|    Jan 22 Sun, 2017 9:25 am
FLASH NEWS

ഹൈടെക്കാവാനൊരുങ്ങി കെഎസ്ഇബിയും

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: ഐടി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ വൈദ്യുതി വകുപ്പ് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ രേഖപ്പെടുത്തുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ സംവിധാനത്തിന് പിന്നാലെയാണ് മൂന്ന് ഐടി അധിഷ്ഠിത സേവനം കൂടി ആരംഭിക്കുന്നതെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
1912 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കേരളത്തിലെവിടെനിന്നും പരാതി അറിയിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ഇനി മുതല്‍ 9496018367 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴി എല്ലാവിധ പരാതികളും രേഖപ്പെടുത്താം. വൈദ്യുതി തടസ്സങ്ങള്‍ മുന്‍കൂട്ടി എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുകയെന്നതാണ് മറ്റൊരു പദ്ധതി.
വൈദ്യുതി ബില്ല് വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ലഭ്യമാക്കും. പിഴ കൂടാതെ ബില്ല് അടയ്ക്കുന്നതിനും വൈദ്യുതി വിച്ഛേദിക്കുന്നതിനു മുമ്പ് ഉപഭോക്താക്കളെ ഓര്‍മപ്പെടുത്താനും ഇതുവഴി കഴിയും.
നാല് പുതിയ ഐടി അധിഷ്ഠിത സേവനങ്ങളുടെയും ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി—ക്ക് സൗകര്യപ്രദമായ തിയ്യതിയില്‍ ഈ മാസം നടത്തും. മൊബൈല്‍ ഫോണ്‍ വഴി ബില്ലടയ്ക്കുന്നതിനും വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കെഎസ്ഇബി തയ്യാറാക്കിയ പുതിയ മൊബൈല്‍ ആപ്പ് സേവനവും വൈകാതെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. ഏതുസമയവും വൈദ്യുതി ബില്ലടയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്കായി എടിഎമ്മിന് സമാനമായ കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍  (സിഡിഎം) തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി വിജയകരമായാല്‍ സംസ്ഥാനവ്യാപകമായി നടപ്പാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
പുതിയ കണക്ഷന്‍ ലഭിക്കുന്നതിനടക്കമുള്ള വിവിധ അപേക്ഷകള്‍ ഓഫിസില്‍ പോവാതെ ഓണ്‍ലൈനായി സമര്‍പ്പിക്കാനും കെഎസ്ഇബി സംവിധാനമേര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അപേക്ഷയോടൊപ്പം രണ്ട് രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാവും. തിരിച്ചറിയല്‍ രേഖയും ഉടമസ്ഥാവകാശരേഖയും മാത്രം ഇനി നല്‍കിയാല്‍ മതിയാവും

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക