|    Aug 21 Tue, 2018 11:10 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹുദൈദയില്‍ സൗദി-യുഎഇ വ്യോമാക്രമണം; 55 പേര്‍ കൊല്ലപ്പെട്ടു

Published : 4th August 2018 | Posted By: kasim kzm

സന്‍ആ/ന്യൂയോര്‍ക്ക്: യമനില്‍ ഹുഥി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദയില്‍ സൗദി-യുഎഇ സഖ്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 55 പേര്‍ കൊല്ലപ്പെട്ടു. ഹുദൈദയിലെ അല്‍ തൗറ ആശുപത്രിക്കും മല്‍സ്യമാര്‍ക്കറ്റിനും നേരെയായിരുന്നു ആക്രമണം. 124 പേര്‍ക്ക് പരിക്കേറ്റു.
വ്യോമാക്രമണത്തെ തുടര്‍ന്ന് മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 50 പേരുടെ നില ഗുരുതരമാണെന്നു റെഡ്‌ക്രോസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് മതിയായ ചികില്‍സ നല്‍കാന്‍ സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണെന്നു ഹുദൈദ ആരോഗ്യമന്ത്രി താഹാ മുതവക്കില്‍ അറിയിച്ചു. സൗദിസഖ്യത്തിന്റെ ആക്രമണം പൈശാചികമാണെന്നു അദ്ദേഹം ആരോപിച്ചു. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള, വിദേശത്തു കഴിയുന്ന അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിനായി 2015 മാര്‍ച്ചിലാണ് സൗദിയും യുഎഇയും യമനില്‍ ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം തുടങ്ങിയത്.
അതേസമയം യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനു സപ്തംബര്‍ ആറിന് ജനീവയില്‍ ചര്‍ച്ച നടത്തുമെന്നു യമനിലെ യുഎന്‍ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി യമന്‍ സര്‍ക്കാര്‍ പ്രതിനിധികളെയും ഹൂഥി വിമതരെയും ജനീവയിലേക്ക് വിളിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.യുഎന്‍ രക്ഷാസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ട ചര്‍ച്ച സപ്തംബര്‍ ആറിന് നടക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss