|    Mar 19 Mon, 2018 1:53 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഹൈക്കോടതിക്ക് ഉറുക്കുകെട്ടുമ്പോള്‍

Published : 6th October 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കേരള ഹൈക്കോടതിയിലെ മാധ്യമവിലക്കു സംബന്ധിച്ച് ഒടുവില്‍ പുറത്തുവന്ന ചീഫ് ജസ്റ്റിസിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ സമൂഹത്തിന് ഇനിയും ബോധ്യപ്പെടേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനമായ ഹൈക്കോടതിയുടെ കാര്യത്തിലുള്ള ചീഫ് ജസ്റ്റിസിന്റെയും ഭരണഘടനാനുസൃതം മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും നിലപാടുകള്‍ ആധികാരികമാണ്. പക്ഷേ, അതു വിശ്വസനീയംകൂടിയാവണം; മാധ്യമവിലക്കുമായി ബന്ധപ്പെട്ട സംഭവഗതികള്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കപ്പുറമുള്ള അസാധാരണ സാഹചര്യം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
അഭിഭാഷക- മാധ്യമപ്രശ്‌നം അവസാനിച്ചെന്നാണ് ചൊവ്വാഴ്ച കേരള ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ അറിയിച്ചത്. പ്രശ്‌നത്തില്‍ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്താന്‍ അഡ്വക്കറ്റ് ജനറല്‍ മുഖേന മുഖ്യമന്ത്രി സമയം ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാടറിയിച്ചത്. തന്റെ അധികാരപരിധിയില്‍പ്പെടുന്ന വിഷയം മുഖ്യമന്ത്രിയുടെ ഇടപെടലില്ലാതെ തന്നെ പരിഹരിച്ചു എന്ന സന്ദേശമാണ് ഇതില്‍നിന്നു വായിച്ചെടുക്കേണ്ടത്.
ചൊവ്വാഴ്ച രാവിലെയാണ് മാധ്യമ പ്രതിനിധിസംഘം ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്. മാധ്യമസ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും പ്രശ്‌നം ചീഫ് ജസ്റ്റിസുമായി ചര്‍ച്ചചെയ്യുമെന്നും അവരോട് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യമല്ലാത്ത അസാധാരണ സാഹചര്യം രണ്ടുമാസത്തിലേറെയായി കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് അവ ബോധ്യപ്പെടേണ്ടതുണ്ടെന്ന് പറയേണ്ടിവരുന്നത്.
ആദ്യം ചീഫ് ജസ്റ്റിസിന്റെ നിലപാടെടുക്കാം. മാധ്യമവിലക്ക് ഹൈക്കോടതിക്കകത്ത് അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുക മാത്രമല്ല, അറിയാനുള്ള ഭരണഘടനാ അവകാശം നിഷേധിക്കുകപോലും ചെയ്തു. ഈ ഘട്ടത്തിലാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസില്‍ നിന്ന് കര്‍ണാടകയില്‍നിന്നെത്തിയ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റത്.  അഭിഭാഷകരുടെയും പത്രപ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുമായി മുതിര്‍ന്ന ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നം നേരത്തേ പരിഹരിച്ചതായിരുന്നു. ആ ഉറപ്പില്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെയാണ് പിറ്റേന്ന് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ നിന്നു തന്നെ ഒരു വിഭാഗം അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടത്. ഇക്കാര്യം ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. തൊഴില്‍ ചെയ്യാനാവാതെ പോലിസ് സംരക്ഷണത്തില്‍ അവര്‍ക്കു രക്ഷപ്പെടേണ്ടിവന്നു. ആ സ്ഥിതി പരിഹരിച്ചെന്നാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ അറിയിച്ചത്. വ്യക്തവും ബോധ്യപ്പെടുന്നതുമായ വിശദീകരണം അതിന് കിട്ടേണ്ടതുണ്ട്.
ഈ ‘ശുഭ’വാര്‍ത്ത ചീഫ് ജസ്റ്റിസില്‍നിന്ന് ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് മാധ്യമ പ്രതിനിധിസംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.  തുടര്‍ന്ന് മുഖ്യമന്ത്രി പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവന ശ്രദ്ധേയമാണ്. ഭരണഘടനാതീതവും രാജ്യത്തൊരിടത്തും ഉണ്ടായിട്ടില്ലാത്തതുമായ സ്ഥിതിവിശേഷമാണ് ഹൈക്കോടതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതെന്നാണ് അതിന്റെ പൊരുള്‍. സ്വതന്ത്രവും ന്യായയുക്തവും നിര്‍ഭയവുമായ പ്രവര്‍ത്തനം നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുവിഭാഗം ഹൈക്കോടതിയില്‍ അനുവദിക്കുന്നില്ല. ദേശീയ- സാര്‍വദേശീയതലത്തില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന സ്ഥിതിയാണുള്ളത്. സര്‍ക്കാരിന് ഇത് അനുവദിക്കാനാവില്ല എന്നാണു സാരാംശം.
ഹൈക്കോടതിക്കകത്തുള്ള പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന നിലപാടില്‍ മുഖ്യമന്ത്രി പ്രശ്‌നം ഉദ്ഭവിച്ചതു മുതല്‍ മാറിനില്‍ക്കുകയായിരുന്നു. ആ നിലപാട് മാറ്റാന്‍ ഇടയാക്കിയതിന് കേരളം എത്ര വലിയ വിലകൊടുത്തു എന്നും അദ്ദേഹത്തിന്റെ പ്രസ്താവന സ്വയം സമ്മതിക്കുന്നു. ദേശീയ- സാര്‍വദേശീയ മാധ്യമസംഘടനകള്‍ വരെ ഇടപെട്ടിട്ടും ഗവണ്‍മെന്റിനെ കാഴ്ചക്കാരനായി നിര്‍ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. ഒടുവില്‍ ഭരണഘടനയുടെ കസ്റ്റോഡിയനായ ഗവര്‍ണറും നീതിന്യായത്തിന്റെ അവസാന വാക്കായ സുപ്രിംകോടതിയും ഇടപെടണമെന്ന ആവശ്യമുയര്‍ന്നു. അതു ശക്തിപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചൊവ്വാഴ്ച തങ്ങളുടെ നിലപാടുകള്‍ പരസ്യപ്പെടുത്തിയത്.
ഇത്തവണ കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വന്നപ്പോള്‍ തെരുവുനായ്ക്കളെ തല്ലിക്കൊന്ന് പ്രദര്‍ശിപ്പിച്ചും മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ നിന്ന് പേപ്പട്ടികളെപ്പോലെ ഓടിച്ചുമാണ് കേരളം ദേശീയ- സാര്‍വദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. ഇതേക്കുറിച്ച് ദേശ-വിദേശങ്ങളില്‍നിന്നു വന്ന പ്രതികരണങ്ങളുടെയെല്ലാം സത്ത അഭിഭാഷകനും നിയമസഭ- ലോക്‌സഭ വേദികളില്‍ ദീര്‍ഘകാലം ഇടതുമുന്നണിയെ പ്രതിനിധീകരിച്ച സൗമ്യഭാഷിയുമായ അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ കഴിഞ്ഞദിവസത്തെ പ്രതികരണത്തില്‍ നിന്നു വായിച്ചെടുക്കാം: സമാനതകളില്ലാത്ത, ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങളാണ് ചെറുന്യൂനപക്ഷക്കാരായ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ കാട്ടിക്കൂട്ടുന്നത്. ഭൂരിപക്ഷത്തിന്റെ അപകടകരമായ മൗനമാണ് അവരെ ശക്തരാക്കുന്നത്. വാര്‍ത്താശേഖരണം തടയുന്നത് സെന്‍സര്‍ഷിപ്പിനേക്കാള്‍ ഗുരുതരമാണ്. ജുഡീഷ്യറിയില്‍ ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചീഫ് ജസ്റ്റിസ് നിസ്സഹായനാണ്. സുപ്രിംകോടതി ഇടപെടണം എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടത്.
അടിയന്തരാവസ്ഥയില്‍ പോലും കാണാത്ത ഒരു ചെറുവിഭാഗത്തിന്റെ  സുസംഘടിതമായ ഈ നീക്കത്തിനു പിന്നില്‍ ആരാണ്? ഇതിന് വിശദീകരണമോ വ്യാഖ്യാനമോ നല്‍കാന്‍ കഴിയില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കഴിയും. അഭിഭാഷകരുടെ ഭൂരിപക്ഷ പിന്തുണയില്ലാതെ, അവരുടെ സംഘടന തീരുമാനിക്കാതെയും നയിക്കാതെയും ജുഡീഷ്യറിയില്‍ ഭരണഘടനാ പ്രതിസന്ധി ഏതാനും പേര്‍ അടിച്ചേല്‍പ്പിക്കുകയോ? ഇവരെല്ലാം ആരെയാണു ഭയപ്പെടുന്നത്? ചിലര്‍ നിയമം കൈയിലെടുക്കുമ്പോള്‍ പോലിസ് എങ്ങനെ നോക്കുകുത്തിയാവുന്നു.
ഇവരെല്ലാം ആരെയാണു ഭയപ്പെടുന്നത്? എന്തുകൊണ്ട്? ഇത്രയും നീണ്ട ഇടവേളയില്‍ മുഖ്യമന്ത്രി ഇടപെടാതെ മൗനംപാലിക്കുകയായിരുന്നു. എന്തുകൊണ്ട്? വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അടിയന്തരാവസ്ഥയിലും സെന്‍സര്‍ഷിപ്പിലുമല്ലല്ലോ കേരളം.
ഭരണഘടനാ അവകാശങ്ങള്‍ മരവിപ്പിക്കാത്ത സാധാരണ അവസ്ഥയില്‍ ഇങ്ങനെ സംഭവിക്കണമെങ്കില്‍ സംസ്ഥാന ഭരണകൂടത്തിലെ രാഷ്ട്രീയാധികാര ശക്തിയുടെ പിന്തുണ ഈ വൈതാളികര്‍ക്കുണ്ട്. അതുകൊണ്ടാണ് മറ്റുള്ളവര്‍ ഭയപ്പെടുന്നത്. ആ ഭീതിയും അവസ്ഥയും എങ്ങനെ പരിഹരിച്ചുവെന്നാണ് ചീഫ് ജസ്റ്റിസ് വിശ്വസിക്കുന്നത്? അത് വ്യക്തമാക്കേണ്ടതുണ്ട്.
ജനാധിപത്യപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം വൈകിയാണെങ്കിലും പ്രകടിപ്പിച്ച മുഖ്യമന്ത്രി ഗവര്‍ണറുടെ പ്രതികരണത്തെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്.
ആവശ്യമായ തിരുത്തല്‍ നടപടികള്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുമെന്നാണോ അതല്ല, തന്റെ പ്രസ്താവനയോടെ ഹൈക്കോടതിയില്‍ എല്ലാം ശരിയായി എന്നാണോ? ഇതു രണ്ടും ബോധ്യപ്പെടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അതിനിടയില്‍ വിഷയം സുപ്രിംകോടതിയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ എത്തിച്ചും കഴിഞ്ഞു.
അമിതാധികാരശക്തികള്‍ ഭരണഘടനാ ബാഹ്യമായി നീതിവാഴ്ചപോലും എങ്ങനെ കൈയിലെടുക്കും എന്നാണ് കേരളത്തില്‍ കണ്ടത്. തീക്കട്ടയില്‍ എങ്ങനെ ഉറുമ്പരിക്കുമെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. അത്തരമൊരു അവസ്ഥയ്ക്ക് ഉറുക്കുകെട്ടി പരിഹാരം കണ്ടെന്നാണോ? വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss