|    Apr 24 Tue, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹുര്‍രിയത്തുമായി ചര്‍ച്ച നടത്താത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ ഹുര്‍രിയത് കോണ്‍ഫറന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവാത്ത കേന്ദ്രസര്‍ക്കാരിന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വിമര്‍ശനം. കശ്മീരില്‍ സാധാരണ നില സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണു വിഷയം കൈകാര്യംചെയ്തതെന്നു പഠിക്കാന്‍ ബിജെപി തയ്യാറാവണമെന്ന് അയ്യര്‍ പറഞ്ഞു. കശ്മീരില്‍ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ട 1990ലേതിനു സമാനമായ സാഹചര്യത്തിലേക്കാണു നാം പോവുന്നതെന്നു തനിക്ക് ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ്സിന്റെ അനുഭവത്തില്‍ നിന്നു പാഠം പഠിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറാവണമെന്നും അയ്യര്‍ പറഞ്ഞു.
എന്നാല്‍ ചരിത്രത്തില്‍ നിന്നു പാഠം പഠിക്കാന്‍ തയ്യാറാവാത്തവിധം കോണ്‍ഗ്രസ്സിനോടുള്ള ബിജെപിയുടെ മുന്‍വിധി ശക്തമാണെന്നു താന്‍ സംശയിക്കുന്നതായി അയ്യര്‍ പറഞ്ഞു. ഭീകരവാദത്തിനെതിരേ ശക്തമായ നിലപാടെടുക്കുന്നതു ശരിയാണെങ്കിലും അതേ സമയം തന്നെ ശക്തമായ രാഷ്ട്രീയ പ്രക്രിയയും സമാന്തരമായി മുന്നോട്ടുപോവണമെന്നും അയ്യര്‍ പറഞ്ഞു. നമ്മള്‍ അംഗീകരിക്കാത്തവരുമായി പോലും രാഷ്ട്രീയ സംവാദം നടത്തുകയെന്നത് അനിവാര്യമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മോദീജി പറയുന്നത് ചൈനയുമായി നമുക്ക് വിയോജിപ്പുണ്ടെങ്കിലും നാമവരുമായി സംസാരിക്കണമെന്നാണ്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം ഹുര്‍രിയത്തുമായി സംസാരിക്കാന്‍ തയ്യാറാവാത്തത്? എന്തു കൊണ്ടാണു വിദ്യാര്‍ഥികളുമായി സംസാരിക്കാത്തത്? എന്തുകൊണ്ടാണ് ഹുര്‍രിയത്തുമായി ചര്‍ച്ചയിലേര്‍പ്പെടാന്‍ സഖ്യകക്ഷിയായ മെഹബൂബയെ അനുവദിക്കാത്തത്? അയ്യര്‍ ചോദിച്ചു.
കശ്മീരില്‍ അസംതൃപ്തരായ വിഭാഗങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ മോദിയോടും ആഭ്യന്തരമന്ത്രി രാജ്‌നാഥിനോടും അയ്യര്‍ ആവശ്യപ്പെട്ടു. കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിനു കാരണക്കാര്‍ ബിജെപിയാണ്. സ്വയം നിര്‍ണയാവകാശത്തിനു വേണ്ടിയും സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെയും കശ്മീരില്‍ പൊതുജനവികാരം ശക്തമാണ്. കഴിഞ്ഞദിവസം കശ്മീരില്‍ ഏറ്റവും ജനകീയനായ സായുധ പോരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിസ്ബുല്‍ മുജാഹിദീന്‍ അംഗം ബുര്‍ഹാന്‍ വാണി (21) കൊല്ലപ്പെട്ടത് സംഘര്‍ഷങ്ങള്‍ക്കിടയാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss