|    Sep 21 Fri, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ് : കാമറൂണ്‍ സ്വദേശികള്‍ അറസ്റ്റില്‍

Published : 18th August 2018 | Posted By: kasim kzm

മഞ്ചേരി: കാമറൂണ്‍ സ്വദേശികളായ രണ്ട് അന്താരാഷ്ട്ര കുറ്റവാളികളെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. ഹൈടെക് സാങ്കേതികവിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരുകയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെയാണ് മഞ്ചേരി പോലിസ് ഹൈദരാബാദില്‍ നിന്നു സാഹസികമായി അറസ്റ്റ് ചെയ്തത്.
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെന്ന പേരില്‍ പരസ്യം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ ആരെങ്കിലും ഉല്‍പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്ക് മെസേജ് ലഭിക്കുകയും ഇവര്‍ ഇ-മെയില്‍ മുഖാന്തരമോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖാന്തരമോ ഇരകളെ ബന്ധപ്പെടും. ഇര ഉല്‍പന്നം വാങ്ങാന്‍ തയ്യാറാണെന്നു തോന്നിയാല്‍ കമ്പനികളുടേതാണെന്നു വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും.
പിന്നീട് ഉല്‍പന്ന വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം അടച്ചാല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ കണ്‍സൈന്‍മെന്റ് നമ്പറും കാണിച്ച് മെസേജ് അയക്കും. പ്രതികള്‍ തന്നെ വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്‌സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ ട്രാക്ക് ചെയ്യാനാവുമെന്നതിനാല്‍ ഇതു പരിശോധിക്കുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസം തോന്നും. ദിവസങ്ങള്‍ക്കു ശേഷം കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിങ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടയ്ക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് മെസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്നവര്‍ വീണ്ടും പണം അടയ്ക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.
മഞ്ചേരി സ്വദേശി ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തില്‍ മഞ്ചേരി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള പ്രതികളെ തിരിച്ചറിയുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ഈ കേസിലെ പരാതിക്കാരന്റെ പണം രാജസ്ഥാനിലുള്ള ഒരു സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പോയതെന്നു മനസ്സിലായതില്‍ രാജസ്ഥാനിലെത്തി അന്വേഷണം നടത്തിയിരുന്നു. ഒന്നാം പ്രതി ഹൈദരാബാദില്‍ നിന്നും രണ്ടാം പ്രതി കാമറൂണില്‍ നിന്നുമാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
മാസങ്ങള്‍ക്കു മുമ്പാണ് ലാങ്ജി കിലിയന്‍ കെങ് ഇന്ത്യയിലെത്തിയത്. പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ പ്രതികള്‍ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും മറ്റും സാധ്യതയുണ്ടെന്നതിനാല്‍ പ്രദേശവാസികളുടെയും മറ്റും സഹായത്തോടെ അതീവ രഹസ്യമായി നിരീക്ഷണം നടത്തി പ്രതികളുടെ വാസസ്ഥലം തിരിച്ചറിഞ്ഞ ശേഷമാണ് പിടികൂടിയത്. പ്രതികളില്‍ നിന്നു നിരവധി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു വിവരം ലഭിച്ചു. സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍ എം അബ്ദുല്ല ബാബു, എസ്‌ഐടി അംഗങ്ങളായ കെ പി അബ്ദുല്‍ അസീസ്, എ ശശികുമാര്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss