|    Nov 17 Sat, 2018 7:34 am
FLASH NEWS

ഹൈറേഞ്ചിനെ ആശങ്കയിലാഴ്ത്തി സര്‍വേ

Published : 15th March 2018 | Posted By: kasim kzm

നെടുങ്കണ്ടം:  സിഎച്ച്ആര്‍ മേഖലയില്‍ ആശങ്ക പരത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സര്‍വേ പുരോഗമിക്കുന്നു. ഭൂമി പ്രത്യേക ബ്ലോക്കുകകളയി തിരിച്ച് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് സര്‍വേ. കാട്ടുമരങ്ങളുടെ കണക്ക് പ്രത്യേകം രേഖപ്പെടുത്തുകയും, മരങ്ങളില്‍ ഉണ്ടായ ശോഷണം പുതിയ മരങ്ങളുടെ എണ്ണം പുതിയ ഇനങ്ങള്‍ കൂടാതെ മരങ്ങളുടെ വീണടിഞ്ഞ ഉണങ്ങിയ ഇലകളും പ്രദേശത്തെ മണ്ണും സംഘം ശേഖരിക്കുന്നുണ്ട്.
കസ്തൂരി രംഗന്‍ വിഷയത്തിന്റെ അന്തിമ റിപോര്‍ട്ടിനായി കാത്തിരിക്കുന്ന മലയോര ജനതയെ ആശങ്കയിലാഴ്ത്തിയാണ് വനം മന്ത്രാലയം ഇപ്പോള്‍ റവന്യൂ ഭൂമിയില്‍ റവന്യൂ വകുപ്പ് അറിയാതെ വിവരശേഖരണം നടത്തുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വനമേഖലകളില്‍ വനം പരിസ്ഥിതി മന്ത്രാലയം നടത്തുന്ന പരിശോധനകളുടെ ഭാഗമായുള്ള സര്‍വേ മാത്രമെന്നാണ്  വനം വകുപ്പിനു കേന്ദ്ര വനം മന്ത്രാലയ ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്കെത്തിയ സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. നെടുങ്കണ്ടം കേന്ദ്രീകരിച്ച് സര്‍വേക്കെത്തിയ സംഘം, പരിശോധനാ നടപടികള്‍ രാജകുമാരി, രാജാക്കാട്, കജനപ്പാറ എന്നിവിടങ്ങളിലേക്കു മാറ്റിയതായി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരിശോധന നടക്കുന്നതിനു മിനിട്ടുകള്‍ക്ക് മുന്‍പു മാത്രമാണ് വിവരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്.
പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളടക്കം പുറത്തു വിടരുതെന്ന നിര്‍ദേശം വനം വകുപ്പ് ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയിരിക്കുകയാണ്. സിഎച്ച്ആര്‍ പ്രദ്ദേശം ആര്‍എഫ് കാറ്റഗറിയി ( റിസര്‍വ് ഫോറസ്റ്റ്) ല്‍പെട്ടതാണന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്. ഗ്രീന്‍ െ്രെടബ്യൂണലിന്റെ  എം.എ. 78/17 , എം.എ 110/17, എം.എ 113/17 എന്നീ ഹരജികളുടെ തീര്‍പ്പ് പ്രകാരമുള്ള ഉത്തരവ് അടിസ്ഥാമാക്കി വനം വകുപ്പിന്റെ 07/08/2017 സര്‍ക്കുലര്‍ പ്രകാരം സിഎച്ച്ആര്‍ പ്രദേശത്ത് മരം മുറിക്കാനും പാറപൊട്ടിക്കാനും മണ്ണ് ഇളക്കാനും റോഡിനു വീതി കൂട്ടാനും പാടില്ലെന്നു പറയുന്നു.
ഈ ഉത്തരവുകാട്ടി കൊച്ചി-മധുര ദേശീയ പാതയിലെ ആനയിറങ്കല്‍ പ്രദ്ദേശത്തെ റോഡ് വികസനത്തിന് വനം വകുപ്പ് തടസം പറഞ്ഞിരിക്കുകയാണ്. അതേസമയം, പശ്ചിമഘട്ട സംരക്ഷണത്തിുള്ള കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിന്റെ മുന്നോടിയായി ആദ്യ കരട് വിജ്ഞാപനം ഇറങ്ങി നാലുവര്‍ഷം കഴിയുകയാണ്. കഴിഞ്ഞവര്‍ഷം ഇറക്കിയ മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ആഗസ്ത് 25 വരെ ഉണ്ടെങ്കിലും അതുവരെ നീട്ടിപ്പോവാതെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്ന സൂചനയാണുള്ളത്. 2013 നവംബര്‍ 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടവും അനുബന്ധ ഉത്തരവും പ്രകാരം കേരളത്തിലെ 123 വില്ലേജുകള്‍ ഇഎസ്എ പരിധിയിലാണ്.
ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ 2014 മാര്‍ച്ച് 10ന് കേന്ദ്ര സര്‍ക്കാര്‍ ആദ്യ കരട് വിജ്ഞാപനം ഇറക്കി. തുടര്‍ന്ന് 2015 സപ്തംബര്‍ നാലിനും 2017 ഫെബ്രുവരി 17നും കരട് വിജ്ഞാപനം പുതുക്കി. അവസാനത്തെ കരട് വിജ്ഞാപനത്തിന്റെ സമയപരിധി ഓഗസ്റ്റ് വരെ ഉണ്ടെങ്കിലും അതുവരെ നീട്ടിപ്പോവാതെ അന്തിമ വിജ്ഞാപനം ഉണ്ടാകുമെന്നാണു സൂചന. കസ്തൂരിരംഗന്‍ റിപോര്‍ട്ട് പ്രകാരം കേരളത്തിലെ 123 വില്ലേജുകള്‍ ഇഎസ്എ പരിധിയിലാണ്. ആദ്യം ഇറക്കിയ കരട് വിജ്ഞാപനം പിന്നീട് രണ്ടുതവണ പുതുക്കിയെന്നും ഇനിയൊരുതവണ കൂടി കരട് വിജ്ഞാപനം ഇറക്കില്ലെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടുണ്ടെന്നും ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss