|    Mar 21 Wed, 2018 5:11 am
FLASH NEWS

ഹൃദയനൊമ്പരത്തോടെ ഒമ്പതാംക്ലാസ്സുകാരി അഖില പറഞ്ഞു, എന്റെ അമ്മ ജീവിക്കട്ടെ മറ്റുള്ളവരിലൂടെ…

Published : 17th April 2016 | Posted By: SMR

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഇന്ത്യന്‍ ബാങ്കിന് സമീപം ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കവെ സ്‌കൂട്ടര്‍ ഇടിച്ച് മസ്തിഷ്‌ക്ക മരണം സംഭവിച്ച കുലശേഖരപുരം ആദിനാട് നോര്‍ത്ത ്മണ്ണൂര്‍ കിഴക്കേത്തറ കാര്‍ത്തികേയന്റെ ഭാര്യയും ചുനക്കര തടത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ മാധവന്റേയും മാധവിയുടെയും മകളുമായ സുജാത (43)യുടെ അവയവങ്ങള്‍ ദാനം ചെയ്തു.
13 ന് വൈകീട്ട് മൂന്നോടെ ഭര്‍തൃമാതാവിനൊപ്പം ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും ഇറങ്ങി റോഡ്മുറിച്ചു കടക്കുമ്പോള്‍ സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുജാതയുടെ തല ശക്തമായി ഇടിക്കുകയായിരുന്നു. റോഡില്‍ രക്തംവാര്‍ന്നുകിടന്ന സുജാതയെ പുത്തന്‍ തെരുവില്‍നിന്നും കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവര്‍തന്നെ എടുത്ത് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെവിയിലൂടെ രക്തം വാര്‍ന്നു കൊണ്ടിരുന്ന സുജാതയെ അബോധാവസ്ഥയിലാണ്ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തരചികില്‍സകള്‍ നല്‍കിയെങ്കിലും തലച്ചോറിനകത്തുണ്ടായ രക്തസ്രാവവും ക്ഷതവും സ്ഥിതി വഷളാക്കി. വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ചതോടെ പ്രതീക്ഷ പൂര്‍ണ്ണമായും അസ്തമിച്ചു.
ഇതിനിടെ കരുനാഗപ്പള്ളി വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പിആര്‍ഒ ബന്ധുക്കളോട് അവയവദാനത്തിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞത്. വിദേശത്തുനിന്നും സംഭവവിവരമറിഞ്ഞ് നാട്ടിലെത്തിയ സുജാതയുടെ ഭര്‍ത്താവ ്കാര്‍ത്തികേയനോട് ഇതേപ്പറ്റിസംസാരിക്കുകയും ചിലബന്ധിക്കള്‍ വിസമ്മതം അറിയിച്ച് നില്‍ക്കുമ്പോള്‍ സുജാതയുടെ ഇളയമകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അഖില കാര്‍ത്തിക് നിശ്ചയദാര്‍ഢ്യത്തോടെ എന്റെ അമ്മ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് വേദനയോടെ പറഞ്ഞ വാക്കുകള്‍ ബന്ധുക്കള്‍ക്ക് പ്രചോദനമാവുകയായിരുന്നു. തുടര്‍ന്ന് അവയവദാനത്തിനുള്ള സമ്മതം ആശുപത്രി അധികൃതരെ അറിയിക്കുകയും ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ വിവരം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കിംസ് ആശുപത്രി, മെഡിസിറ്റി എന്നിവിടങ്ങളില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘം എത്തി അവയവദാനത്തിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. പൂര്‍ണ്ണമായും ആരോഗ്യമുള്ള രണ്ട് വൃക്കകളില്‍ ഒന്ന് മെഡിസിറ്റിയ്ക്കും കരളും മറ്റൊരു വൃക്കയും കിംസ് ആശപത്രിയ്ക്കും കണ്ണുകള്‍ രണ്ടും കൊല്ലം ജില്ലാആശുപത്രിയ്ക്കും കൈമാറുകയായിരുന്നു. 12 മണിയോടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ സംഘം മടങ്ങുകയും പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി കരുനാഗപ്പള്ളിതാലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കരുനാഗപ്പള്ളിയിലെ അറിയപ്പെടുന്ന ക്ഷീര കര്‍ഷക കുടുംബമാണ് സൂജാതയുടെ ഭര്‍തൃഗൃഹം. നാട്ടുകാര്‍ക്ക്ഏറെ പ്രിയങ്കരിയായിരുന്ന സുജാതയുടെ വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഗ്രാമം. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ആര്യകാര്‍ത്തിക് മറ്റൊരു മകളാണ്. മരുമകന്‍: സനുരാജ്. പ്രശസ്ത കലാകാരന്‍ ഒ മാധവന്റെ സഹോദരി പുത്രിയാണ്‌സുജാത.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss