|    Dec 15 Sat, 2018 5:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹേമന്ത് കര്‍ക്കരെ,സുബോധ് കുമാര്‍ മരണത്തില്‍ സാമ്യതകളേറെ

Published : 5th December 2018 | Posted By: kasim kzm

ലഖ്‌നോ: തങ്ങള്‍ക്കെതിരേ വിരല്‍ചൂണ്ടുന്ന ബുദ്ധിജീവികളെയും അന്വേഷണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്ന ഹിന്ദുത്വ രീതിയുടെ ഒടുവിലത്തെ ഇരയാണോ സുബോധ് കുമാര്‍ സിങ് എന്ന സംശയം ബലപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ സംഘപരിവാര ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ മരണം ആസൂത്രിതമാണെന്നതിന്റെ തെളിവുകളാണു പുറത്തുവരുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെ നടന്ന മുഹമ്മദ് അഖ്‌ലാഖിന്റെ മരണത്തിനു പിന്നില്‍ ഹിന്ദുത്വശക്തികളാണെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അക്രമിക്കൂട്ടത്തെ നയിച്ച ബജ്‌രംഗ്ദള്‍ നേതാവ് ഉതിര്‍ത്ത വെടിയേറ്റാണ് പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ചതെന്നു വ്യക്തമായിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിെച്ചന്നു പറഞ്ഞ് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഈ അന്വേഷണത്തിലാണ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചത് പശുവിറച്ചിയല്ലെന്നും ആക്രമണം ആസൂത്രിതമായിരുന്നെന്നും കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ സ്ഥലംമാറ്റുകയായിരുന്നു. കേസിലെ പ്രതികള്‍ക്കെല്ലാം പിന്നീട് ജാമ്യം ലഭിച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പിന്നീട് പ്രതികളെ ന്യായീകരിക്കുകയും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സ്വീകരണം നല്‍കുകയും ചെയ്തു.
ഹിന്ദുത്വഭീകരത വെളിച്ചത്തുകൊണ്ടുവന്നതിന്റെ പിന്നാലെയായിരുന്നു തീവ്രവാദവിരുദ്ധ സ്‌ക്വാഡ്് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത്. കേണ ല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നിവരാണ് മലേഗാവ് സ്‌ഫോടനത്തിനു പിന്നിലെന്നു കണ്ടെത്തിയത് കര്‍ക്കരെയായിരുന്നു. 2008 മുംബൈ ഭീകരാക്രമണവേളയിലാണ് കര്‍ക്കരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നി ല്‍ ഹിന്ദുത്വരാണെന്നതിന് നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. അന്ന് കര്‍ക്കരെയ്ക്ക് നല്‍കിയ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിലവാരം കുറഞ്ഞതായിരുന്നുവെന്നും ചില പോലിസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ കൊല നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
സുബോധ് കുമാര്‍ മരിച്ച സംഭവത്തിലും പോലിസിന്റെ പങ്കിനെക്കുറിച്ച് സംശയമുയര്‍ന്നിട്ടുണ്ട്. അക്രമികളുടെ ഇടയില്‍പ്പെട്ട അദ്ദേഹത്തെ പോലിസുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന ആരോപണമാണ് ഉയരുന്നത്.
തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ബുലന്ദ്ശഹറില്‍ എത്തുന്ന വേളയിലാണ് കഴിഞ്ഞ ദിവസം ആക്രമം നടന്നത്. തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കായി താമസിക്കാന്‍ ചില ക്ഷേത്രങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. വളര്‍ന്നുവരുന്ന മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സംഘപരിവാര സംഘടനകള്‍ പശുസംരക്ഷണത്തിന്റെ മറവില്‍ ആക്രമണം അഴിച്ചുവിട്ടതെന്നും ആരോപണമുണ്ട്. സമ്മേളനത്തിനിടെ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍ തടസ്സം നിന്നതായും ഇതിന്റെ വിരോധവും കൊലപാതകത്തിലേക്കു നയിച്ചെന്നും ആരോപണമുയരുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss