|    Jan 23 Mon, 2017 5:59 am
FLASH NEWS

ഹൈദരലിയുടെ കൊലപാതകം; സാജിത വിധി കേട്ടത് വിങ്ങലോടെ

Published : 27th July 2016 | Posted By: SMR

പെരുമ്പാവൂര്‍: ഇതിലും വലിയ ശിക്ഷ അവര്‍ക്ക് ലഭിക്കണമായിരുന്നു. നിയമത്തിന് ചില പരിമിതികളുള്ളതിനാല്‍ അതില്‍ ഞാന്‍ സമാധാനിക്കുകയാണെന്ന് ഹൈദരലിയുടെ ഭാര്യ സാജിത.
കോടതിയില്‍ നമുക്ക് വേണ്ടി വാദിച്ച അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സാറിന് പ്രത്യേക നന്ദിയുണ്ട്. മനസ് കലങ്ങിയെങ്കിലും ദൃഢതയോടെയാണ് 2012 ഓഗസ്റ്റ് 15ന് അതിക്രൂരമായി കൊലചെയ്യപ്പെട്ട പെരുമ്പാവൂര്‍ പള്ളിക്കവല തച്ചിരുകുടി വീട്ടില്‍ ഹൈദരലിയുടെ ഭാര്യ സാജിത വിധി കേട്ടത്.
ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ത്വല്‍ഹത്ത് ഇപ്പോള്‍ പ്ലസ്ടു പാസായി ഒരാഴ്ച്ച മുമ്പാണ് ആലുവയിലെ ഐറ്റിസിക്ക് പഠിക്കാന്‍ ചേര്‍ന്നത്. വിധി കേള്‍ക്കാന്‍ എറണാകുളം ജില്ലാ കോടതിയില്‍ ഹൈദരലിയുടെ ജേഷ്ഠനും സാജിതയുടെ പിതാവുമാണ് എത്തിയത്. മകന്‍ ക്ലാസില്‍ പോയിരുന്നതിനാല്‍ എത്തിയില്ല.
ജീവിതത്തില്‍ ചെറിയ തോതില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്താണ് വിശുദ്ധ റമളാനിലെ ഏറെ പുണ്യമുളള 27ാം രാവില്‍ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര ദിനത്തില്‍ തന്റെ ഇന്‍ഡിക്ക കാറില്‍ ഓട്ടം വിളിച്ചപ്പോള്‍ ഹൈദര്‍ ഓട്ടം പോവാന്‍ തയ്യാറായത്. ഇടുക്കി പോതമേട് ഭാഗത്തേക്ക് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണി ശെല്‍വന്‍ എന്ന പോതമേട് സ്വദേശി ഓട്ടം വിളിക്കാന്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫിസിന് മുന്നിലുള്ള കാര്‍ സ്റ്റാന്റിലെത്തിയത്.
യാത്ര ആരംഭിച്ച് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലെത്തിയപ്പോള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും മണിയുടെ മൂന്ന് സുഹൃത്തുക്കളേയും കാറില്‍ കയറ്റുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇറോഡ് പെരിയാര്‍ നഗര്‍ കോളത്തുപ്പുള്ളൈ ശിവ, വളയൂര്‍ അമ്മന്‍കോവില്‍ സെബാസ്റ്റിയന്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവരാണ് വാഹനത്തില്‍ കയറിയത്.
ഇടുക്കിയിലേക്ക് പോവണമെന്ന് പറഞ്ഞ് ഓട്ടം വിളിച്ച പ്രതികള്‍ യാത്രക്കിടയില്‍ വണ്ടി നിര്‍ത്തി ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയും ഹൈദരലി ഡിക്കി തുറക്കുന്നതിനിടെ പ്രായപൂര്‍ത്തിയാവാത്ത പ്രതി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് മറ്റ് പ്രതികള്‍ കമ്പിവടിക്ക് അടിച്ച് മാരകമായി പരിക്കേല്‍പിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പ് വരുത്തുകയായിരുന്നു.
ഇതിന് ശേഷം പെരുമ്പാവൂരിലേക്ക് തിരിച്ച പ്രതികള്‍ പെട്രോളില്‍ കുതിര്‍ത്ത ടവ്വല്‍ ഉപയോഗിച്ച് മൃതദേഹത്തില്‍ തീ കൊളുത്തി തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമാക്കിയിരുന്നു. ആഗസ്ത് 16ന് രാവിലെ 6.30 ഓടെയാണ് രായമംഗലം തായ്ക്കരചിറങ്ങര പഞ്ചായത്ത് ഓഫിസ് റോഡില്‍ ഹൈദരലിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അതിന് ശേഷം പ്രതികളിലൊരാളായ മണി കാറുമായി പൂപ്പാറയിലേക്കും മറ്റുള്ളവര്‍ പെരുമ്പാവൂരിലേക്കും മടങ്ങി. കുറുപ്പംപടി വായ്ക്കരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഒരാളാണ് കാര്‍ ഓട്ടം വിളിക്കാനെത്തിയതെന്ന ഹൈദരാലിയുടെ സഹപ്രവര്‍ത്തരുടെ മൊഴിയാണ് പോലിസിന് പ്രതികളിലേക്കെത്തിച്ചേരാന്‍ സഹായിച്ചത്.
ഒന്നാം പ്രതിയായ മണി അറസ്റ്റിലായതോടെ മറ്റ് പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുകയും ചെയ്തു. അന്ന് കുറുപ്പംപടി സിഐ ആയിരുന്ന ക്രിസ്പിന്‍ സാം ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
ഹൈദരലിയുടെ മരണ ശേഷം തയ്യല്‍ ജോലിയിലൂടെയാണ് ഭാര്യ ജീവിതം മുന്നോട്ട് നയിച്ചത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് സഹായനിധി രൂപീകരിച്ച് വീട് നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുകയും ചെയ്തു. സാജിതയുടെ പിതാവ് രോഗിയായതിനാല്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക