|    May 26 Fri, 2017 9:23 am
FLASH NEWS

ഹെല്‍മറ്റില്ലാതെ പെട്രോളില്ല: ഒടുവില്‍ നിലപാട് മാറ്റി; ഉത്തരവ് നിലനില്‍ക്കുമെന്നു ഗതാഗതമന്ത്രി 

Published : 3rd July 2016 | Posted By: SMR

traffic-kerala

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രികര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവിലെ നിലപാട് മാറ്റി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇതുസംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഉത്തരവ് ആഗസ്ത് ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയും വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോവില്ലെന്ന് മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ നിലപാടാണ് അദ്ദേഹം ഇന്നലെ തിരുത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് കൂടുതല്‍ വിശദീകരണം തേടിയിരുന്നുവെന്നും മറുപടി തൃപ്തികരമായിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. എന്നാല്‍ അന്തിമതീരുമാനം സര്‍ക്കാരിന്റേതാണ്. നിര്‍ദേശം അപ്രായോഗികമാണെങ്കില്‍ പുനപ്പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയോട് ആലോചിച്ച ശേഷം വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
അതേസമയം, ഉത്തരവിനെ ഗതാഗതമന്ത്രി എതിര്‍ത്തെന്ന വാര്‍ത്ത തെറ്റാണെന്നും പരാതികളില്ലാതെ നടപ്പാക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കൊച്ചിയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണുത്തരവിട്ടത്.
നിര്‍ദേശങ്ങളോടു പൊതുവേ അനുകൂല പ്രതികരണമാണുണ്ടായിരിക്കുന്നത്. അതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോവും. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്ക് പോലിസിന്റെയോ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്റെയോ അധികാരം നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ ശരിയല്ല. പമ്പുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. നിലവിലുള്ള നിയമം നടപ്പാക്കുക മാത്രമാണു ചെയ്യുന്നത്. അല്ലാതെ താനായിട്ടൊന്നും നിര്‍മിച്ചതല്ലെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day