|    Aug 17 Thu, 2017 5:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹുംസ് : ഐഎസ് ശക്തികേന്ദ്രം സിറിയന്‍ സേന തിരിച്ചുപിടിച്ചു

Published : 7th August 2017 | Posted By: fsq

 

ബെയ്‌റൂത്ത്: സിറിയയിലെ ഹുംസ് പ്രവിശ്യയില്‍ ഐഎസ് നിയന്ത്രണത്തിലുള്ള നഗരം സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. പ്രവിശ്യയില്‍ ഐഎസിന്റെ അവസാന ശക്തികേന്ദ്രമായ അല്‍ സുഖ്‌ന നഗരത്തിലാണ് സിറിയന്‍ സേന നിയന്ത്രണം നേടിയത്. ഐഎസും സൈന്യവുമായി ഇവിടെ ശക്തമായ ഏറ്റുമുട്ടലുകള്‍ തുടരുന്നതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നഗരത്തില്‍ റഷ്യന്‍സേന വ്യോമാക്രമണം നടത്തിയതായും ഒബ്‌സര്‍വേറ്ററി അറിയിച്ചു. ഐഎസ് സ്വാധീനത്തിലുള്ള ദേര്‍ അസ് സോര്‍ മേഖലയില്‍നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് അല്‍ സുഖ്‌ന. ദേര്‍ അസ് സോറിലേക്കുള്ള പ്രധാന പാത ഈ നഗരത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതോടെ ദേര്‍ അസ് സോര്‍ ലക്ഷ്യമിട്ടുള്ള സിറിയന്‍ സേനാ നീക്കങ്ങള്‍ വേഗത്തിലാവുമെന്നാണ് കരുതുന്നത്. 2015 മുതല്‍ ദേര്‍ അസ് സോര്‍ ഐഎസ് നിയന്ത്രണത്തിലാണ്.അല്‍ സുഖ്‌ന തിരിച്ചുപിടിച്ചതായി സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. എന്നാല്‍, നഗരത്തെ മൂന്നു ദിശകളില്‍നിന്നു സൈന്യം വളഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന ശനിയാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം മെയിലാണ് പ്രവിശ്യയില്‍ റഷ്യയുടെ വ്യോമപിന്തുണയോടെ സിറിയന്‍സഖ്യം സൈനികനീക്കം ആരംഭിച്ചത്. സിറിയയില്‍ റഖ, ഹമ പ്രവിശ്യകളിലും ഐഎസ് തിരിച്ചടി നേരിടുന്നതായാണ് റിപോര്‍ട്ടുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക