|    Mar 25 Sat, 2017 1:07 pm

ഹെഡ്‌ലി പറയുന്നതും പറയാത്തതും

Published : 22nd February 2016 | Posted By: swapna en

 വെട്ടും തിരുത്തും/     പി എ എം ഹനീഫ്

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി 1960 ജൂണ്‍ 30ന് ജനിച്ചുവെന്നാണു രേഖകള്‍. പക്ഷേ, ഹെഡ്‌ലി അതും നിഷേധിച്ചുതുടങ്ങിയപ്പോള്‍ മോദി നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പിത്തുടങ്ങി.
തൂക്കുകയര്‍ സ്‌പെഷ്യലിസ്റ്റ് ഉജ്ജ്വല്‍ നിഗം ആദ്യം ഒരു ആപ്പിള്‍ ഉയര്‍ത്തിക്കാട്ടി. ഹെഡ്‌ലി തനിക്കത് ഇഷ്ടമല്ലെന്നു ബോധിപ്പിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ അമ്പരന്നില്ല.
”എന്താണീ സാധനം?”
ഹെഡ്‌ലി ഉത്തരം പറയാന്‍ വൈകിയില്ല: ”തേങ്ങ.”
ഇവന് വട്ടായോ. പ്രോസിക്യൂട്ടര്‍ കണ്ണുമിഴിച്ചു.
”2004ല്‍ ഗുജറാത്ത് പോലിസിന്റെ തോക്കിനിരയായ നാലുപേരെ അറിയുമോ?”
”ഇല്ല.”
ഹെഡ്‌ലി ഉത്തരം പറയാന്‍ വൈകിയില്ല. നിഗം ഉടനെ നാലുപേര് പറഞ്ഞു.
”അറിയും അറിയും.” ഹെഡ്‌ലി പുതിയ ബോധം വന്നതുപോലെ പ്രതികരിച്ചു.
”അവള്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകയായിരുന്നു.”
ഉജ്ജ്വല്‍ നിഗം ചിരിച്ചു. അതേ, ഇവനു സുബോധമുണ്ട്.
”അവള്‍ ആരായിരുന്നു?”
”ഹോളിവുഡ് നടി.”
ഉജ്ജ്വല്‍ നിഗം അന്ധാളിച്ചു.
”നേരത്തേ ലശ്കര്‍ പ്രവര്‍ത്തക എന്നു പറഞ്ഞതോ?”
”ഞാന്‍ അങ്ങനെ പറഞ്ഞോ?” ഹെഡ്‌ലി കൈമലര്‍ത്തി.
ഉജ്ജ്വല്‍ നിഗം പ്ലേറ്റ് മാറ്റിവച്ചു.
”മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ അറിയുമോ?”
”ങ്ഉം… അറിയും. അവന്‍ നല്ലൊരു ഗായകനായിരുന്നു.”
”ഗായകനോ?” ഉജ്ജ്വല്‍ നിഗത്തിന് കണ്ണുകള്‍ തള്ളി.
”സത്യം പറയ്. നിങ്ങള്‍ പരിചയക്കാരായിരുന്നോ?” ”യേസ്. അവന്‍ ജയിലില്‍ കിടക്കുമ്പോള്‍ മട്ടണ്‍ ബിരിയാണി വേണമെന്ന് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.”
ഉജ്ജ്വല്‍ തന്റെ സഞ്ചിയില്‍നിന്നൊരു താമരപ്പൂവ് എടുത്തു.
”ഇതെന്താണ്?”
ഹെഡ്‌ലി അതു വാങ്ങി മണത്തു.
ഹെഡ്‌ലി താമരപ്പൂ മൂക്കിനടുത്തു പിടിച്ച് വിടര്‍ത്തി. അയാള്‍ ചിരിച്ചു.
”ഇതെന്താണ്?”
”കോളിഫഌവര്‍.”
ഉജ്ജ്വല്‍ നിഗം തീര്‍ച്ചപ്പെടുത്തി.
ഇവന്‍ തകിടം മറിയുകയാണ്. അഫ്ഗാന്‍ സ്‌പെഷ്യല്‍ അവീനാണ് ബോധസഞ്ചി നിറയെ.
”മുസമ്മില്‍ ഭട്ടിനെ അറിയുമോ?”
”അറിയും.” ഹെഡ്‌ലി തല്‍ക്ഷണം ഉത്തരം മൊഴിഞ്ഞു.
”ആരാ മുസമ്മില്‍ഭട്ട്?”
”ലശ്കര്‍ തലവന്‍.”
”ശരി.” പ്രോസിക്യൂട്ടര്‍ ശരിവച്ചു.
”കേരളത്തില്‍ ഞാന്‍ പോയിട്ടുണ്ട്. കുട്ടനാട്ടില്‍. 2001 ഡിസംബറില്‍. അവിടെ 10 കിലോ അവീന്‍ വിറ്റു.” പരസ്പരവിരുദ്ധമായി ഹെഡ്‌ലി ഇങ്ങനെ പലതും പറയുന്നിതിനിടെ പ്രോസിക്യൂട്ടര്‍ ഗുജറാത്ത് വെടിവയ്പ് തിയ്യതി അറിയുമോ എന്നു ചോദിച്ചപ്പോള്‍ ഹെഡ്‌ലി ഉടന്‍ പ്രതികരിച്ചു.
”2004 ജൂണ്‍ 15ന്.”
പ്രോസിക്യൂട്ടര്‍ ചിരിച്ചു. ഇശ്‌റത് ജഹാന്‍ കൊല്ലപ്പെട്ടത് തീവ്രവാദസംഘത്തില്‍ ആരാ പറഞ്ഞതെന്ന് അന്വേഷിച്ചു. ഹെഡ്‌ലി ഉടന്‍ പ്രതികരിച്ചു.
”മുസമ്മില്‍ ഭട്ട്.”
”ആരോടാ ഭട്ട് പറഞ്ഞത്?”
താനാരെയും കണ്ടില്ലെന്നും സെല്ലിനു വെളിയില്‍ വച്ച് ഇന്ത്യയില്‍ ഒരിടത്ത് ഏറ്റുമുട്ടല്‍ നടന്നുവെന്നും കൊല്ലപ്പെട്ടത് ലശ്കര്‍ പ്രവര്‍ത്തകയാണെന്നും മുസമ്മില്‍ ഭട്ട് പറഞ്ഞതായി കേട്ടു.
പ്രോസിക്യൂട്ടര്‍ പിന്നെയും കുഴഞ്ഞു.
ഇവന് യഥാര്‍ഥത്തില്‍ വട്ടു മാത്രമല്ല, അവീന്‍ കണക്കില്ലാതെ ചെലുത്തിയതിന്റെ മനോവിഭ്രാന്തിയാണെന്നും കണക്കുകൂട്ടി.
”ഏതു ബാങ്കിലാണ് നാം മുമ്പു നിശ്ചയിച്ചപ്രകാരം പണം അടയ്‌ക്കേണ്ടത്.”
ഹെഡ്‌ലി ചിരിച്ചു. മുഴുവന്‍ തുക ഒന്നിച്ചടയ്ക്കാമെന്നും ഗുജറാത്ത് ഏറ്റുമുട്ടല്‍ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ ‘പച്ചപച്ചയായി’ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഹെഡ്‌ലി മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി.
ഒന്ന്, ഓ ഹെയര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള സ്വിസ് ബാങ്കില്‍.
രണ്ട്, വാഷിങ്ടണിലെ സിറ്റി കോര്‍പ് ബാങ്ക്.
മൂന്ന്, പെന്‍സില്‍വാനിയയിലെ ബ്രദര്‍ടണ്‍ ബാങ്കില്‍.
ഓരോ ബാങ്കിലും 40,000 ഡോളര്‍ വീതം അടയ്ക്കുമെന്നും നേരത്തേ വ്യവസ്ഥ ചെയ്തപ്രകാരം അഫ്ഗാനില്‍നിന്നുള്ള കറപ്പുകടത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാമെന്നും ഒത്തുതീര്‍പ്പുണ്ടായി.
”അഫ്ഗാനില്‍ ആര് ഇടപെടും.” ഹെഡ്‌ലി താല്‍പര്യസഞ്ചി തുറന്നു.
അതിനാണ് പ്രധാനമന്ത്രിയുടെ അഫ്ഗാന്‍ സന്ദര്‍ശനവേളയില്‍ ഡിഐജി വന്‍സാരയുടെ പ്രത്യേക ദൂതന്‍ പോയതെന്ന് പ്രോസിക്യൂട്ടര്‍ ഉറപ്പുവരുത്തി.
”ഇപ്പോള്‍ നിലവില്‍ എത്ര ഭാര്യമാരുണ്ട്?”
ഹെഡ്‌ലി കൈപ്പത്തി നിവര്‍ത്തി ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്…

(Visited 152 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക