|    Jan 24 Tue, 2017 10:50 am
FLASH NEWS

ഹെല്‍മറ്റില്ലാതെ പമ്പില്‍ വന്ന യുവാക്കളെ മന്ത്രി ഹെല്‍മറ്റ് ധരിപ്പിച്ചു

Published : 2nd August 2016 | Posted By: SMR

കൊച്ചി: ഹെല്‍മറ്റില്ലാതെ പെട്രോള്‍ അടിക്കാന്‍ പമ്പില്‍ വന്ന രണ്ടു യുവാക്കള്‍ക്ക് മന്ത്രി എ കെ ശശീന്ദ്രന്‍തന്നെ ഹെല്‍മറ്റ് നല്‍കിയതു കൗതുകം പകര്‍ന്നു. യുവാക്കളായ നിഖില്‍ വാസുവിനും ലിന്‍സ് ഫിലിപ്പിനുമാണ് മന്ത്രി ഹെല്‍മറ്റ് നല്‍കിയത്.
മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടപ്പാക്കുന്ന ഹെല്‍മറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കു- ജീവന്‍ രക്ഷിക്കൂ എന്ന കര്‍മപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഇരുമ്പനം ബിപിസിഎല്‍ പെട്രോള്‍പമ്പില്‍ നടക്കവെയാണ് ഇവര്‍ ഹെല്‍മറ്റില്ലാതെ എത്തിയത്. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചാണു സാധാരണ യാത്ര ചെയ്യാറുള്ളതെങ്കിലും ഇന്നലെ അതില്ലാതെ മന്ത്രിയുടെ മുന്നില്‍ത്തന്നെ വന്നുപെട്ടു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിപാടിയുടെ തുടക്കമെന്ന നിലയില്‍ രണ്ട്‌പേര്‍ക്കും ഹെല്‍മറ്റ് സൗജന്യമായി നല്‍കി. ഇനി ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കില്ലെന്ന് രണ്ടുപേരും സദസ്സിനു മുമ്പാകെ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിനിടയില്‍ ഉദ്ഘാടനത്തിനോടനുബന്ധിച്ച് മന്ത്രി പെട്രോള്‍ അടിച്ചുനല്‍കിയ ബൈക്ക് യാത്രക്കാരന്റെ പേരും ശശീന്ദ്രന്‍ എന്നാണെന്ന് അറിയിച്ചതോടെ ചടങ്ങില്‍ കൂട്ടച്ചിരി പടര്‍ന്നു.
ഹെല്‍മറ്റ് ധരിക്കൂ, പെട്രോള്‍ നിറയ്ക്കൂ- ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യം മന്ത്രി ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ എറണാകുളം ആര്‍ടിഒ ഓഫിസിലെ എഎംവിഐ ബിനോയ് വര്‍ഗീസ് വാഹനങ്ങളുടെ ചേസ്‌നമ്പറിലൂടെ അവയുടെ പ്രായം നിര്‍ണയിക്കുന്നതു സംബന്ധിച്ചു തയാറാക്കിയ പുസ്തകമായ വിന്‍ ഡീ കോഡറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പിന്നീട് വിവിധ ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ച് പമ്പില്‍നിന്ന് പെട്രോള്‍ നിറയ്ക്കുന്നതിനു മുന്നോടിയായുള്ള റാലിയും മന്ത്രി ഫഌഗ്ഓഫ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക