|    Apr 23 Mon, 2018 11:28 am
FLASH NEWS

ഹൃദയത്തില്‍ സൂക്ഷിക്കാം

Published : 6th March 2016 | Posted By: sdq

കെ എം അക്ബര്‍

മൂന്ന് മലയാള ചിത്രങ്ങള്‍. ഒരു ഹിന്ദി ചിത്രം. 2005 മുതല്‍ 2016 വരെയുള്ള സിനിമാ ജീവിതം. 11 വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള രാജേഷ് പിള്ളയെന്ന മലയാള സിനിമാ സംവിധായകനെ മലയാളികള്‍ക്കു മറക്കാനാവില്ല. കാരണം പലര്‍ക്കും ‘യെസ്’ പറയാന്‍ ധൈര്യം നല്‍കിയത് രാജേഷ് പിള്ളയായിരുന്നു.

എന്നാല്‍, 2005നു മുമ്പുള്ള കാലം കയ്‌പേറിയതായിരുന്നു രാജേഷ് പിള്ളയ്ക്ക്. കഥ പറയാന്‍ ചെല്ലുന്നിടത്തൊക്കെ ആ സംവിധായകനെ പല നിര്‍മാതാക്കളും നാണം കെടുത്തി ഇറക്കിവിട്ടു. ചര്‍ച്ചയ്ക്കിരിക്കാമെന്ന് ഉറപ്പുകൊടുത്ത ശേഷം അടുത്തെത്തിയപ്പോള്‍ പല താരങ്ങളും ഒഴിഞ്ഞുമാറി. എന്നാല്‍, സിനിമ രാജേഷ് പിള്ളയ്ക്ക് ജീവിതത്തേക്കാള്‍ വലുതായിരുന്നു. 2005ല്‍ ആ സംവിധായകന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തി. ആദ്യചിത്രം ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാന വേഷത്തിലെത്തിയ സിനിമ തിയേറ്ററുകളില്‍ പരാജയം നേരിട്ടു.

HRIDAYATHIL SOOKSHIKKAM

സിനിമയുടെ യാത്രാനിയമങ്ങള്‍
തിരുത്തിയ ട്രാഫിക്ക്
പിന്നീട് ആറു വര്‍ഷത്തിനുശേഷം ആ സംവിധായകന്‍ തന്റെ രണ്ടാമത്തെ ചിത്രവുമായി വീണ്ടുമെത്തി. ബോബി-സഞ്ജയ് തിരക്കഥയിലായിരുന്നു രണ്ടാമത്തെ ചിത്രം. പേര് ‘ട്രാഫിക്ക്’. ആദ്യ സിനിമ പരാജയപ്പെട്ട ഫിലിംമേക്കറുടെ ഗംഭീര തിരിച്ചുവരവിനാണ് പിന്നീട് മലയാളസിനിമ സാക്ഷിയായത്. തളര്‍ന്നുവീണ ഒരു സംവിധായകന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ‘ട്രാഫിക്കി’ല്‍ തെളിഞ്ഞത്. മലയാള സിനിമയുടെ സ്ഥിരം യാത്രാനിയമങ്ങള്‍ ‘ട്രാഫിക്ക്’ പരസ്യമായി ലംഘിച്ചു.
2011 ജനുവരി ആദ്യവാരമാണ് ‘ട്രാഫിക്ക്’ തിയേറ്ററുകളിലെത്തിയത്. വലിയ താരനിരയൊന്നും ഇല്ലാതെ ശാന്തമായി എത്തിയ ചിത്രം. ആദ്യദിനം തിയേറ്ററുകളിലും വലിയ ആള്‍ത്തിരക്കുണ്ടായില്ല. മൂന്നു ദിവസം പിന്നിട്ടതോടെ തിയേറ്ററുകളിലേക്ക് ആളുകള്‍ ഇടിച്ചുകയറി. മൂന്നു കോടി ബജറ്റില്‍ പൂര്‍ത്തീകരിച്ച ചിത്രം, അതിന്റെ അഞ്ചിരട്ടിയോളം തുക തിയേറ്ററുകളില്‍ നിന്നു വാരിയെടുത്തു. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത അവതരണശൈലിയായിരുന്നു ‘ട്രാഫിക്കി’ന്റേത്. ആസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരായിരുന്നു താരങ്ങള്‍.
ഭരതന്റെയും വിജി തമ്പിയുടെയും സഹായിയായി പ്രവര്‍ത്തിച്ച രാജേഷ് പിള്ളയുടെ രണ്ടാംവരവ് അതോടെ വലിയ ചര്‍ച്ചയായി. പൊതുജനങ്ങളിലും ‘ട്രാഫിക്ക്’പുതിയ ചിന്തയ്ക്കു വഴിതെളിയിച്ചു. ‘ട്രാഫിക്ക്’ സിനിമയെ അനുസ്മരിപ്പിച്ച് തിരക്കേറിയ റോഡുകളിലെ ട്രാഫിക്കുകള്‍ ഒഴിവാക്കി കരളും ഹൃദയവും കേരളത്തിന്റെ കുറുക്കുവഴിയിലൂടെയും നിരത്തുകളിലൂടെയും കുതിച്ചുപാഞ്ഞു. ജനങ്ങളില്‍ അവയവദാനത്തിന്റെ പുതിയൊരു ചിന്തയ്ക്ക് അങ്ങനെ ‘ട്രാഫിക്ക്’ പ്രചോദനമായി. ‘നിങ്ങള്‍ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോവും. പക്ഷേ, നിങ്ങളുടെയൊരു ഒറ്റ ‘യെസ്’ ചിലപ്പോള്‍ ചരിത്രമാവും. വരാനിരിക്കുന്ന ഒരുപാടുപേര്‍ക്ക് ‘യെസ്’ പറയാന്‍ ധൈര്യം പകരുന്ന ചരിത്രം’. ‘ട്രാഫിക്ക്’ എന്ന സിനിമയും ഈ ഡയലോഗും മലയാള സിനിമയെ പുതുയുഗത്തിലേക്കു കൈപിടിച്ചു നടത്തുകയായിരുന്നു.

രാജേഷ് പിള്ള
ജങ്ക് ഫുഡിന്റെ ഇരയോ?
42ാം വയസ്സില്‍ വിടപറയാനുള്ള ഒരു ജീവിതമായിരുന്നോ അദ്ദേഹത്തിന്റേതെന്നു ശരിക്കും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, വിളിച്ചുവരുത്തിയ ഒരു മരണമായിരുന്നു രാജേഷ് പിള്ളയുടേതെന്ന് ചിലര്‍ പറയുന്നു. തെറ്റായ ഭക്ഷണക്രമമാണ് അദ്ദേഹത്തിനു കരള്‍രോഗം വരാനുള്ള കാരണമായി പറയുന്നത്. സിനിമയോടുള്ള അഗാധമായ പ്രണയത്തിനിടെ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചോ അതിനു സമയം കണ്ടെത്തുന്നതിനെ കുറിച്ചോ രാജേഷ് ആലോചിച്ചിരുന്നില്ല. ജങ്ക് ഫുഡിന്റെ ഒരു ആരാധകന്‍ കൂടിയായിരുന്നുവത്രേ അദ്ദേഹം. അതേസമയം 30 കുപ്പി സോഫ്റ്റ് ഡ്രിങ്ക് കുടിക്കാന്‍ മാത്രം മണ്ടനായിരുന്നില്ല രാജേഷെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ പറഞ്ഞു. സോഫ്റ്റ് ഡ്രിങ്കിന്റെ അമിത ഉപയോഗമായിരുന്നു മരണഹേതുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിക്കുകയും ചെയ്തു. ഭക്ഷണപ്രിയനായിരുന്ന രാജേഷ് വേണ്ടത്ര വ്യായാമം ചെയ്തിരുന്നില്ലെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. നല്ല വിശ്രമവും മികച്ച ചികില്‍സയും ഉണ്ടായിരുന്നെങ്കില്‍ രാജേഷിന്റെ ജീവിതം തിരിച്ചുപിടിക്കാമായിരുന്നു.
‘ട്രാഫിക്ക്’ സിനിമയുടെ ഹിന്ദി പതിപ്പ് ചെയ്യുമ്പോഴും, ‘മിലി’ ചെയ്യുമ്പോഴും ഏറ്റവുമൊടുവില്‍ ‘വേട്ട’ പൂര്‍ത്തിയാക്കുമ്പോഴുമെല്ലാം രോഗം രാജേഷ് പിള്ളയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, സിനിമയ്ക്കായിരുന്നു ആ സംവിധായകന്‍ പ്രാധാന്യം നല്‍കിയത്. അവസാനം പുറത്തിറങ്ങിയ ‘വേട്ട’യുടെ നിര്‍മാണവേളയില്‍ അധികസമയത്തും രാജേഷ് ആശുപത്രിയിലായിരുന്നു. ‘വേട്ട’യുടെ നിര്‍മാണവേളയില്‍ പലപ്പോഴും ഷൂട്ടിങ് സെറ്റില്‍ എത്തിയിരുന്നത് തന്നെ ആശുപത്രിയില്‍ നിന്നായിരുന്നു. ഡോക്ടര്‍മാര്‍ കര്‍ശനമായി വിശ്രമം നിര്‍ദേശിച്ചിരുന്നെങ്കിലും അതു വകവയ്ക്കാതെ വീണ്ടും തന്റെ ജീവനായ സിനിമയ്ക്കു പിന്നാലെയായി രാജേഷിന്റെ യാത്ര. ഒടുവില്‍ കരള്‍മാറ്റ ശസ്ത്രക്രിയയായിരുന്നു ഡോക്ടര്‍മാര്‍ രാജേഷ് പിള്ളയ്ക്ക് വിധിച്ചിരുന്നതെങ്കിലും അതിനു തയ്യാറാവും മുമ്പേ, ആ സംവിധായകന്‍ വിടപറഞ്ഞു. തന്റെ അവസാന ചിത്രമായ ‘വേട്ട’യുടെ വിജയവാര്‍ത്ത അറിയുന്നതിന് മുമ്പേ മരണം ആ സംവിധായകനെ വേട്ടയാടിയിരുന്നു. വേര്‍പാടുകളുടെ ഫെബ്രുവരിയിലെ ഒടുവിലത്തെ ഇരയായിരുന്നു മലയാള സിനിമയ്ക്ക് കരളു നല്‍കി മടങ്ങിയ ന്യൂ ജനറേഷന്‍ സംവിധായകന്‍ രാജേഷ് പിള്ള.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss