|    Nov 21 Wed, 2018 1:11 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹൈക്കോടതിയിലേക്ക് അഷിതയെ കൊണ്ടുവന്നത് വാള്‍മുനയില്‍

Published : 1st November 2017 | Posted By: fsq

തയ്യാറാക്കിയത്: ബഷീര്‍ പാമ്പുരുത്തി

ഏകോപനം : എം ടി പി റഫീക്ക്

പിരിയാന്‍ വയ്യാത്തവണ്ണം അടുത്തിരുന്ന പ്രിയ കാമുകി കോടതിയില്‍ വച്ചു തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ ശുഹൈബ് അമ്പരന്നു. എന്നാല്‍, പിന്നീടാണ് ഇതര മതസ്ഥരുമായുള്ള പ്രണയത്തിലും വിവാഹത്തിലും കോടതിവരാന്തകളില്‍പ്പോലും ആയുധങ്ങളുമായി ഇടപെടുന്ന സംഘപരിവാര ഭീകരതയുടെ ആഴം വ്യക്തമായത്.

ഇടിമുറികളിലെ പീഡനപര്‍വങ്ങള്‍ക്കൊടുവില്‍ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടപോലെയാണു കോടതിവരാന്തയില്‍ അഷിതയെത്തിയത്.

ഒരു വാഹനത്തില്‍ അകമ്പടി വന്നവരുടെ കൈയില്‍ കൊടുവാളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായി പിന്നീട് അവള്‍ അവനെ അറിയിച്ചു. അവനോടൊപ്പം പോയാല്‍ കോടതിവരാന്തയില്‍ നിന്നു തന്നെ വെട്ടി തുണ്ടമാക്കുമെന്നായിരുന്നു ഭീഷണി. മരവിച്ചുപോയ മനസ്സും ഭയന്നുവിറച്ച കണ്ണുകളുമായെത്തിയ അവള്‍ ഹൈക്കോടതിക്കു മുന്നില്‍ എല്ലാം മാറ്റിപ്പറഞ്ഞു. അവനോടൊപ്പം പോവുന്നില്ലെന്ന് ഒറ്റവാക്കില്‍ പറഞ്ഞപ്പോള്‍ തന്നെ അവര്‍ വന്ന വാഹനത്തില്‍ അവളെ കൊണ്ടുപോയി.

യുവാവിന്റെ അഭിഭാഷകന്‍ പറഞ്ഞു: അവള്‍ ആ സമയം അതു പറഞ്ഞില്ലെങ്കില്‍ സ്ഥിതി ഭയാനകമായേനെ. ജഡ്ജിയുടെ മുന്നില്‍നിന്നുപോലും അവര്‍ തട്ടിക്കൊണ്ടുപോവാറുണ്ട്. കോടതി വളപ്പില്‍ നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ഒന്നരവര്‍ഷമായിട്ടും പുറംലോകമറിയാത്തവരുണ്ടത്രേ!തന്റെ കാത്തിരിപ്പെല്ലാം വെറുതെയാവുമെന്നു കരുതിയപ്പോഴാണ് കെട്ടടങ്ങാത്ത പ്രണയം വീണ്ടുമെത്തിയത്.

ഒരുദിവസം അവള്‍ പരീക്ഷയെഴുതാനായി എറണാകുളത്തെത്തി. യോഗാ കേന്ദ്രത്തിലെ ‘ബ്ലാക്ക് ക്യാറ്റുകള്‍’ക്കൊപ്പമായിരുന്നു വരവ്. ഇവിടെ വച്ച് തൊട്ടടുത്ത സീറ്റിലെ പരീക്ഷാര്‍ഥിയെ പരിചയപ്പെട്ട അഷിത തന്റെ ജീവിതകഥ വെളിപ്പെടുത്തി. അവള്‍ നല്‍കിയ നമ്പറില്‍ പരീക്ഷാര്‍ഥി ശുഹൈബിനെ ബന്ധപ്പെട്ടു. ഇതനുസരിച്ച് ശുഹൈബും കൂട്ടുകാരും പരീക്ഷാസെന്ററിന്റെ എതിര്‍ഭാഗത്ത് മുറിയെടുത്തു. പരീക്ഷാഹാള്‍ വരെ വാഹനത്തിലെത്തിക്കുന്ന അവളെ രണ്ടു പെണ്‍കുട്ടികളുടെ കാവലിലാണ് മുറിയിലേക്കു വിട്ടത്. മറ്റുള്ളവരോടുള്ള സംസാരംപോലും നിരീക്ഷിച്ച അവര്‍ പക്ഷേ, തൊട്ടടുത്ത സീറ്റിലെ പയ്യനെ അത്രയ്ക്കങ്ങു ശ്രദ്ധിച്ചില്ല.

ഒരുദിവസം ശുഹൈബിന്റെ സുഹൃത്തിന്റെ കൈവശം അവള്‍ ഒരു കത്ത് നല്‍കി. മുറി ഇംഗ്ലീഷിലായി എഴുതിയ കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്: ”കേസ് കൊടുക്കൂ. കോടതി വിളിക്കട്ടെ, ഞാനെല്ലാം പറയാം. അന്നു തന്നെ വേണ്ടെന്നു പറഞ്ഞത് അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ്. തന്റെ വീട്ടുകാര്‍ക്കെതിരേയും കേസ് കൊടുക്കണം. വിശ്വാസവഞ്ചനയ്ക്ക്. വിവാഹം കഴിപ്പിച്ചുതരാമെന്നു പറഞ്ഞ് വഞ്ചിച്ചതിന്. ആര്‍ഷവിദ്യാ സമാജം, തൃപ്പൂണിത്തുറ അഥവാ ശിവശക്തി യോഗാ വിദ്യാകേന്ദ്രം എന്നാണു വിലാസം. ഇവര്‍ക്കെതിരേയും കേസ് ഫയല്‍ ചെയ്യണം.

അന്ന് ഞാനങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ നമ്മളെ അവര്‍ കൊല്ലുമായിരുന്നു…” അവിടെ നടക്കുന്ന ക്രൂരതകളുടെ ആകെ വര്‍ണനയായിരുന്നു ആ എഴുത്ത്. അഭിഭാഷകനുമായി സംസാരിച്ച യുവാവ് എന്തുചെയ്യണമെന്നറിയാതെ അലഞ്ഞുനടക്കുമ്പോഴാണ് യോഗാ കേന്ദ്രത്തിലെ നിര്‍ബന്ധിത മതംമാറ്റത്തെയും ഘര്‍വാപസി കേന്ദ്രത്തില്‍ പീഡനത്തിനിരയാവുന്ന നിരവധി പെണ്‍കുട്ടികളുടെയും കഥകള്‍ പുറത്തുവന്നത്.

ഇതിനിടെ, അവള്‍ അവിടെ നിന്നു സാഹസികമായി രക്ഷപ്പെട്ടു. എവിടെയാണെന്ന് അവളുടെ വീട്ടുകാര്‍ക്കോ അവനോ അറിയില്ല. മറ്റൊരു പെണ്‍കുട്ടിക്കൊപ്പമാണു ചാടിയത് (ക്രിസ്തുമത വിശ്വാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച ആയുര്‍വേദ ഡോക്ടര്‍ ശ്വേത കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ മറ്റൊരു പെണ്‍കുട്ടി കൂടി തന്നോടൊപ്പം പുറത്തുവന്നതായി പറയുന്നുണ്ട്). വിവാദ യോഗാ കേന്ദ്രത്തില്‍ ഹിന്ദു പെണ്‍കുട്ടികള്‍ മാത്രമല്ലെന്നും ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച മുസ്‌ലിം യുവാക്കളെയും മതംമാറ്റാനെത്തിച്ചിട്ടുണ്ടെന്നും അവള്‍ പറഞ്ഞത്രേ.

തലശ്ശേരി മേഖലയിലുള്ള യുവാവാണ് തന്റെ പ്രണയിനിയെ ലഭിക്കുന്നതിന് മതം മാറാന്‍ അവിടെയെത്തിയത്. കൊടുംപീഡനങ്ങള്‍ക്കൊടുവിലാണ് അഷിത ഈയിടെ ചാനലുകള്‍ക്കു മുന്നിലെത്തിയത്. പ്രണയിക്കുന്ന മുസ്‌ലിം യുവാവിനെ വേണ്ടെന്നു പറയുന്നതു വരെ കമ്പിയും വടിയുംകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചെന്നാണ് അഷിത മാതൃഭൂമി ചാനലിനോടു പറഞ്ഞത്. താന്‍ പ്രണയിച്ച ആള്‍ മതം മാറാന്‍ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ലൗ ജിഹാദെന്നു പറഞ്ഞാണ് തൃപ്പൂണിത്തുറ കേന്ദ്രത്തില്‍ പീഡിപ്പിച്ചത്. കുറേ പെണ്‍കുട്ടികള്‍ അവിടെയുണ്ടെന്നും പലവിധ പീഡനങ്ങള്‍ക്കും താന്‍ ഇരയായിട്ടുണ്ടെന്നും അഷിത ചാനലുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. ഇതിനുശേഷം ശുഹൈബിനെ കുറിച്ചോ അവളെക്കുറിച്ചോ ഒരു വിവരവുമില്ല. അവര്‍ക്ക് എന്തു സംഭവിച്ചെന്ന് അന്വേഷിക്കാന്‍പോലും ആരും തയ്യാറാവാത്തതും ദുരൂഹമാണ്.

ഭാഗം എട്ട്‌:
ഐഎസ് ഭീകരമുദ്ര മുതല്‍ വ്യാജ പോസ്റ്റര്‍ വരെ…

ഒന്നാം ഭാഗം ഇവിടെ വായിക്കാം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss