|    Jul 22 Sat, 2017 8:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹൈക്കോടതിയില്‍ വീണ്ടും മാധ്യമവിലക്കും ഭീഷണിയും

Published : 1st October 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയില്‍ റിപോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ കൈയേറ്റശ്രമവും ഭീഷണിയും. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടരമാസമായി കോടതിയില്‍ പ്രവേശിക്കാതിരുന്ന റിപോര്‍ട്ടര്‍മാര്‍ ചീഫ് ജസ്റ്റിസിന്റെ ഉറപ്പിന്‍മേല്‍ ഇന്നലെ എത്തിയപ്പോഴാണ് പുതിയ സംഭവവികാസം.
അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെട്ട സംഘം മാധ്യമപ്രവര്‍ത്തകരെ തടയുകയും ഇറങ്ങിപ്പോയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നേരത്തേ ഹൈക്കോടതിയിലുണ്ടായിരുന്ന സംഘര്‍ഷത്തിനു കാരണക്കാരെന്ന് ആരോപിച്ചായിരുന്നു കൈയേറ്റശ്രമം.
ചീഫ് ജസ്റ്റിസിന്റെയും അഭിഭാഷക-മാധ്യമ സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍, മീഡിയാ റൂം തുറക്കില്ലെന്നും എന്നാല്‍ സ്വതന്ത്രമായി വാര്‍ത്ത റിപോര്‍ട്ട് ചെയ്യാമെന്നുമുള്ള തീരുമാനത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് വിവിധ മാധ്യമങ്ങളിലെ എട്ടു റിപോര്‍ട്ടര്‍മാര്‍ ഇന്നലെ കോടതിയിലെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന്റെ കോടതിക്കുള്ളില്‍ പ്രവേശിച്ചതോടെ അഭിഭാഷക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷീല ദേവിയും അഡ്വ. റില്‍ജിന്‍ ജോര്‍ജും എത്തി. കോടതിക്ക് പുറത്തുനിന്ന മാധ്യമപ്രവര്‍ത്തകരില്‍ ചിലരോട് അകത്തുള്ളവരെ പുറത്തിറക്കണമെന്നും ഹൈക്കോടതിയില്‍നിന്ന് പോവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഞങ്ങള്‍ തല്ലുമെന്നു പറഞ്ഞാല്‍ തല്ലുമെന്നും മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ഭീഷണി മുഴക്കി. പിന്നാലെ അഭിഭാഷകരും ഗുമസ്തന്‍മാരും സംഘടിച്ചെത്തി. സംഭവം കോര്‍ട്ട് ഓഫിസര്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുകയും രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
പുറത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പരാതിയുമായി രജിസ്ട്രാറുടെ മുന്നിലെത്തി. അവിടെയും സംഘടിച്ചെത്തിയ അഭിഭാഷകര്‍, പരാതി നല്‍കിയവര്‍ പുറത്തിറങ്ങണമെന്ന് ആക്രോശിച്ചു. ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പിന്നീട് പോലിസ് സുരക്ഷയോടെ മാധ്യമപ്രവര്‍ത്തകരെ പുറത്തെത്തിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക