|    Nov 18 Sun, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതി മാര്‍ച്ച് : പോലിസിനും സര്‍ക്കാരിനും ഇരട്ട നീതി

Published : 28th July 2018 | Posted By: kasim kzm

പി എച്ച് അഫ്‌സല്‍
കോഴിക്കോട്: കോടതി വിധിയില്‍ പ്രതിഷേധിച്ച മൂന്നു വ്യത്യസ്ത സംഭവങ്ങളില്‍ പോലിസിനും സര്‍ക്കാരിനും രണ്ടു നീതി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതിയുടെ വിചിത്രമായ വിധിക്കെതിരേ മുസ്‌ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെ വിമര്‍ശിച്ചവര്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചും സഭാ വിശ്വാസികള്‍ കോടതി വിധിക്കെതിരേ കോതമംഗലത്ത് നടത്തിയ മാര്‍ച്ചും ഹര്‍ത്താലും അറിഞ്ഞഭാവം പോലുമില്ല.
ഇക്കഴിഞ്ഞ ജൂലൈ 19നായിരുന്നു പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (പിഎഫ്പിഎ) ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.  ഹയര്‍ പെന്‍ഷന്‍ സംബന്ധിച്ച കേസ് വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പ്രസ്താവം നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡ ന്റുമായ ആനത്തലവട്ടം ആനന്ദനെയായിരുന്നു ഹൈക്കോടതി മാര്‍ച്ചിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
അദ്ദേഹം പാര്‍ട്ടിയുടെ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി നേതാക്കളടക്കം പാര്‍ട്ടി പ്രതിനിധികളെല്ലാം മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു. ഹാദിയ വിഷയത്തി ല്‍ മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നു വാദിച്ച പാര്‍ട്ടികളുടെ നേതാക്കള്‍ തന്നെയാണ് പിഎഫ്പിഎ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്.
കോതമംഗലം ചെറിയപള്ളിയുമായി ബന്ധപ്പെട്ടു സഭാ വിശ്വാസികളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തി ല്‍ മൂവാറ്റുപുഴ കോടതി ഒരു വിധികല്‍പ്പിച്ചു. കോടതിവിധിയെ വെല്ലുവിളിച്ച് കോതമംഗലം നഗരത്തില്‍ നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. കോടതിവിധിക്കെതിരേ ഹര്‍ത്താലും സംഘടിപ്പിച്ചു. ഈ സംഭവത്തിലും പോലിസും സര്‍ക്കാരും യാതൊരു നടപടിയും സ്വീകരിച്ചില്ല. അതേസമയം, അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും മുസ്‌ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് 3000 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പാതിരാത്രിയിലും വീടുകള്‍ കയറി പോലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മാര്‍ച്ച് ഭീകര സംഭവമായി അവതരിപ്പിച്ചു മാധ്യമങ്ങളും വലിയ രീതിയില്‍ വാര്‍ത്തകള്‍ നല്‍കി. ഒരു വര്‍ഷം മുമ്പു നടന്ന മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ പോലിസ് നായാട്ടും അറസ്റ്റും ഇപ്പോഴും തുടരുകയാണ്. അതേസമയം, പിഎഫ്പിഎ നടത്തിയ ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ ഒരാളെ പോലും പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നീതി നടപ്പാക്കുന്ന വിഷയത്തില്‍ ഒരു വിഭാഗത്തിനെതിരേ വ്യക്തമായ വിവേചനം നിലനില്‍ക്കുന്നുവെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മാര്‍ച്ചിന്റെ കാര്യത്തിലുള്ള പോലിസിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss