|    Dec 15 Sat, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ മറച്ചുവച്ചു സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം നേടിയ പ്രതികള്‍ പിഴയടയ്ക്കണം

Published : 30th November 2018 | Posted By: kasim kzm

കൊച്ചി: മലപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത് മറച്ചുവച്ച് സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം നേടി. ഇതു ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി പ്രതികള്‍ 15,000 രൂപ പിഴയടയ് ക്കണമെന്ന് ഉത്തരവിട്ടു.
തുക കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിക്കാണു നല്‍കേണ്ടത്. മനാഫ് വധക്കേസിലെ ആറാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, ഏഴാംപ്രതി എളമരം സ്വദേശി കബീര്‍ എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. ഇരുവരും 15 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നും അല്ലാത്തപക്ഷം തുക ഈടാക്കാന്‍ ജപ്തി നടപടി സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വച്ച് അക്രമിസംഘം മനാഫിനെ കൊലപ്പെടുത്തിയത്. മുനീബും കബീറും നല്‍കിയ ജാമ്യാപേക്ഷ ഒക്ടോബര്‍ 31ന് ഹൈക്കോടതി തള്ളി. പിന്നീട് നവംബര്‍ 22ന് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇരുവരും സെഷന്‍സ് കോടതിയില്‍ നിന്നു ജാമ്യം നേടിയത്.
ഹൈക്കോടതിയില്‍ ഹരജി നിലവിലുള്ളത് അറിഞ്ഞയുടന്‍ ജാമ്യം റദ്ദാക്കിയ കോടതി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവുമിട്ടു. തുടര്‍ന്നാണ് ജാമ്യഹരജി ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തത്. ഇരുപ്രതികളും തട്ടിപ്പു നടത്തിയത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഹരജിക്കാരുടെ പ്രവൃത്തി കോടതിനടപടികളുടെ ദുരുപയോഗമാണെന്നു വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് പിഴശിക്ഷ വിധിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss