|    Jul 21 Fri, 2017 4:36 am
FLASH NEWS
Home   >  Kerala   >  

ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്; അടിച്ചോടിക്കുമെന്ന് അഭിഭാഷകരുടെ ഭീഷണി

Published : 30th September 2016 | Posted By: mi.ptk

kochi-court

കൊച്ചി:  കേരള ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ അക്രമം. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍കരെ അഭിഭാഷകര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെട്ട സംഘമാണ് മാധ്യമപ്രവര്‍ത്തകരെ തടയുകയും ഇറങ്ങിപ്പോയില്ലെങ്കില്‍ അടിച്ച് ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഹൈകോടതി പരിസരത്ത് നേരത്തെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന് കാരണക്കാര്‍ എന്ന് അഭിഭാഷകര്‍ ആരോപിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കോടതി റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്.
ചീഫ് ജസ്റ്റിസിന്റെയും അഭിഭാഷക-മാധ്യമ സംഘടനകളുടെയും നേതൃത്വത്തില്‍  കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മീഡിയാ റൂം തുറക്കില്ലെന്നും എന്നാല്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തടസമില്ലെന്നുമുള്ള തീരുമാനത്തിലെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്. എന്നാല്‍ കോടതിക്ക് മുന്നില്‍ വച്ച് അഭിഭാഷകര്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കോര്‍ട്ട് ഓഫീസര്‍ ചീഫ് ജസ്റ്റിസിനെ സംഭവം അറിയിക്കുകയായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍  രജിസ്ട്രാറിന്റെ മുന്നില്‍ പരാതി നല്‍കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. പരാതി നല്‍കുന്നവര്‍ പുറത്തിറങ്ങാനും ധൈര്യം കാണിക്കണമെന്നായിരുന്നു അഭിഭാഷകരുടെ വെല്ലുവിളി. പിന്നീട് പോലീസ് സുരക്ഷയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക