|    Jan 19 Thu, 2017 4:30 pm
FLASH NEWS

ഹൈക്കോടതി ഇടപെടലില്‍ മൂലമറ്റം-പതിപ്പള്ളി-ഉളുപ്പൂണി റോഡിന് ശാപമോക്ഷം

Published : 15th October 2016 | Posted By: Abbasali tf

തൊടുപുഴ: നാട്ടുകാര്‍ രൂപികരിച്ച വികസന സമിതിയുടെ നിയമപോരാട്ടത്തിനൊടുവില്‍ മൂലമറ്റം -പതിപ്പളളി- ഉളുപ്പൂണി റോഡിന് 9.38 കോടിയുടെ ഭരണാനുമതി ലഭിച്ചു. സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ജഡ്ജി എ മുഹമ്മദ് മുസ്താഖിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്.40 വര്‍ഷം മുമ്പ് നാട്ടുകാര്‍ വെട്ടിത്തുറന്ന ഈ പാത തേക്കടി,വാഗമണ്‍,പീരുമേട്,കുരിശുമല എന്നിവടങ്ങളിലേക്കുളള എളുപ്പവഴിയാണ.്100 ശതമാനം ആദിവാസികള്‍ താമസിക്കുന്ന പതിപ്പളളി,മേമുട്ടം വഴി കടന്നുപോകുന്ന റോഡ് ദൂരക്കുറവും അപകട സാധ്യതയില്ലാത്തതുമാണ്.
മാത്രമല്ല,പാലങ്ങളോ,കലുങ്കുകളോ,ചപ്പാത്തുകളോ നിര്‍മിക്കേണ്ട ആവശ്യവുമില്ല.റോഡ്പണി പൂര്‍ത്തയായാല്‍ തൊടുപുഴയില്‍ നിന്നും കട്ടപ്പനയ്ക്കുളള ദൂരം 90ല്‍ നിന്നും 70 കിലോമീറ്ററായി ചുരുങ്ങും.എന്നിട്ടും ആദിവാസികളുടേതായതിനാല്‍ റോഡിനെ മുന്‍സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ ഇടുക്കി എംപി പി ടി തോമസ് മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍പ്പെടുത്തി സര്‍വേയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചു. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ എസ്റ്റിമേറ്റും റിപോര്‍ട്ടും റോഡിന്റെ അലൈന്‍മെന്റും അംഗീകരിച്ച് ഭരണാനുമതി കിട്ടുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ ധനകാര്യവകുപ്പില്‍ നിന്ന് അനുമതി ലഭിക്കാത്തതുമൂലം പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഭരണാനുമതി കിട്ടിയില്ല. രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും തദ്ദേശവാസികള്‍ സമീപിച്ചെങ്കിലും ആദിവാസി കോളനി ആയതിനാല്‍ അവഗണിക്കുകയാണുണ്ടായത്.  2014-2015 സാമ്പത്തിക വര്‍ഷത്തില്‍ വീണ്ടും ഭരണാനുമതി കിട്ടുന്നതിന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചില പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നത്തെ ധനകാര്യമന്ത്രി  കെ എം മാണി വീണ്ടും അനുമതി നിഷേധിച്ചു.
അഞ്ച് വര്‍ഷം മുമ്പ് മേമുട്ടം ഭാഗത്ത് ഉരുള്‍പ്പൊട്ടി റോഡ് പൂര്‍ണമായി തകര്‍ന്നു. എംഎല്‍എയേയും എംപി യേയും മറ്റ് പഞ്ചായത്ത് ജനപ്രതികളേയും തദ്ദേശ വാസികള്‍ സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.ഇതിനെ തുടര്‍ന്ന് തദ്ദേശവാസികള്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം ഡി ദേവദാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് റോഡ് വികസന സമിതി രൂപീകരിക്കുകയായിരുന്നു.കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി ഉത്തരവിടുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം ഡി ദേവദാസ്, ഊരുമൂപ്പന്‍ പി ജി ജനാര്‍ദ്ദനന്‍, ഇടുക്കി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ടി കെ ശങ്കരന്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി കെ മോഹനന്‍,ആദിവാസി ഗോത്രസഭ ജില്ലാ കമ്മിറ്റി മെംബര്‍ സി എസ് ജിയേഷ് പങ്കെടുത്തു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക