|    Sep 19 Wed, 2018 11:01 pm
FLASH NEWS

ഹൈറേഞ്ചിലെ ഗ്രാമങ്ങളില്‍ വൈദ്യുതി മുടക്കം പതിവായി

Published : 23rd January 2017 | Posted By: fsq

 

തൂക്കുപാലം: പട്ടം കോളനിയിലെ ഗ്രാമങ്ങളില്‍ വൈദ്യുതി മുടക്കം പതിവായി. വോള്‍ട്ടേജ് ക്ഷാമംമൂലം കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയും വിനയാവുകയാണ്. നെടുങ്കണ്ടം, തുക്കൂപാലം അടക്കമുള്ള സിറ്റികളില്‍ മാത്രമേ വൈദ്യുതി മുടങ്ങാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുള്ളൂ എന്ന ആക്ഷേപം നേരത്തെ തന്നെയുള്ളതാണ്. കല്ലാര്‍, തുക്കുപാലം സെക്ഷനുകളുടെ കീഴില്‍ ഗ്രാമങ്ങളിലാണ് കൂടുതല്‍ കണക്ഷനുകള്‍ ഉള്ളത്. ചെറിയൊരു കാറ്റടിച്ചാല്‍ ഉടന്‍ കറണ്ട് പോവും. പിന്നെ വൈദ്യുതി ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ കഴിയും, പലപ്പോഴും പകല്‍മുഴുവനും വൈദ്യുതി മുടങ്ങുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ഹൈറേഞ്ചില്‍ ചാറ്റല്‍ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം വൈദ്യുതി മുടക്കം രൂക്ഷമായിരിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെ പോയ വൈദ്യുതി ഇന്നലെ ഉച്ചയ്ക്കാണ് പുഷ്പക്കണ്ടം, കോമ്പയാര്‍, അണക്കര, ചെന്നാപ്പാറ തുടങ്ങിയ ഗ്രാമങ്ങളില്‍ എത്തിയത്. വൈദ്യുതി വകുപ്പ് ഓഫിസില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ വൈദ്യുതി ഇല്ലേയെന്ന മറുചോദ്യമാണുണ്ടാവുന്നത്. ഗ്രാമങ്ങളില്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോവുന്നത് പലയിടത്തും മരങ്ങള്‍ക്കിടയിലൂടെയാണ്. ചെറിയ മരക്കമ്പ് തട്ടിയാല്‍ തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടും. എന്നാല്‍, ഈ പ്രശ്‌നം മുന്നില്‍ക്കണ്ട് കൃത്യസമയങ്ങളി ല്‍ ടച്ചിങ് വെട്ടാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണു നാട്ടുകാര്‍ക്കു ബുദ്ധിമുട്ടാവുന്നത്. വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കുമായി ധാരാളം ജലം ആവശ്യമുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ വോള്‍ട്ടേജ് ഇല്ലാത്തതുമൂലം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. അര്‍ധരാത്രിയിലാണ് മോട്ടോര്‍ പ്രവര്‍ത്തിക്കാനുള്ള വോള്‍ട്ടേജ് ലഭിക്കുക. പലപ്പോഴും രാത്രിയില്‍ പോവുന്ന വൈദ്യുതി പിറ്റേന്ന് ഉച്ചയോടെയേ എത്തൂ. വൈദ്യുതി ഓഫിസില്‍ വിളിച്ച് അന്വേഷിക്കുമ്പോഴെല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന മറുപടിയാണുണ്ടാവുക. കാറ്റും മഴയും മൂലം വൈദ്യുതി മുടങ്ങുന്നതിനു പുറമേ യാതൊരു മുന്നറിയിപ്പുമില്ലാതെ പകല്‍ സമയങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കുന്നതും പതിവാണ്. വൈദ്യുതിമുടങ്ങുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തിലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനാസ്ഥയാണ്. ഹൈറേഞ്ചില്‍ പലയിടത്തും കണക്ഷനുകള്‍ക്ക് ആനുപാതികമായി ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടില്ല. ഓവര്‍ ലോഡ് മൂലം പീക്ക് ടൈമില്‍ ഡ്രിപ്പ് ആവുന്നതും നിത്യസംഭവമാണ്. ആവശ്യത്തിന് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ച് വോള്‍ട്ടേജ് പ്രതിസന്ധി പരിഹരിക്കണമെന്നു വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടുവരികയാണ്. നടപടികളുണ്ടായിട്ടില്ല. മണ്ഡലത്തിന്റെ പ്രതിനിധി വൈദ്യുതി വകുപ്പ് മന്ത്രിയായിട്ടും, അദ്ദേഹത്തെ ഈ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വമോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടുമില്ല. ഉള്‍ഗ്രാമങ്ങളിലെ ഏലത്തോട്ടങ്ങളില്‍ അടക്കം വൈദ്യുതി മുടക്കം ജല സേചനത്തെ ബാധിക്കുകയാണ്. മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഇക്കാര്യം ഉന്നയിച്ച് വകുപ്പ് മന്ത്രിയെ കാണാനും ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കി ല്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss