|    Sep 26 Wed, 2018 3:02 am
FLASH NEWS

ഹൈദ്രോസ് മാഷിലൂടെ വയനാടിന് അഭിമാന നേട്ടം

Published : 28th August 2018 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി കെ ഹൈദ്രോസിലൂടെ വയനാട് ദേശീയ അധ്യാപക അവാര്‍ഡ് പട്ടികയില്‍ ഇടംനേടി. കഴിഞ്ഞദിവസമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2017ലെ ദേശീയ അധ്യാപക അവാര്‍ഡാണ് ഹൈദ്രോസ് മാഷിനെ തേടിയെത്തിയിരിക്കുന്നത്. അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തിലാണ് കൊളഗപ്പാറ ചോളയിലെ അദ്ദേഹത്തിന്റെ കുടുംബം.
അവാര്‍ഡ് വിവരമറിഞ്ഞ് കുടുംബക്കാരും നാട്ടുകാരും മാഷിന് അഭിനന്ദനങ്ങളുമായി വീട്ടിലെത്തിത്തുടങ്ങി. രണ്ടുവര്‍ഷം മുമ്പാണ് സി കെ ഹൈദ്രോസ് മൂലങ്കാവ് സ്‌കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്. സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലെത്തിക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃപാടവത്തിനു കഴിഞ്ഞിട്ടുണ്ട്്.
കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ അടല്‍ ടിങ്കറിങ് ലാബ്, സംസ്ഥാനത്തെ മികച്ച പിടിഎ അവാര്‍ഡ്, ഹരിതവിദ്യാലയം പുരസ്‌കാരം, കാലമേളയില്‍ സംസ്ഥാനതലത്തില്‍ മിന്നുംവിജയം, അക്കാദമിക് പ്ലാന്‍ എന്നിവ തയ്യാറാക്കല്‍, പാഠ്യ-പാഠ്യേതര രംഗങ്ങളിലെ നേട്ടം തുടങ്ങിയവ അവാര്‍ഡിന് പരിഗണിച്ചു. ഈ നേട്ടം വിദ്യാലയത്തിന്റെ ജനകീയ മുന്നേറ്റത്തിനുള്ള അംഗീകരമാണെന്നും ഇതു തന്റെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും സമര്‍പ്പിക്കുന്നതായും ഹൈദ്രോസ് മാഷ് പറഞ്ഞു.
പെരിക്കല്ലൂര്‍ ചോലയില്‍ പരേതരായ കുഞ്ഞഹമ്മദ് മുസ്‌ല്യാരുടെയും ഫാത്തിമയുടെയും ആറു മക്കളില്‍ നാലാമനായ ഹൈദ്രോസിന്റെ പഠനം പെരിക്കല്ലൂര്‍ ഗവ. സ്‌കൂളിലായിരുന്നു. തുടര്‍ന്നു കോഴിക്കോട് ഗവ. ആര്‍ട്‌സ്് കോളജില്‍ നിന്നു ബിരുദവും ഫാറൂഖ് കോളജില്‍ നിന്നു ബിഎഡും പൂര്‍ത്തിയാക്കി. തുടര്‍ന്ന് അധ്യാപകവൃത്തി ആരംഭിക്കുന്നത് 1993ല്‍ വടുവഞ്ചാല്‍ ഗവ. ഹൈസ്‌കൂളിലാണ്. 2003-08 കാലയളവില്‍ ബീനാച്ചി ബിആര്‍സിയില്‍ ട്രെയിനറായും സേവനമഷ്ഠിച്ചു. 2015ല്‍ മാതമംഗലം ഗവ. ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനായി. പിന്നീടാണ് മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുന്നത്.
ഇതിനിടയില്‍ ഇദ്ദേഹം എംഎയും എംഎഡും കൂടി തന്റെ അക്കാദമിക് യോഗ്യതയോട് ചേര്‍ത്തു. ഭാര്യ സഫിയ അമ്പലവയല്‍ ഗവ. സ്‌കൂളില്‍ പ്രൈമറി വിഭാഗം അധ്യാപികയാണ്. ബിഎസ്‌സി അഗ്രികള്‍ച്ചര്‍ പൂര്‍ത്തിയാക്കിയ അഫീഫ, രാമനാട്ടുകരയില്‍ ആര്‍ട്ടിടെക്ചറിന് പഠിക്കുന്ന അഫ്‌സല്‍, മൂലങ്കാവ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഹിബ എന്നിവരാണ് മക്കള്‍.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss