|    Apr 24 Tue, 2018 10:36 am
FLASH NEWS

ഹെക്റ്റര്‍കണക്കിന് സ്വാഭാവിക വനം ഏകവിളത്തോട്ടങ്ങളാക്കി

Published : 8th September 2016 | Posted By: SMR

കല്‍പ്പറ്റ: 1955നും 2005നും ഇടയില്‍ തിരുനെല്ലിയില്‍ മാത്രം നൂറുകണക്കിന് ഹെക്റ്റര്‍ സ്വാഭാവിക വനം  തേക്ക്, യൂക്കാലിപ്ട്‌സ് തോട്ടങ്ങള്‍ക്ക് വഴിമാറിയെന്നു കണക്കുകള്‍. 344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വയനാട് വന്യജീവി സങ്കേതത്തിലും 244.025 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വടക്കേ വയനാട് വനം ഡിവിഷനുകളിലുമായി 11,549 ഹെക്റ്റര്‍ തേക്കുതോട്ടമുണ്ട്. ഇതില്‍ 5742.96 ഹെക്റ്ററും തിരുനെല്ലി പഞ്ചായത്തിലാണ്. നൈസര്‍ഗിക വനം ഏകവിളത്തോട്ടങ്ങളായി മാറിയ പ്രദേശങ്ങളില്‍ അടിക്കാട് വളരാതെയും നീരുറവകള്‍ വറ്റിയും വന്യജീവികളുടെ ആവാസവ്യവസ്ഥ തകര്‍ന്നു. വിശപ്പും ദാഹവും അകറ്റാനുള്ള വഴിതേടി കാടിനു പുറത്തിറങ്ങാന്‍ വന്യജീവികള്‍ നിര്‍ബന്ധിതരായി. ഇതു തിരുനെല്ലി മണ്ണില്‍ വിതച്ചും കൊയ്തും ജീവിക്കുന്നവര്‍ക്ക് കൊടിയ വിനയായി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലെയും കൃഷിയിടങ്ങള്‍ പട്ടാപ്പകല്‍പോലും കാട്ടാനകള്‍ മേച്ചില്‍പ്പുറമാക്കുകയാണ്. വന്യജീവികളെ ഭയന്ന് നെല്‍കൃഷി ഉപേക്ഷിച്ച കൃഷിക്കാര്‍ നിരവധിയാണ് തിരുനെല്ലിയില്‍. 200 ഹെക്റ്ററില്‍പരം പാടമാണ് വെറുതെ കിടക്കുന്നത്. 100 ഹെക്റ്ററോളം വയല്‍ തരംമാറ്റത്തിനും വിധേയമായി. മാനന്തവാടി-തിരുനെല്ലി പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ വന്യജീവി ശല്യത്തിനു കാരണം കാടിനകത്തെ ഏകവിളത്തോട്ടങ്ങളാണെന്നു കര്‍ഷകര്‍ പറയുന്നു. തിരുനെല്ലി നിവാസികളുടെ ജീവനും സ്വത്തിനും വന്യജീവികളില്‍നിന്നു സംരക്ഷണം നല്‍കുന്നതിന് ഉതകുന്ന പദ്ധതികള്‍ നിര്‍ദേശിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനങ്ങള്‍ അയച്ചിരുന്നു. ഗ്രാമങ്ങളിലെ വന്യജീവി ശല്യത്തിനു മുഖ്യകാരണം വനത്തിലെ ഏകവിളത്തോട്ടങ്ങളാണെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വയനാട് വന്യജീവി സങ്കേതം, വടക്കേ വയനാട് വനം ഡിവിഷന്‍, കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയോദ്യാനം എന്നിവയുമായി അതിരിടുന്നതാണ് തിരുനെല്ലി പഞ്ചായത്ത്. വനത്താല്‍ ചുറ്റപ്പെട്ടതാണ് ആദിവാസികള്‍ തിങ്ങിവസിക്കുന്ന ഈ പഞ്ചായത്തിലെ 22 ഗ്രാമങ്ങള്‍. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ 77 മനുഷ്യജീവനുകളാണ് തിരുനെല്ലിയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. ഇതില്‍ 75 പേരുടെ പ്രാണനെടുത്തത് കാട്ടാനകളാണ്. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തിലും മരണം റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂണില്‍ മാത്രം രണ്ടു പേരെ കാട്ടാനകള്‍ വകവരുത്തി. 1981 മുതല്‍ 2016 മെയ് വരെ 269 പേര്‍ക്കാണ് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആരോഗ്യം വീണ്ടെടുക്കാനാവാതെ ദുരിതംതിന്നു കഴിയുകയാണ് ഇവരില്‍ പലരും. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് വന്യജീവി ശല്യംമൂലമുള്ള കൃഷിനാശത്തില്‍ തിരുനെല്ലിക്കാര്‍ക്ക് നഷ്ടം. സമാശ്വാസധനമായി ലഭിക്കുന്നതാവട്ടെ നാമമാത്ര തുകയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss