|    Nov 19 Sun, 2017 4:48 am
FLASH NEWS

ഹൃദയസ്പര്‍ശിയായ വരട്ടാര്‍ പുനരുജ്ജീവനഗാനം പ്രകാശനം ചെയ്തു

Published : 2nd August 2017 | Posted By: fsq

 

പത്തനംതിട്ട: വരട്ടാര്‍ വീണ്ടെടുപ്പിന് ആവേശം പകരുന്ന പ്രകൃതിയുടെ പരിശുദ്ധിയുള്ള ഹൃദയസ്പര്‍ശിയായ പുനരുജ്ജീവന ഗാനം മന്ത്രി മാത്യു ടി തോമസിനു സി.ഡി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ‘പോരൂ നാട്ടാരേ നാം ഒന്നായി ചേര്‍ന്നീടാം…….. നനവാര്‍ന്നൊരു മണ്ണിന്നായി നദീവീണ്ടുമൊഴുക്കീടാം….കുടിനീരൊഴുകിയ ഒരു ഇടമെല്ലാം മരുഭൂവായി മാറിയതറിയില്ലേ…..’ തുടങ്ങിയ പച്ചപ്പുള്ള വരികള്‍ ഉള്‍പ്പെടുന്നതാണ് പുനരുജ്ജീവന ഗാനം. വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുനരുജ്ജീവന ഗാനത്തിലെ ഇമ്പമാര്‍ന്ന വരികള്‍. ജനഹൃദയത്തിലേക്ക് വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ സന്ദേശം പകരുകയാണ് ഈ ഗാനം. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട്  തയാറാക്കിയ ഗാനം രചിച്ചത് 2014 -15ലെ സംസ്ഥാന ഗാന രചനയ്ക്കുള്ള പുരസ്‌കാരം നേടിയ ഒ എസ് ഉണ്ണികൃഷ്ണനാണ്. സംഗീത സംവിധാനം ഗിരീഷ് നാരായണന്‍ നിര്‍വഹിച്ചു.  ഗിരീഷ് നാരായണനും പവിത്ര പത്മകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  വീഡിയോ ഡോക്യുമെന്റേഷന്‍ സി-ഡിറ്റ്് നിര്‍വഹിച്ചു. പ്രകാശന ചടങ്ങില്‍ എംഎല്‍എമാരായ വീണാ ജോര്‍ജ്, കെ കെ രാമചന്ദ്രന്‍നായര്‍, ജി ബീന, ഒ എസ് ഉണ്ണികൃഷ്ണന്‍, ഗിരീഷ് നാരായണന്‍, മോഹന്‍കുമാര്‍ പങ്കെടുത്തു. ആറന്മുള, ചെങ്ങന്നൂര്‍, തിരുവല്ല മണ്ഡലങ്ങളിലൂടെ 13.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒഴുകിയിരുന്ന വരട്ടാര്‍ പ്രകൃതി ചൂഷണങ്ങളും അശാസ്ത്രീയമായി നിര്‍മിച്ച ചപ്പാത്തുകളും മൂലം മൃതാവസ്ഥയിലായിരുന്നു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നദിയെ പുനരുജ്ജീവിപ്പിക്കാന്‍ ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായിവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക