|    Jan 22 Sun, 2017 7:20 am
FLASH NEWS

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

Published : 21st July 2016 | Posted By: sdq

സ്വന്തം പ്രതിനിധി

കൊച്ചി: ഹൈക്കോടതി വളപ്പില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ഒരുവിഭാഗം അഭിഭാഷകരുടെ അഴിഞ്ഞാട്ടം. കോടതിയില്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ മൂന്നു വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ബന്ദിയാക്കി. അഞ്ചുപേരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. റോസമ്മ ചാക്കോ, എ എം പ്രീതി, ശബ്‌ന സിയാദ്, ടി എ സുബൈര്‍, ഗോപന്‍ തുടങ്ങിയവരെയാണ് ബന്ദികളാക്കിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മീഡിയവണ്‍ റിപോര്‍ട്ടര്‍ ആതിര അഗസ്റ്റിന്‍, കാമറാമാന്‍ മോനിഷ് മോഹന്‍, ബാസില്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗവ. പ്ലീഡര്‍ യുവതിയെ കടന്നുപിടിച്ചതു വാര്‍ത്തയാക്കിയതില്‍ പ്രകോപിതരായ ഒരുവിഭാഗം യുവ അഭിഭാഷകരാണു അക്രമത്തിനു പിന്നില്‍. ചൊവ്വാഴ്ചയും സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെ രാവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിഭാഷക പ്രതിനിധികളുമായി ചര്‍ച്ചനടത്തി. പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ടിങിനായി കോടതിയിലെത്തിയത്.
ഇതിനിടയില്‍ അഭിഭാഷക അസോസിയേഷന്റെ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഒരുവിഭാഗം അഭിഭാഷകര്‍ മീഡിയവണ്‍ റിപോര്‍ട്ടറെയും കാമറാമാനെയും ഒബി വാന്‍ എന്‍ജിനീയറെയും ആക്രമിച്ചു. ഇതു തടയാന്‍ ചെന്ന ഏഷ്യാനെറ്റ് കാമറാമാന്‍ രാജേഷ് തകഴിയെയും റിപോര്‍ട്ടര്‍ സലാം പി ഹൈദ്രോസിനെയും തല്ലി. തുടര്‍ന്ന് മീഡിയാ റൂമിലിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തു. അസഭ്യംപറയുകയും മുറി പൂട്ടിയിടുകയും ചെയ്തു. സ്ഥലത്തെത്തിയ പോലിസാണ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതി രജിസ്ട്രാറുടെ മുറിയിലെത്തിച്ചത്.
കോടതിക്കു വെളിയില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ചില്ലറ നാണയങ്ങള്‍ വലിച്ചെറിയുകയും സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് കെ രവികുമാര്‍ ഉള്‍പ്പെടെയുള്ളവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് പോലിസ് ലാത്തിവീശി. സിറ്റി പോലിസ് കമ്മീഷണര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അഭിഭാഷകര്‍ അസഭ്യവര്‍ഷം തുടരുകയായിരുന്നു.
ഇതിനിടെ രജിസ്ട്രാറുടെ മുറിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിനു പരാതിനല്‍കി. മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയാന്‍ കഴിയില്ലെന്നും വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാമെന്നും പിരിഞ്ഞുപോവണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക