|    May 27 Sat, 2017 3:52 pm
FLASH NEWS

ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഓര്‍മയില്‍

Published : 14th February 2016 | Posted By: swapna en

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഇരുനൂറാം  ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 4ന് ജര്‍മനിയില്‍ തിരശ്ശീല വീണു. ജര്‍മന്‍ മിഷനറിയും ഭാഷാപണ്ഡിതനും ബൈബിള്‍ വിവര്‍ത്തകനുമായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1814 ഫെബ്രുവരി 4ന് ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ലുഡ്‌വിഗ് ഗുണ്ടര്‍ട്ടിന്റെയും ക്രിസ്റ്റിയാനെ എന്‍സിലിന്റെയും മകനായി ജനിച്ചു. ബാലനായിരുന്ന ഹെര്‍മന്‍ പഠനത്തില്‍ സമര്‍ഥനായിരുന്നില്ല. വയലിന്‍, ഓര്‍ഗന്‍, പിയാനോ എന്നിവയില്‍ ചെറുപ്പത്തില്‍ത്തന്നെ നൈപുണി നേടി. ഗ്രീക്ക്, ലാറ്റിന്‍ ക്ലാസിക് കവികളുടെയും ഗെയ്‌ഥേയുടെയും കൃതികള്‍ വായിക്കാനും പകര്‍ത്തിയെടുക്കാനും ഹെര്‍മന്‍ ഉല്‍സുകനായിരുന്നു. പതിനാറാം വയസ്സില്‍ അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ഇന്നും സ്റ്റുട്ട്ഗാര്‍ട്ടിലെ സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്നു. ഒരു സാധാരണ ക്രൈസ്തവ വൈദികനായിരുന്നുവെങ്കിലും ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഭാഷാപാണ്ഡിത്യത്തിന്റെ പേരില്‍ പില്‍ക്കാലത്ത് ഏറെ പ്രസിദ്ധനായി. വിദ്യാഭ്യാസാനന്തരം 1837 ജൂലൈ 27നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇന്ത്യയിലെത്തുന്നത്. 1838 ഒക്ടോബര്‍ 7ന് ഗുണ്ടര്‍ട്ടും ഭാര്യയും തിരുനല്‍വേലിയില്‍ നിന്നു തിരുവനന്തപുരത്തെത്തി. തമിഴിലും മലയാളത്തിലും അവഗാഹം നേടി. തലശ്ശേരി ചൊക്ലി കവിയൂരിലെ ഊരിച്ചേരി ഗുരുനാഥന്മാരാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം അഭ്യസിപ്പിച്ചത്. തലശ്ശേരിയിലും നെട്ടൂരിലും മലയാളം സ്‌കൂളുകള്‍ സ്ഥാപിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നെട്ടൂരില്‍ ഒരു കല്ല് അച്ചുകൂടവും നിര്‍മിച്ചു. ‘ബാസല്‍മിഷന്‍’ എന്ന അന്തര്‍ദേശീയ ക്രിസ്തീയ സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലയാളത്തിലും ഇംഗ്ലീഷിലും പുസ്തകങ്ങള്‍ അച്ചടിപ്പിച്ചു. ഭാഷാവ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങളും നല്‍കിയ സംഭാവനകളും ഒട്ടും ചെറുതല്ല. സ്വന്തമായി രണ്ട് പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം ആരംഭിച്ചു. ഇതില്‍ ഒന്നായ ‘രാജ്യസമാചാരം’ മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രമായിരുന്നു. മലയാളം വ്യാകരണം ബുക്ക്, മലയാള ഭാഷാ വ്യാകരണം(1859), മലയാളത്തിലെ ആദ്യ നിഘണ്ടുവായ മലയാളം-ഇംഗ്ലീഷ് നിഘണ്ടു(1872), മലയാളം ബൈബിള്‍ തര്‍ജമ എന്നിവയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് അവകാശപ്പെട്ടതാണ്. ഇദ്ദേഹത്തിന് ഹെര്‍മന്‍ എന്ന പേരു ലഭിച്ചതിനെക്കുറിച്ചും രസകരമായ ഒരു ചരിത്രമുണ്ട്. ജനിച്ചു പത്താം ദിവസ   മാണ് സ്റ്റുട്ട്ഗാര്‍ട്ടിലെ ക്രിസ്ത്യന്‍ കത്തീഡ്രലില്‍ ഹെര്‍മന്റെ മാമോദീസ നടത്തിയത്. ജര്‍മന്‍ ദേശീയതയുടെ പ്രതീകമായിരുന്നു ‘ഹെര്‍മന്‍’ എന്ന പേര്. ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ ജനതയെ ജര്‍മനിയില്‍ നിന്നു തുരത്തിയോടിച്ച ഹെര്‍മന്‍ ഡെര്‍കെറുസ്‌കര്‍ ജര്‍മന്‍ ജനതയുടെ ആരാധനാപുരുഷനായിരുന്നു. 1813ല്‍ ലൈപ്‌സിഗില്‍ വച്ച് നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ സൈന്യത്തെ പരാജയപ്പെടുത്തി ജര്‍മനിയെ ഒരിക്കല്‍ കൂടി വിദേശാധിപത്യത്തില്‍ നിന്നു വിമോചിപ്പിച്ചതില്‍ ദേശാഭിമാനം പൂണ്ട ജര്‍മന്‍ ജനത അക്കാലത്ത് ജനിച്ച അനേകം കുട്ടികള്‍ക്ക് ‘ഹെര്‍മന്‍’ എന്ന പേരാണ് നല്‍കിയിരുന്നത്. അങ്ങനെയാണ് കഥാപുരുഷനും ആ പേരു തന്നെ ലഭിക്കാനിടയായത്. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അഗാധനൈപുണി നേടിയിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മികച്ച ഒരു നോവലിസ്റ്റ് കൂടിയായിരുന്നു. മലയാള ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഉറ്റസ്‌നേഹിതനായിരുന്നു. പ്രശസ്ത ജര്‍മന്‍ നോവലിസ്റ്റും നൊബേല്‍ സമ്മാനജേതാവുമായിരുന്ന ഹെര്‍മന്‍ ഹെസെ, ഗുണ്ടര്‍ട്ടിന്റെ ചെറുമകനായിരുന്നു. കേരളത്തിലെ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രോഗബാധിതനായ ഡോ. ഗുണ്ടര്‍ട്ട് ജര്‍മനിയിലേക്കു മടങ്ങുകയും 1893 ഏപ്രില്‍ 5ന് അന്തരിക്കുകയും ചെയ്തു. ി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day