|    Jul 24 Mon, 2017 6:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹൃദയത്തില്‍ നിന്ന് ഒന്നര കിലോ ഭാരമുള്ള മുഴ നീക്കി

Published : 27th April 2016 | Posted By: SMR

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അത്യപൂര്‍വ ഹൃദയശസ്ത്രക്രിയാ വിജയവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. ഹൃദയത്തില്‍ നിന്ന് ഒന്നര കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ആറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം യൂനിറ്റ് ചീഫ് ഡോ. വി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ വിജയം കൈവരിച്ചത്.
യൂറോപ്പിലും സൗദിയിലുമുള്‍പ്പെടെ ഇതുപോലെയുള്ള രണ്ട് കേസുകളാണ് ലോകത്ത് ഇതേവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. വിഴിഞ്ഞം സ്വദേശിയായ 22 വയസ്സുള്ള യുവതിക്കാണ് അപൂര്‍വ ഹൃദയശസ്ത്രക്രിയ നടത്തിയത്.
ശ്വാസംമുട്ടലും കിതപ്പുമായാണ് യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് കോശിയുടെ വിദഗ്ധ പരിശോധനയില്‍ യുവതിയുടെ ഹൃദയത്തി ല്‍ ഏറെ വലുപ്പമുള്ള ഒരു ട്യൂമര്‍ ഉള്ളതായി കണ്ടെത്തി. ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴല്‍ ഈ ട്യൂമറിലൂടെയാണ് കടന്നുപോവുന്നതെന്ന് കൂടുതല്‍ പരിശോധനകളിലൂടെ വ്യക്തമായി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ട്യൂമര്‍ നീക്കം ചെയ്യാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. ഈയൊരു മുന്‍കരുതലോടെയാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. രക്തക്കുഴല്‍ ഉള്‍പ്പെടെയുള്ള ട്യൂമറിന്റെ ഭാഗം മുറിച്ചുമാറ്റി തുടിക്കുന്ന ഹൃദയത്തില്‍ പുതിയ രക്തക്കുഴല്‍ വച്ചുപിടിപ്പിച്ച് യുവതിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.
ഡോ. വി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ. സി വി വിനു, ഡോ. ബെന്റോയ് ജോണ്‍, അനസ്തീസ്യാ വിദഗ്ധരായ ഡോ. ഷീല വര്‍ഗീസ്, ഡോ. ഗോപാല കൃഷ്ണന്‍, ഡോ. അഡ്‌ലിന്‍, ഡോ. അരവിന്ദ് ജോണ്‍സന്‍, റേഡിയോളജി വിഭാഗത്തിലെ ഡോ. റൂമ മധുശ്രീധരന്‍ എന്നിവരോടൊപ്പം കാര്‍ഡിയാക് തിയേറ്റര്‍ സ്റ്റാഫ് നഴ്‌സുമാരും പാരമെഡിക്കല്‍ ജീവനക്കാരുമാണ് ശസ്ത്രക്രിയക്കു സഹായികളായത്. യുവതി സുഖംപ്രാപിച്ചു വരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക