ്‌നം പറയാന്‍ ജോയ്‌സ് ജോര്‍ജ് എം.പിക്ക് ധൈര്യം കിട്ടിയിട്ടില്ല. ഇ.എസ്.എ ഇത്രമാത്രം പ്രശ്‌നമാണെങ്കില്‍ എന്തുകൊണ്ട് ഇടുക്കിയിലെ എം.എല്‍.എ മാരെ കൂട്ടി കേന്ദ്രത്തില്‍ പോയില്ല.
വികസന കുതിപ്പും സമ്പല്‍ സമൃദ്ധിയും ഉണ്ടായിരുന്ന നാട്ടില്‍ സമിതി എന്ന ദുര്‍ഭൂതം ജനങ്ങളുടെ സമാധാനവും സമ്പത്തും തകര്‍ക്കുകയാണ് ചെയ്തത്. ഒരു കോടി രൂപ വിലയുണ്ടായിരുന്ന ഭൂമിക്ക് പത്ത് ലക്ഷം പോലും ഇന്ന് ലഭിക്കുന്നില്ല. മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ തരം താഴ്ത്തരുത്, പവൗത്തില്‍ പിതാവിനെ കരി തേക്കരുത്, ആനിക്കുഴിക്കാട്ടില്‍ പിതാവിനെ അപമാന വിധേയനാക്കരുത് അദ്ദേഹത്തെ അനുസരിക്കണം, ആലഞ്ചേരി പിതാവിന്റെ മനസ്സറിയാമല്ലോ തുടങ്ങിയ മുന്നറിയിപ്പുകളും നോട്ടീസിലുണ്ട്.
കൂടാതെ ഇഎസ്എ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൊച്ചുപുരക്കലച്ചന്‍ ഉള്‍പ്പെടെയുള്ളവരെ ഇടുക്കി രൂപത പടി അടച്ച് പിണ്ഡം വെക്കും. ‘പ്രിയ ഇടുക്കികാരെ നമുക്ക് പഴയ രക്ഷകന്‍മാരെ മതി പുതിയ രക്ഷകന്‍മാര്‍ വ്യാജ പ്രവാചകന്മാരാണ്’ എന്ന സന്ദേശത്തോടെയാണ് നോട്ടീസ് അവസാനിപ്പിച്ചിരിക്കുന്നത്. സമിതിയുടെ പ്രവര്‍ത്തനം മൂലം ഹൈറേഞ്ച് ജനങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യാത്ത സ്ഥലമാണെന്ന തോന്നലുണ്ടാക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂവെന്നും ജനം ഭയന്നാണ് നില്‍ക്കുന്നതെന്നും ഫാ. പെരുനാട്ട് ആരോപിക്കുന്നു.
സമിതിയുടെ പ്രവര്‍ത്തനത്തില്‍ രൂപതയിലെ പല വൈദികര്‍ക്കും വിയോജിപ്പാണ്. സമിതി നടത്തുന്ന അനാവശ്യ ഹര്‍ത്താലുകളോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് യോജിപ്പില്ലെന്നും വൈദികന്റെ വ്യക്തിപരമായ പരാമര്‍ശമാണ് ഇതെന്നും ഇടുക്കി രൂപതാധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss