|    Aug 24 Thu, 2017 2:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹൈദരാബാദിലെ ഐഎസ് അനുകൂലികള്‍; സ്‌ഫോടകവസ്തുവെന്ന പേരില്‍ എന്‍ഐഎ പിടിച്ചെടുത്തത് പെയിന്റ് റിമൂവര്‍

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹൈദരാബാദ് നഗരത്തില്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തവരുടെ വീട്ടില്‍നിന്നു കണ്ടെടുത്തത് പെയിന്റ് റിമൂവര്‍ ആണെന്ന് വെളിപ്പെടുത്തല്‍.
സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ്‌സിന്റെ നിര്‍ദേശപ്രകാരം ഹൈദരാബാദില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് അഞ്ചുപേരെ എന്‍ഐഎ കഴിഞ്ഞമാസം 29ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാളായ അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ അമൂദി എന്ന ഫഹദിന്റെ അനുജനാണ് വീട്ടില്‍ നിന്നു കണ്ടെടുത്തത് പെയിന്റ് റിമൂവര്‍ ആണെന്ന് വെളിപ്പെടുത്തിയത്.
സഹോദരന്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൈഡ്രോ ഗ്രാഫിക്‌സ് വര്‍ക്‌ഷോപ്പ് തുടങ്ങുന്നതിന്റെ ഒരുക്കത്തിലായിരുന്നു. അതിനുവേണ്ടി സൂക്ഷിച്ച പെയിന്റ് റിമൂവര്‍ ആണ് സ്‌ഫോടക ലായനിയെന്ന് പറഞ്ഞ് എന്‍ഐഎ എടുത്തുകൊണ്ടുപോയത്-അദ്ദേഹം പറഞ്ഞു. തന്റെ ജോലി പോവുമെന്ന് ഭയന്ന് അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല.
ബ്രസ്സല്‍സിലും പാരിസിലും ബോംബ് സ്‌ഫോടനത്തിനു വേണ്ടി ഉപയോഗിച്ചതു പോലുള്ള സ്‌ഫോടക വസ്തുവാണിതെന്നായിരുന്നു എന്‍ഐഎ അവകാശപ്പെട്ടിരുന്നത്.
എംബിഎ ബിരുദധാരിയായ ഫഹദ് നാലുവര്‍ഷം ഖത്തറില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നു. വിവാഹിതനായ അദ്ദേഹം മൂന്നു പെണ്‍മക്കളുടെ പിതാവുമാണ്-സഹോദരന്‍ പറഞ്ഞു.
കണിശമായ മതാനുഷ്ഠാനങ്ങള്‍ നടത്തുന്ന ആളായിരുന്നില്ല ഫഹദ്. തന്റെ വര്‍ക്‌ഷോപ്പിന്റെ രജിസ്‌ട്രേഷനു വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു അയാള്‍. മുഹമ്മദ് ഇബ്രാഹിം യസ്ദാനി എന്ന നേതാവിനെ അയാള്‍ അറിയുകപോലുമില്ല. അറസ്റ്റിലായ ഹബീബ് മുഹമ്മദ് ഫഹദിന്റെ സഹോദരി ഭര്‍ത്താവാണ്. യസ്ദാനിയെയും അദ്ദേഹത്തിന്റെ അനുജന്‍ ഇല്യാസിനേയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. യസ്ദാനിയുടെ വീട്ടില്‍ നിന്നു 15 ലക്ഷം രൂപ കണ്ടെടുത്തു എന്നുള്ള എന്‍ഐഎയുടെ വാദം വ്യാജമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ മുഹമ്മദ് പെര്‍വന്‍ ഖാദ്‌രിയും പറഞ്ഞു.
എന്നാല്‍, കണ്ടെടുത്തത് സ്‌ഫോടകവസ്തു നിര്‍മാണത്തിനുള്ള രാസപദാര്‍ഥമാണെന്നാണ് എന്‍ഐഎ പറഞ്ഞത്. അറസ്റ്റിലായവരെ 12 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്യുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക