|    Jan 21 Sat, 2017 9:58 am
FLASH NEWS

ഹൃദയത്തില്‍ ഒരു തിരയിളക്കം

Published : 8th October 2015 | Posted By: RKN

പാതയോരത്ത് /ഹര്‍ഷ് മന്ദര്‍

വെനീസിലാണ് ലോകത്തെ ഏറ്റവും ജനസ്വാധീനമുള്ള ചലച്ചിത്രോല്‍സവം നടക്കാറുള്ളത്. അത് ചലച്ചിത്രോല്‍സവങ്ങളുടെ പ്രതീകബിംബമാണെന്നു പറയാം. അവിടെ വച്ച് ഞാന്‍ രണ്ടു കുറിപ്പുകളയക്കുന്നു. 72ാമത് വെനീസ് ഫെസ്റ്റിവലില്‍ ഞാന്‍ പങ്കെടുത്തു. സിനിമ കണ്ടും ഉള്‍ക്കൊണ്ടും സിനിമയെക്കുറിച്ച് ചിന്തിച്ചുകൊണ്ടും സംസാരിച്ചുകൊണ്ടും ഞാന്‍ കഴിച്ചുകൂട്ടി. ലോകസിനിമയുടെ ഏറ്റവും മികച്ച നേട്ടങ്ങള്‍ ഒത്തുചേരുന്ന ഈ സംഗമത്തില്‍ ഇന്ത്യന്‍ സാന്നിധ്യം എത്രത്തോളം എന്നതിനെക്കുറിച്ചാണ് എന്റെ ആദ്യത്തെ കുറിപ്പ്. വളരെ നേരിയതായിരുന്നു അത്.

പക്ഷേ, ഏറെ പ്രസക്തം. ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ച 55 പുതിയ കഥാചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നുണ്ടായിരുന്നത്. ഇന്ത്യക്കകത്തുതന്നെ തീരെ അറിയപ്പെടാത്തവയായിരുന്നു ഈ രണ്ടു ചിത്രങ്ങളും. അവ ഊഷ്മളമായി സ്വാഗതം ചെയ്യപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തിയ കാണികള്‍ എഴുന്നേറ്റുനിന്ന് ഉദാരമായി കൈയടിച്ചാണ് അവയെ വരവേറ്റത്.

യുവസംവിധായകന്‍ ആര്‍ ഒബ്‌റോയിയുടെ ആദ്യ ചിത്രമായ ഐലന്‍ഡ് സിറ്റി നഗരജീവിതത്തിലെ സാര്‍വലൗകിക അനുഭവമായ ഏകാന്തത ചിത്രീകരിക്കാന്‍ കറുത്ത ഹാസ്യം ഉപയോഗിക്കുന്നു. മൂന്നു കഥകള്‍ ഹിന്ദിയിലുള്ള ഈ ചിത്രത്രയത്തിലുണ്ട്.  ആദ്യത്തെ കഥ ഒരു ആധുനിക ഓഫിസിന്റെ ആത്മാവില്ലാത്തതും ചൂഷണാത്മകവുമായ യന്ത്രവല്‍ക്കരണത്തിന്റേതാണ്.

ഒരു ദിവസം പോലും അവധിയെടുക്കാതിരിക്കുകയും സ്ഥാപനം പറയുന്ന എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന മാതൃകാ ജീവനക്കാരന് ഒരു ദിവസം ഉല്ലസിച്ചോളൂ എന്ന കല്‍പ്പന കിട്ടിയാല്‍ എന്താണ് സംഭവിക്കുക എന്നു ചിത്രം വ്യക്തമാക്കുന്നു. രണ്ടാമത്തെ ചിത്രം ഒരു മധ്യവര്‍ഗ കുടുംബജീവിതത്തിന്റെ ആഖ്യാനമാണ്. ടെലിവിഷന്‍ സീരിയലിലൂടെയാണ് ഈ ജീവിതം ചിത്രീകരിക്കുന്നത്. ഈ കുടുംബത്തിനു തങ്ങളുടെ നിത്യജീവിത യാഥാര്‍ഥ്യങ്ങളേക്കാള്‍ കൂടുതല്‍ യഥാര്‍ഥമായി അനുഭവപ്പെടുന്നത് സീരിയലിലെ സംഭവവികാസങ്ങളാണ്.

മൂന്നാമത്തെ ചിത്രത്തിന്റെ കഥ ഒരു ചോദ്യമുന്നയിക്കുന്നു: കൂട്ടുകാര്‍ ആരുമില്ലാത്ത, താന്‍ യാതൊരുവിധ ആകര്‍ഷകത്വവുമില്ലാത്ത വ്യക്തിയാണെന്നു കരുതുന്ന യുവതിക്ക്, അജ്ഞാതനായ ഒരു ആരാധകനില്‍ നിന്ന് ഒരു എഴുത്തു കിട്ടുമ്പോള്‍ എന്തു സംഭവിക്കുമെന്ന ചോദ്യമാണിത്. ഫെസ്റ്റിവലിന്റെ ക്ലാസിക് വിഭാഗത്തില്‍ ഇന്ത്യ ആഘോഷിക്കപ്പെടുകയുമുണ്ടായി. ആദരിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ കൂട്ടത്തില്‍ വളരെ പണിപ്പെട്ട് പ്രിന്റിലെ കേടുപാടുകള്‍ തീര്‍ത്തെടുത്ത ഗുരുദത്തിന്റെ വ്യാസ എന്ന ക്ലാസിക് ചിത്രവുമുണ്ടായിരുന്നു.

ചിത്രം നിര്‍മിച്ച് 58 കൊല്ലത്തിനു ശേഷവും ഭൗതികജീവിത വിജയത്തിന്റെ നിരര്‍ഥകതയെക്കുറിച്ചുള്ള ഗുരുദത്തിന്റെ കാവ്യാത്മകവും വിഷാദാര്‍ദ്രവുമായ വിലാപം കലാതല്‍പ്പരരായ സമകാലിക യൂറോപ്യന്‍ കാണികളുടെ ഹൃദയങ്ങളില്‍ അനുരണനമുണ്ടാക്കി എന്ന സംഗതി എടുത്തുപറയേണ്ടതാണ്. കാലദേശങ്ങള്‍ക്കതീതമായി വര്‍ത്തിക്കുന്ന ഒന്നാണല്ലോ കല. ചലച്ചിത്രോല്‍സവത്തിന്റെ 83 വര്‍ഷക്കാലത്തെ ചരിത്രത്തിനിടയില്‍ ഇത്തവണ ആദ്യമായി ഒരു തമിഴ് ചിത്രം മല്‍സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതൊരു അഭിമാനകരമായ സംഗതിയാണ്. വെട്രിമാരന്റെ വിസാരണ എന്ന ചിത്രമല്ല, അതിനു പിന്നിലുള്ള കഥയാണ് നമ്മെ അമ്പരപ്പിക്കുന്നത്.

പത്താം ക്ലാസില്‍ പഠിപ്പു നിര്‍ത്തി ഓട്ടോറിക്ഷ ഓടിക്കാന്‍ പോയ എം ചന്ദ്രകുമാര്‍ എന്ന ഡ്രൈവര്‍ എഴുതിയ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിട്ടുള്ളത്. ഇപ്പോള്‍ പ്രായം അമ്പതില്‍ എത്തിനില്‍ക്കുന്ന ചന്ദ്രകുമാര്‍ കോയമ്പത്തൂര്‍ നഗരത്തെരുവുകളിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ കിട്ടുന്ന ഒഴിവുസമയങ്ങളിലാണ് നോവലുകള്‍ എഴുതുന്നത്. ഇവയില്‍ ഒരു നോവല്‍ സ്വന്തം അനുഭവത്തെ ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഒന്നാണ്. അന്യദേശ തൊഴിലാളിയെന്നു കരുതി അയാളെയും മൂന്നു യുവാക്കളെയും പോലിസ് പിടിച്ചുകൊണ്ടുപോയി തങ്ങള്‍ ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരില്‍ ഭീകരമായി മര്‍ദ്ദിച്ച അനുഭവത്തെ ആധാരമാക്കി എഴുതിയ നോവലാണത്.

വെനീസില്‍ വച്ച് സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ചന്ദ്രകുമാറിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുമുണ്ടായ വ്യഥകള്‍ ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തുടനീളം കുടിയേറ്റക്കാരും നാടും വീടുമില്ലാത്തവരും ഈ വിധിയാണ് പങ്കിടുന്നത്. ലോകത്തെല്ലായിടത്തും നീതി ലഭിക്കുന്നതിനു വേണ്ടി ജയിലഴികള്‍ക്കു പിന്നില്‍ കാത്തിരിക്കുന്ന മുഖമില്ലാത്ത ആയിരങ്ങളുടെ മുഖമുദ്രയാവാം അവരുടെ കഷ്ടപ്പാടുകള്‍ എന്നാണ് ഞാന്‍ ആലോചിച്ചത്.” ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ എത്തിപ്പെട്ട നാലു തമിഴ് യുവാക്കളുടെ ഭയാനകമായ ജീവിത ദൈന്യതകളെയാണ് ചിത്രം വരച്ചുകാട്ടുന്നത്.

രാത്രിസമയത്ത് പൊതുസ്ഥലത്ത് കിടന്നുറങ്ങുകയും ചില്ലറ തൊഴിലുകള്‍ എടുത്തും കടകളില്‍ വില്‍പ്പനക്കാരായി പണിയെടുത്തും മറ്റും അഷ്ടിക്കു വക കണ്ടെത്തുന്നവരാണ് ഈ യുവാക്കള്‍. പൊടുന്നനെ ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ അവരെ പോലിസ് വളഞ്ഞു. അവരെ നഗ്നരാക്കി നിര്‍ത്തി ദയാരഹിതമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

തങ്ങള്‍ ചെയ്യാത്ത ഒരു കുറ്റം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ മര്‍ദ്ദനം. അവര്‍ നിരപരാധികളാണെന്നു പോലിസുകാര്‍ക്ക് അറിയാം. സ്വാധീനശക്തിയുള്ള ഒരു വ്യക്തിയുടെ വീട്ടില്‍ നടന്ന വമ്പന്‍ മോഷണത്തിലെ കുറ്റക്കാരെ കണ്ടെത്തിയെന്നു വരുത്തിത്തീര്‍ത്ത് ‘പ്രശ്‌നം പരിഹരിക്കാനു’ള്ള കനത്ത സമ്മര്‍ദ്ദം മൂലമായിരുന്നു അവര്‍ അങ്ങനെ ചെയ്തത്.

ആ യത്‌നത്തില്‍ അവര്‍ നിസ്സഹായരായ ഈ അന്യദേശക്കാരെ കെണിയില്‍ അകപ്പെടുത്തിയെന്നു മാത്രം. മര്‍ദ്ദനത്തിന്റെ അതിഭീകരമായ ചിത്രീകരണം വളരെ വിശദമാണ്, എന്നാല്‍ ആധികാരികവുമാണ്. പക്ഷേ, വെറുതെ പറയുന്ന മട്ടിലല്ല മര്‍ദ്ദനം ചിത്രീകരിച്ചിട്ടുള്ളത്. അധഃസ്ഥിതരായ ഈ ചെറുപ്പക്കാരോട് സംവിധായകനുള്ള അനുഭാവം സൂചിപ്പിക്കുന്ന മാനുഷിക നിരീക്ഷണങ്ങള്‍ സദാ ഈ ദൃശ്യങ്ങള്‍ക്ക് തെളിച്ചം നല്‍കുന്നു.

ഈ നാലു ചെറുപ്പക്കാരുടെയും കഷ്ടപ്പാടുകളുടെയും സഹനത്തിന്റെയും അവര്‍ ഒരുമിച്ചുനിന്നു ചെറുത്തുനില്‍ക്കുന്നതിന്റെയും 13 ദിവസം നീണ്ടുനിന്ന മര്‍ദ്ദനങ്ങള്‍ക്ക് കീഴൊതുങ്ങിക്കൊടുക്കുന്നതിന്റെ രീതികളുടെ നടുക്കമുളവാക്കുന്ന ആഖ്യാനം ഹൃദയവും മനസ്സാക്ഷിയുമുള്ള യഥാതഥ സിനിമയുടെ മികച്ച പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായാണെന്ന് എനിക്കു തോന്നുന്നു.

ദശലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ ലോകത്തുടനീളം വീടു വിട്ടിറങ്ങുകയും അതിജീവനത്തിനു വേണ്ടി അതിര്‍ത്തികള്‍ താണ്ടിക്കടക്കുകയും ചെയ്യുന്നു. പലപ്പോഴും അവര്‍ തങ്ങള്‍ ഒരിക്കലും ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ നിയമപാലകര്‍ ഒരുക്കിയ കെണികളില്‍ അകപ്പെടുന്നു. ഈ അവസ്ഥയില്‍ വെട്രിമാരന്‍ ഈ സിനിമയുടെ കഥയ്ക്കുള്ള സാര്‍വലൗകികതയുടെ കാര്യത്തില്‍ കൃത്യമായ നിലപാടാണ് പുലര്‍ത്തുന്നത്. ചിത്രത്തില്‍ ഇത്തിരിയെങ്കിലും മനസ്സാക്ഷിയുള്ള ഒരു മജിസ്‌ട്രേറ്റിന്റെയും പോലിസ് ഉദ്യോഗസ്ഥന്റെയും മധ്യസ്ഥത ചെറുപ്പക്കാരെ വെറുതെ വിടാന്‍ നിമിത്തമായിത്തീര്‍ന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈ സുഹൃത്തുക്കള്‍ കുറേക്കൂടി ഇരുണ്ട ഒരു കുറ്റകൃത്യത്തിലേക്കു നയിക്കപ്പെടുന്നു.

അതൊരു ത്രില്ലര്‍ ചിത്രത്തിന്റെ കൂടുതല്‍ യാഥാസ്ഥിതികമായ രീതിയിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ചിത്രത്തിന്റെ പ്രദര്‍ശനവേളയില്‍ വെനീസില്‍ എഴുത്തുകാരനും സംവിധായകനും നായക കഥാപാത്രങ്ങളായി വേഷമിട്ട നാലു നടന്മാരും സന്നിഹിതരായിരുന്നു. അലക്കി ഇസ്തിരിയിട്ട തിളങ്ങുന്ന വെള്ള വേഷ്ടി ധരിച്ചാണ് നാലു പേരും പ്രത്യക്ഷപ്പെട്ടത്. അവരെ കാണികള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.

പേരു വിളിക്കുമ്പോള്‍ ആദ്യം തന്നെ ഓട്ടോ ഡ്രൈവറായ കഥാകൃത്ത് ചന്ദ്രകുമാറിനെ വേദിയില്‍ വരുത്തി പരിചയപ്പെടുത്താനുള്ള മഹാമനസ്‌കത കാണിക്കുകയുണ്ടായി സംവിധായകന്‍. കാണികള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുകയും കൈയടിക്കുകയും ചെയ്യുമ്പോള്‍, എന്റെ ഹൃദയത്തില്‍ ഒരു തിരയിളക്കമുണ്ടായെന്നു സമ്മതിച്ചേ തീരൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 151 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക