|    Dec 16 Sat, 2017 1:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹെല്‍മറ്റ്: ഒരുമാസത്തിനകം പൂര്‍ണമായും നടപ്പാക്കും- മന്ത്രി

Published : 2nd August 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് ഒരുമാസത്തിനകം മുഴുവന്‍ ഇരുചക്രവാഹന യാത്രികരെയും ഹെല്‍മറ്റ് ധരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടപ്പാക്കുന്ന ഹെല്‍മറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന്‍ രക്ഷിക്കൂ എന്ന കര്‍മപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഇരുമ്പനം ബിപിസിഎല്‍ പെട്രോള്‍പമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡപകടങ്ങള്‍ നിത്യസംഭവമായി മാറി. അപകടമരണങ്ങളെക്കുറിച്ച് കുറേദിവസം ചര്‍ച്ച നടത്തി നടപടികള്‍ അവസാനിപ്പിക്കുകയാണു പതിവ്. പരിക്കും മരണനിരക്കും കണക്കാക്കിയാല്‍ ഇരുചക്രവാഹനയാത്രികരാണ് ഇരകളിലേറെയുമെന്ന് ബോധ്യപ്പെടും.
സംസ്ഥാനത്ത് നിലവില്‍ 85 ശതമാനം ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. ഇത് നൂറുശതമാനമായി ഉയര്‍ത്തുക എന്നതാണു ലക്ഷ്യം. ഇതിനായി ശക്തമായ ബോധവല്‍ക്കരണ പരിപാടികളാണ് മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന്റെ പേരില്‍ യാത്രക്കാരും പെട്രോള്‍പമ്പ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത ഒഴിവാക്കണം. ഇക്കാര്യത്തില്‍ മുമ്പ് സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും തുടരും. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ക്ക് ഒരുദിവസത്തെ കൗണ്‍സലിങിനു ശേഷമേ ശിക്ഷണനടപടികള്‍ വിധിക്കാവൂ എന്ന സുപ്രിംകോടതി ഉത്തരവ് പൂര്‍ണമായി പാലിച്ചായിരിക്കും നടപടികള്‍.
പതിവായി ഹെല്‍മറ്റ് ധരിച്ച് പെട്രോളടിക്കാന്‍ വരുമ്പോള്‍ പമ്പില്‍നിന്ന് നല്‍കുന്ന സമ്മാനക്കൂപ്പണിലൂടെ ഒന്നാംസ്ഥാനം നേടുന്നയാള്‍ക്ക് അഞ്ചുലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും. രണ്ടാംസ്ഥാനക്കാരായ  രണ്ടുപേര്‍ക്ക് മൂന്നുലിറ്ററും മൂന്നാംസ്ഥാനത്തെത്തുന്ന മൂന്നുപേര്‍ക്ക് രണ്ടുലിറ്ററും ലഭിക്കും. പ്രോല്‍സാഹജനകമായ പരിപാടികളിലൂടെ ബോധവല്‍ക്കരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക