|    Jul 26 Wed, 2017 6:15 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഹെല്‍മറ്റും പെട്രോളും കമ്മീഷണറും

Published : 1st July 2016 | Posted By: SMR

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനവുമായി പെട്രോള്‍പമ്പിലേക്കു ചെന്നാല്‍ പെട്രോള്‍ കൊടുക്കാന്‍ പാടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഇറക്കിയ ഉത്തരവ് ചര്‍ച്ചാവിഷയമായിരിക്കുന്നു. ഉത്തരവിനെ പരിഹസിച്ചും അനുകൂലിച്ചുമൊക്കെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ സജീവമാണ്.
ആഗസ്ത് ഒന്നുമുതല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലാണ് പുതിയ പരീക്ഷണം നടത്താന്‍ പോവുന്നത്. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നതിനെതിരായി ചിലരുണ്ടെങ്കിലും അവരുടെ വാദങ്ങള്‍ ശുദ്ധ അസംബന്ധമാണ്. വീണു തലപൊട്ടുന്ന യാത്രക്കാരനെ രക്ഷിക്കാന്‍ ഹെല്‍മറ്റ് വേണമെന്ന കാര്യത്തില്‍ സംശയത്തിനോ തര്‍ക്കത്തിനോ വകയില്ല. നിലവിലുള്ള തിരക്കുപിടിച്ച റോഡ് ഗതാഗത പശ്ചാത്തലത്തില്‍, റോഡുകളുടെ ശോച്യാവസ്ഥ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഇര ബൈക്കുകാര്‍ തന്നെയാണ്. കൊച്ചുവാഹനമായതിനാലും ഓടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ ശരിയാംവണ്ണം ഗ്രഹിക്കാത്തവരായതിനാലും ഏറ്റവും കൂടുതല്‍ മരിക്കുന്നത് ഇരുചക്രവാഹനം ഉപയോഗിക്കുന്നവരാണ്. അതില്‍ തന്നെ യുവാക്കളും വിദ്യാര്‍ഥികളുമാണ് കൂടുതല്‍. റോഡപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ നടപടിയെന്ന് തച്ചങ്കരി പറയുന്നു.
ഹെല്‍മറ്റ് ഒരു പരിധിവരെ അപകടത്തില്‍പ്പെടുന്ന യാത്രക്കാരനെ രക്ഷിക്കാന്‍ സഹായകമാണ്. ഹെല്‍മറ്റ് ധരിക്കാത്തവരാണ് മരിക്കുന്നതില്‍ കൂടുതലും. ഹെല്‍മറ്റ് ധരിപ്പിക്കാനായി പിഴസംഖ്യ വര്‍ധിപ്പിക്കുന്നതും ലൈസന്‍സ് റദ്ദാക്കുന്നതുമെല്ലാം നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍, നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്തം ട്രാഫിക് പോലിസിനാണ്, പെട്രോള്‍പമ്പുകാരനല്ല. നിയമപാലനം പമ്പുകാരെ ഏല്‍പിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാവും. പമ്പുകളില്‍ കാമറ ഫിറ്റ് ചെയ്ത് ഹെല്‍മറ്റ് വയ്ക്കാത്തവരെ കണ്ടുപിടിക്കുക എന്നതാണ് തച്ചങ്കരിയുടെ പദ്ധതി. നിയമപാലനം ഒരു സ്വകാര്യ ബിസിനസ്സല്ല. സര്‍ക്കാരിന്റെ ജോലിയാണ്. പെട്രോള്‍പമ്പുകളില്‍ പോലിസിനെ നിയോഗിച്ച് ഹെല്‍മറ്റ് വയ്ക്കാത്തവരെ പിടികൂടും എന്ന പറഞ്ഞിരുന്നുവെങ്കില്‍ മനസ്സിലാക്കാം. അധിക പമ്പുകളിലും ഇപ്പോള്‍ ബംഗാളികളാണ് ജോലിചെയ്യുന്നത്. അവരായിരിക്കുമോ ഇനി ഹെല്‍മറ്റ് പരിശോധകര്‍? തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുറേക്കൂടി അവധാനപൂര്‍വം എടുക്കാത്തതിന്റെ ദുര്യോഗമാണ് ഇക്കാര്യത്തിലും സംഭവിക്കാന്‍ പോവുന്നത്. മുമ്പ് ഹെല്‍മറ്റില്ലാത്തവരെ പോലിസ് ഓടിച്ചിട്ട് പിടിക്കുന്നതായിരുന്നു പ്രശ്‌നം. ഒടുവില്‍ ആ ഓടിപ്പിടിക്കലും മരണത്തില്‍ കലാശിക്കുന്ന സ്ഥിതിവിശേഷമുണ്ടായപ്പോഴാണ് അതു നിര്‍ത്തിയത്. ഹെല്‍മറ്റ് ഇല്ലാത്തവരെ അല്ലാതെ തന്നെ പിടികൂടാനും പിഴ ചുമത്താനും പോലിസിന് കഴിയുമെന്നിരിക്കെ എന്തിനിങ്ങനെ വളഞ്ഞ് മൂക്കുപിടിക്കണം.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഹെല്‍മറ്റ് പിടിത്തം മാത്രം പോര. നല്ല റോഡുകള്‍ കൂടി വേണം. നിലവിലുള്ള റോഡുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വാഹനപ്പെരുപ്പമുള്ള സ്ഥിതിക്ക് പുതിയ റോഡുകള്‍ അനിവാര്യമാണ്. ഉള്ള റോഡുകളുടെ നവീകരണവും അത്യാവശ്യമാണ്. അത് ജനങ്ങളെ ദ്രോഹിക്കാതെയും ഒഴിപ്പിക്കാതെയും ചെയ്യുകയും വേണം. പമ്പുടമകള്‍ക്കോ ജീവനക്കാര്‍ക്കോ അധികാരം കൊടുക്കലല്ല ഇതിനുള്ള മാര്‍ഗം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക