|    May 27 Sat, 2017 10:07 am
FLASH NEWS

ഹെല്‍െമറ്റ് വേട്ടയ്ക്കിടെ പോലിസ് യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി

Published : 6th August 2016 | Posted By: SMR

കൊല്ലം: രണ്ടു വയസ്സുകാരനുമൊത്ത് സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഹെല്‍മെറ്റ് വേട്ടയ്ക്കിടെ പോലിസ് വാക്കിടോക്കി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. ഇന്നലെ വൈകീട്ട് 5.30ഓടെ ആശ്രാമം ലിങ്ക് റോഡിലായിരുന്നു സംഭവം. ആശ്രാമത്ത് വാടകയ്ക്ക് താമസിക്കുന്ന അഞ്ചുകല്ലുംമൂട് ഹെര്‍ക്കുലീസില്‍’ സന്തോഷ് ഫെലിക്‌സി(34)നാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
ക്യാംപിലെ പോലിസുകാരനായ കടപ്പാക്കട ജനയുഗം നഗറിലെ മാഷ്ദാസാണ് ബൈക്ക് യാത്രക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തിയത്. ഇയാള്‍ക്കൊപ്പം ട്രാഫിക് എസ്‌ഐ സുരേഷ്ബാബുവും ഉണ്ടായിരുന്നു. സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായതോടെ മാഷ്ദാസിനെതിരേ ഇന്ന് പോലിസ് നടപടിയെടുത്തേക്കും. സന്തോഷിന്റെ മാതാവ് ആശ്രാമത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. അത്യാവശ്യമായി പൈസ ആവശ്യമായി വന്നതിനെ തുടര്‍ന്ന് സന്തോഷ് രണ്ട് വയസ്സുകാരന്‍ കിച്ചുവുമൊത്ത് പണവുമായി പോവുകയായിരുന്നു.
ലിങ്ക്‌റോഡിലൂടെ വരുമ്പോള്‍ കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മറവില്‍ നിന്ന രണ്ട് പോലിസുകാര്‍ ചാടിവീണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ കുറച്ച് മുമ്പിലേക്ക് വണ്ടി മാറ്റിനിര്‍ത്താന്‍ തുനിഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കൈയിലിരുന്ന വോക്കിടോക്കികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. തലയുടെ ഇടതുവശത്ത് ചെവിയുടെ മുന്‍ഭാഗത്തായിട്ടാണ് അടിയേറ്റത്. കുഞ്ഞിനെ കൈയിലൊതുക്കിപ്പിടിച്ചുകൊണ്ട് സന്തോഷ് കുഴഞ്ഞുവീണു.
സംഭവം കണ്ടുനിന്നവരും അതുവഴി വാഹനങ്ങളിലെത്തിയവരും പോലിസിന്റെ നടപടിക്കെതിരേ പ്രതികരിച്ചു. തുടര്‍ന്ന് ജനങ്ങള്‍ സംഘടിച്ച് റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് വന്‍ പോലിസ് സംഘവും സ്ഥലത്തെത്തി. ആക്രമണം നടത്തിയ പോലിസുകാരനെതിരേ നടപടി കൈക്കൊള്ളാതെ പിരിഞ്ഞുപോവുകയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യാത്രക്കാര്‍. എസിപി ജോര്‍ജ് കോശി സ്ഥലത്തെത്തി നടപടി എടുക്കുമെന്ന ഉറപ്പിന്‍മേലാണ് ഉപരോധം അവസാനിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day