|    May 25 Thu, 2017 12:33 pm
FLASH NEWS

ഹൈക്കോടതി ജഡ്ജിമാരുമായി മാധ്യമപ്രതിനിധികള്‍ ചര്‍ച്ചനടത്തി

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിക്കാനിടയായ പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനായി ജില്ലകളില്‍ മാധ്യമ- അഭിഭാഷക പ്രതിനിധികളെ ഉള്‍പ്പെടുത്തി മീഡിയ ഫ്രണ്ട്‌ലി സമിതി രൂപീകരിക്കാന്‍ തീരുമാനം. ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍, തിരുവനന്തപുരം ജില്ലാ ജഡ്ജി എന്നിവരുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു ധാരണയായത്. നിലവിലെ പ്രശ്‌നം പരിഹരിച്ചതായി ഹൈക്കോടതിയില്‍നിന്നെത്തിയ ജഡ്ജിമാര്‍ അറിയിച്ചു.
ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയില്‍ മാധ്യമപ്രതിനിധികള്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രതിനിധികള്‍, വനിതാ പ്രതിനിധികള്‍ എന്നിവരുണ്ടാവും. കോടതിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥിരം സമിതിയായിരിക്കും രൂപീകരിക്കുക. കോടതിയിലെ റിപോര്‍ട്ടിങുമായി ബന്ധപ്പെട്ടുണ്ടാവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഈ സമിതിയായിരിക്കും പരിശോധിച്ചു പരിഹാരം കണ്ടെത്തുക. ഇന്നുമുതല്‍ കോടതികളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ പുനരാരംഭിക്കാനും ജഡ്ജിമാരുടെ സമിതി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. വഞ്ചിയൂര്‍ ജില്ലാ കോടതിയിലെ അടച്ചുപൂട്ടിയ മീഡിയാ റൂം തുറക്കും. മീഡിയാ റൂമില്ലാത്ത സ്ഥലങ്ങളില്‍ പുതിയവ സ്ഥാപിക്കും.
വഞ്ചിയൂര്‍ കോടതിവളപ്പില്‍ ഇതുവരെ നടന്ന സംഭവങ്ങള്‍ കൂടുതല്‍ വഷളാക്കാതെ മുന്നോട്ടുകൊണ്ടുപോവണമെന്ന നിര്‍ദേശമാണ് ജഡ്ജിമാര്‍ മുന്നോട്ടുവച്ചത്. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പിന്നീട് ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. പോലിസ് കേസുകള്‍ അനുരഞ്ജനമാര്‍ഗത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ജഡ്ജിമാര്‍ ഉറപ്പുനല്‍കിയതായി പത്രപ്രവര്‍ത്തകയൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. കോടതി റിപോര്‍ട്ടിങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു തടസ്സങ്ങളുണ്ടാവില്ലെന്നു ജഡ്ജിമാരുടെ സമിതി ഉറപ്പുനല്‍കി. അതേസമയം, അഭിഭാഷകര്‍ക്കെതിരേ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ബാര്‍ കൗണ്‍സിലിനും പരാതി നല്‍കുമെന്ന് യൂനിയന്‍ അറിയിച്ചു.
ഡല്‍ഹി പ്രസ് ക്ലബ്ബ് പ്രതിനിധികള്‍ സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണു ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന രണ്ട് ജഡ്ജിമാരായ പി എല്‍ രവീന്ദ്രനാഥും പി ആര്‍ രാമചന്ദ്രന്‍നായരും തിരുവനന്തപുരത്തെത്തിയത്. രാവിലെ ജില്ലാ കോടതിയിലെത്തിയ ജഡ്ജിമാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി ഷെര്‍സിയുടെ അധ്യക്ഷതയില്‍ അഭിഭാഷകരുമായും ബാര്‍ അസോസിയേഷന്‍ പ്രതിനിധികളുമായും സംസാരിച്ചു. തുടര്‍ന്ന് തെളിവെടുപ്പിനുശേഷം തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി മാധ്യമപ്രതിനിധികളുമായി ചര്‍ച്ചനടത്തി. ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
പത്രപ്രവര്‍ത്തകയൂനിയന്‍ ജില്ലാ പ്രസിഡന്റ് സി റഹീം, സെക്രട്ടറി ബി എസ് പ്രസന്നന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പിള്ള, സെക്രട്ടറി കെ ആര്‍ അജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day