|    Dec 13 Thu, 2018 7:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹുദെയ്ദ : 43 വിമതര്‍ കൊല്ലപ്പെട്ടു

Published : 12th November 2018 | Posted By: kasim kzm

ഏദന്‍: യമനിലെ ഹുദെയ്ദ തുറമുഖ നഗരത്തില്‍ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാര്‍ അനുകൂല സൈനിക സഖ്യത്തിന്റെ ആക്രമണങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 43 ഹൂഥി വിമതര്‍ കൊല്ലപ്പെട്ടു. ഹുദെയ്ദ നഗരത്തില്‍ ഹാദി സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. നഗരത്തില്‍ ഹൂഥി നിയന്ത്രണത്തിലുള്ള കിഴക്കന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍.
കരയുദ്ധത്തിലും ഹാദി സര്‍ക്കാരിനെ പിന്തുണച്ച് സൗദി-യുഎഇ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിലുമാണ് വിമതര്‍ കൊല്ലപ്പെട്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. പരിക്കേറ്റ നിരവധി ഹൂഥികളെ സനാ, ഇബ്ബ് പ്രവിശ്യകളിലെ ആശുപത്രികളിലേക്ക് മാറ്റിയതായി ഹുദെയ്ദ സൈനിക ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ ഒമ്പത് യെമനി സൈനികര്‍ കൊല്ലപ്പെട്ടതായി മോഷ നഗരത്തിലെ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹുദെയ്ദയില്‍ നിന്ന് 170 കിലോമീറ്ററോളം അകലെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മോഷ നഗരം.
യമനില്‍ ചെങ്കടല്‍ തീരത്തുള്ള ഹുദെയ്ദ നഗരമാണ് നിലവില്‍ ഹൂഥികളും ഹാദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൗദി-യുഎഇ നേതൃത്വത്തിലുള്ള സൈനിക സഖ്യവും തമ്മിലുള്ള പോരാട്ടം ഏറ്റവും രൂക്ഷമായ മേഖല. ഈമാസം മൂന്നാം തിയ്യതിക്കുശേഷം സൗദി സഖ്യസേന നഗരത്തില്‍ 200ലധികം വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. 400ലധികം വിമതര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 23 സാധാരണക്കാര്‍ ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് യുഎന്നിന്റെ കണക്ക്. 4.45 ലക്ഷത്തോളം പേര്‍ക്ക് ഹുദെയ്ദയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്നു.
നഗരത്തിലെ കൂടുതല്‍ ഭാഗങ്ങള്‍ കഴിഞ്ഞദിവസം ഹാദി അനുകൂല സൈന്യം വിമതരില്‍ നിന്ന് പിടിച്ചടക്കിയിരുന്നു. നഗരത്തിലെ പ്രധാന ആശുപത്രിയും വ്യവസായ മേഖലയുമടക്കമുള്ള പ്രദേശങ്ങളാണ് പിടിച്ചടക്കിയത്. ആങ്കറ: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ അവസാന സംഭാഷണത്തിന്റെ ശബ്ദരേഖ ലഭിച്ചതായി തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍. താന്‍ ശ്വാസം കിട്ടാതെ വീര്‍പ്പുമുട്ടുന്നുവെന്നും ശ്വാസംമുട്ടിച്ചു കൊല്ലുന്നതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് കവര്‍ എടുത്തുമാറ്റാനും ഖഷഗ്ജി മരണസമയത്ത് പറഞ്ഞതായി ഡെയ്‌ലി സബാഹ് ദിനപത്രത്തിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാവി നാസിഫ് കറമാന്‍ പറഞ്ഞു. താന്‍ ഇടുങ്ങിയ സ്ഥലങ്ങളെ ഭയക്കുന്ന ആളാണെന്നും ഖഷഗ്ജി പറഞ്ഞിരുന്നു. മുഖം പ്ലാസ്റ്റിക് കവറിനകത്താക്കി ശ്വാസം മുട്ടിച്ചാണ് ഖഷഗ്ജിയെ സൗദി സംഘം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഏഴ് മിനിറ്റോളം സമയമെടുത്തതായും കറമാന്‍ പറഞ്ഞു.
ഖഷഗ്ജി വധവുമായി ബന്ധപ്പെട്ട ശബ്ദരേഖകള്‍ സൗദി അറേബ്യ, യുഎസ്, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ക്ക് കൈമാറിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ഇസ്താംബൂളില്‍ വിമാനമിറങ്ങിയ 15 പേരില്‍ ഒരാളാണ് കൊലയാളിയെന്ന് സൗദിക്ക് അറിയാമെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ഖഷഗ്ജിയുടെ മൃതദേഹം നശിപ്പിക്കുന്നതിനു മുമ്പായി സൗദി സംഘം തറയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചിരുന്നതായി നാസിഫ് കറമാന്‍ പറഞ്ഞു. സൗദി ഫോറന്‍സിക് സയന്റിഫിക് കൗണ്‍സില്‍ തലവന്‍ സലാഹ് അല്‍ തുബെയ്ജിയാണ് മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയത്. 15 മിനിറ്റ് സമയമെടുത്താണ് അത് പൂര്‍ത്തിയാക്കിയതെന്നും കറമാന്‍ പറഞ്ഞു.
ഖഷഗ്ജിയുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുര്‍ക്കി പോലിസ് അവസാനിപ്പിക്കാനൊരുങ്ങുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ കൊലപാതകം സംബന്ധിച്ച അന്വേഷണം തുടരും. ഇസ്താംബൂളില്‍ സൗദി കോണ്‍സുല്‍ ജനറലുടെ വസതിയില്‍ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഖഷഗ്ജിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചതായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി കോണ്‍സുലര്‍ ജനറലുടെ വസതിയിലേക്ക് കൊണ്ടുപോയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊലപാതകത്തിനും മൃതദേഹം നശിപ്പിക്കുന്നതിനുമായി സൗദി സംഘം ഉപയോഗിച്ച ഉപകരണങ്ങളുടെ ദൃശ്യം ഡെയ്‌ലി സബാഹ് ഉടന്‍ പുറത്തുവിടുമെന്ന് കറമാന്‍ അറിയിച്ചു. ഖഷഗ്ജിയുടെ അവസാന സമയങ്ങള്‍ രേഖപ്പെടുത്തിയ ശബ്ദരേഖകളും ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss